അബുദാബി : ചരിത്ര രചനയുടെ രീതി ശാസ്ത്രം മാറ്റി യെഴുതിയതാണ് കൊസാമ്പി യുടെ മുഖ്യ സംഭാവനയെന്നു പ്രൊഫസര്‍ വി. കാര്‍ത്തികേയന്‍ . കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിച്ച ” കൊസംബിക്ക് ചരിത്ര പ്രണാമം”പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു പ്രൊഫസര്‍. തന്റെ വിഖ്യാത പ്രബന്ധങ്ങളിലൂടെ, ചരിത്ര പുസ്തകങ്ങളിലൂടെ ഭാവി ചരിത്രകാരന്മാര്‍ക്ക് കൊസാമ്പി പുതു വഴി വെട്ടി. രാജവംശങ്ങളുടെ കഥ പറച്ചിലില്‍ നിന്ന് മാറി, ഉപകരണങ്ങള്‍ ഉണ്ടാക്കി നവീകരിച്ചു വളരുന്ന മനുഷ്യന്റെ വികാസമാണ് ചരിത്രമെന്ന് തന്റെ ഭാഷാ, പുരാവസ്തു, കാര്‍ബണ്‍ ഡേറ്റിംഗ് പഠനങ്ങളുടെ വെളിച്ചത്തില്‍ സമര്‍ഥിച്ചു. മിച്ച മൂല്യമുണ്ടാക്കുന്ന പ്രാചീന സമൂഹത്തിന്റെ കൂട്ടായ ജീവിതം കൊസംബിയെ ആകര്‍ഷിച്ചു. എസ്. എ. ദാങ്കേയുടെ ചരിത്ര പുസ്തകം വിമര്‍ശന യോഗ്യമല്ലെന്ന് നിശിതമായി പരാമര്‍ശിച്ച കൊസാമ്പി പക്ഷെ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ചരിത്രം നയിക്കാനുള്ള കരുത്തു തിരിച്ചറിഞ്ഞു. മുകളില്‍ നിന്ന് അടിച്ചേല്‍പ്പിക്കുന്നതും, സ്വയം വരിക്കുന്നതുമായ ഇന്ത്യന്‍ ഫ്യൂഡല്‍ സവിശേഷതകള്‍, ജാതി വ്യവസ്ഥയുടെ അടി വേരുകള്‍ എന്നിവയ്ക്ക് ഇന്ത്യന്‍ ചരിത്രത്തിലുള്ള പ്രാധാന്യം കൊസംബി തിരിച്ചറിഞ്ഞു. നെഹ്രുവിയന്‍ വികസന മാതൃകയെ വിമര്‍ശിച്ച കൊസംബി പീപ്പിള്‍ പ്ലാനിംഗിനെ പ്രതീക്ഷയോടെ നോക്കി. പോസ്റ്റ് മോഡേണിസത്തെ വിമര്‍ശിക്കവേ വന്‍ മൂലധനമിട്ട് മാധ്യമങ്ങള്‍ വഴി ചരിത്രത്തിന്റെ അന്ത്യം കുറിക്കാനെത്തുന്നവരെ കരുതിയിരിക്കാന്‍ പ്രൊഫസര്‍ വി. കാര്‍ത്തികേയന്‍ ആഹ്വാനം ചെയ്തു.
സദസ്സില്‍ നിന്നു ജലീല്‍, അജി രാധകൃഷ്ണന്‍, റൂഷ് മഹര്‍, ജോഷി, സന്തോഷ്, ശ്രീജിത്ത്, ഷെറിന്‍, ഹുമയൂണ്‍ കബീര്‍ തുടങ്ങിയവര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് പ്രൊഫസര്‍ വി. കാര്‍ത്തികേയന്‍ മറുപടി നല്‍കി. കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട് കെ. ബി. മുരളി അധ്യക്ഷനായിരുന്നു. വനിതാ വിഭാഗം സെക്രടറി ശഹിധാനി വാസു അതിഥിക്ക് ബൊക്കെ നല്‍കി. ദേവിക സുധീന്ദ്രന്‍ കൊസംബിയുടെ ജീവിതവും രചനകളും പരിചയപ്പെടുത്തി. റഹിം കൊട്ടുകാട് (ശക്തി), ധനേഷ് (ശാസ്ത്ര പരിഷത്ത്) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സാഹിത്യ വിഭാഗം സെക്രട്ടറി സുരേഷ് പാടൂര്‍ സ്വാഗതവും ജോയിന്റ് സെക്രടറി ഷെറിന്‍ നന്ദിയും പറഞ്ഞു.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, കേരള സോഷ്യല്‍ സെന്റര്‍