അബുദാബി : ഭൂമിയിലെ ജീവിത സുഖത്തിനു വേണ്ടി എന്തു ത്യാഗവും ചെയ്യുന്ന മനുഷ്യന്‍ നാളെ പരലോക ജീവിത ത്തിനു വേണ്ടിയും പ്രയത്നിക്കേണ്ടത് ബാദ്ധ്യത യാണ് എന്നും നാം ആരാണെന്നും എന്തിനു സൃഷ്ടിക്കപ്പെട്ടു എന്നും സ്വയം വിലയിരുത്തു മ്പോഴാണ് മാനവര്‍ വിജയം കൈ വരിക്കുക എന്നും പ്രമുഖ വാഗ്മിയും ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടറുമായ റഹ്മത്തുള്ള ഖാസിമി മൂത്തേടം ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിച്ച റമദാന്‍ പ്രഭാഷണത്തില്‍ പറഞ്ഞു.
കുറഞ്ഞ അദ്ധ്വാനം കൊണ്ട് കൂടുതല്‍ പ്രതിഫലം ആഗ്രഹിക്കുന്നവരാണ് മനുഷ്യര്‍. അതു കൊണ്ടാണ് പ്രവാസ ത്തിന്റെ എല്ലാ കഷ്ടപ്പാടുകളും സ്വമേധയാ സ്വീകരിക്കുന്നത്. പ്രവാസ ജീവിതവും പരലോക ജീവിതവും തമ്മില്‍ താരതമ്യം ചെയ്തു കൊണ്ട് ഇസ്ലാമിക് സെന്ററില്‍ തിങ്ങി നിറഞ്ഞ സദസ്സിനോട് അദ്ദേഹം പറഞ്ഞു.
നിരന്തരം സൃഷ്ടാവിനെ സ്മരിച്ചാല്‍ തന്നെ സ്വര്‍ഗ്ഗം കരഗതമാവും. വെളിച്ചം അല്ലാഹു വിന്റെ കല്പനകളും ശാസനകളുമാണ്. ആ വെളിച്ചത്തിലാവണം ജീവിതം. പണവും കരുത്തും ശാശ്വത ജീവിതത്തിന്റെ അടയാളങ്ങള്‍ അല്ല ലോകം ഭരിച്ചവര്‍ ഒക്കെയും മണ്ണടിഞ്ഞു. എല്ലാ കഴിവും നേടിയവര്‍ എന്തു കൊണ്ട് നിലച്ചു പോയ പ്രാണന്‍ വീണ്ടെടുക്കുന്നില്ല എന്ന ഖുര്‍ആന്റെ ചോദ്യത്തിന് ഇന്നു വരെ മറുപടി തരാന്‍ ആര്‍ക്കുമായിട്ടില്ല. കഴിവുകള്‍ എല്ലാം സര്‍വ്വശക്തനില്‍ നിക്ഷിപ്തമാണ്. ആരാധന ഹൃദയപൂര്‍വ്വം നിര്‍വ്വഹിക്കണം. ബാഹ്യമോടി പ്രതിഫലമേകില്ല. അദ്ദേഹം വിശദീകരിച്ചു.
പ്രമുഖ വാഗ്മിയും കേന്ദ്ര ഹജ്ജ് കമ്മിറ്റി മുന്‍ വൈസ് ചെയര്‍മാനുമായ പ്രൊഫസര്‍ ആലിക്കുട്ടി മുസ്ല്യാര്‍ പരിപാടി ഉല്‍ഘാടനം ചെയ്തു. സെന്റര്‍ പ്രസിഡന്റ് ബാവാ ഹാജി അദ്ധ്യക്ഷത വഹിച്ചു. മമ്മിക്കുട്ടി മുസ്ല്യാര്‍ പ്രാര്‍ത്ഥന നടത്തി. സെന്റര്‍ ജനറല്‍ സെക്രട്ടറി എം. പി. എം. റഷീദ് സ്വാഗതവും അബ്ദുല്‍ റഹിമാന്‍ തങ്ങള്‍ നന്ദിയും പറഞ്ഞു.
-പി. എം. അബ്ദുല്‍ റഹിമാന്‍ അബുദാബി
( ചിത്രങ്ങള്‍ : ഹഫസ്ല്‍ -ഇമ )
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കെ.എം.സി.സി., മതം