അബുദാബി : രാജ കുടുംബാംഗം ശൈഖ് തഹ്‍നൂൻ ബിൻ മുഹമ്മദ് അല്‍ നഹ്യാന്‍ (82) അന്തരിച്ചു. അബുദാബി ഭരണാധികാരിയുടെ അല്‍ ഐന്‍ മേഖല പ്രതിനിധി ആയിരുന്നു ശൈഖ് തഹ്‍നൂൻ ബിൻ മുഹമ്മദ് അല്‍ നഹ്യാന്‍. അബുദാബിയിലെ പ്രസിഡൻഷ്യൽ കോർട്ട് ഇന്നലെ (മെയ് 1 ബുധനാഴ്ച) രാത്രിയായിരുന്നു മരണ വിവരം അറിയിച്ചത്.
യു. എ. ഇ. രൂപീകരിച്ചത് മുതൽ കിഴക്കന്‍ പ്രവിശ്യയിലെ പ്രതിനിധിയായി ശ്രദ്ധേയ പ്രവർത്തനങ്ങൾ കാഴ്ച വെച്ച മികച്ച ഭരണാധികാരി കൂടിയാണ്. 1942 ല്‍ അല്‍ ഐനിലാണ് ജനനം.
രാഷ്ട്ര പിതാവ് അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ്റെ ഏറ്റവും അടുത്തയാളും ഭരണ തന്ത്രജ്ഞനും കൂടിയായിരുന്നു.
അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍, അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) ചെയര്‍മാന്‍, സുപ്രീം പെട്രോളിയം കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാൻ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
അദ്ദേഹത്തിനോടുളള ആദര സൂചകമായി ബുധനാഴ്ച മുതൽ രാജ്യത്ത് ഏഴു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. വ്യാഴാഴ്ച അസർ നിസ്കാര ശേഷം ഖബറടക്കം നടത്തും
* Image Credit : UAE News Agency W A M
- pma