അബുദാബി : രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ ഉലയാതെ പിടിച്ചു നിര്‍ത്തുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന പ്രവാസി സമൂഹം വിമാന ടിക്കറ്റ് നിരക്കിൻ്റെ പേരില്‍ വേട്ടയാടപ്പെടുന്നത് നീതീകരിക്കുവാൻ ആവുന്നതല്ല എന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. കെ. എം. സി. സി. യുടെ ‘ഡയസ്‌പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹി’ യുടെ പ്രഖ്യാപന-പ്രചാരണ കണ്‍വെന്‍ഷന്‍ അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെൻ്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസികള്‍ ഓരോ രാജ്യത്തിൻ്റെയും നട്ടെല്ലാണ്. ജീവിതം തേടി രാജ്യം വിടുന്ന പ്രവാസിയുടെ ഓരോ നിമിഷങ്ങളിലെ ജീവിതത്തിലും ജനിച്ചനാടും ബന്ധു മിത്രാദികളും നിറഞ്ഞു നില്‍ക്കുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ നാടണയാനുള്ള അവരുടെ ആഗ്രഹത്തെ വിമാന ക്കമ്പനികള്‍ ചൂഷണം ചെയ്യുന്നത് അന്യായമാണ് എന്നും തങ്ങള്‍ പറഞ്ഞു.
പലർക്കും ഒരു വര്‍ഷത്തെ സമ്പാദ്യം മുഴുവനും വിമാന ടിക്കറ്റിനായി ചെലവഴിക്കേണ്ട അവസ്ഥ വരെയുണ്ട്. ഈ സ്ഥിതി മാറേണ്ടത് അനിവാര്യമാണ്. ഈ ആവശ്യം ഉന്നയിച്ച് അബുദാബിയിലെ പ്രവാസി സംഘടനകള്‍ ഒരുക്കുന്ന ഈ മുന്നേറ്റം മാതൃകാപരമാണ്.
അതുപോലെ തന്നെയാണ് പ്രവാസി വോട്ടവകാശവും. പ്രവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യമാണത്. ജനാധിപത്യപരവും ഭരണഘടനാ പരവുമായ അവകാശമാണ് ഒരു പൗരൻ്റെ വോട്ടവകാശം. പ്രവാസി ആയതു കൊണ്ടു മാത്രം അത് നിഷേധിക്കപ്പെടുന്നത് ശരിയല്ല എന്നും ഈ പോരാട്ടത്തില്‍ പ്രവാസികള്‍ ഒറ്റക്കെട്ടായി നില കൊള്ളണം എന്നും മുനവ്വറലി തങ്ങള്‍ പറഞ്ഞു.
വിമാന യാത്രാ നിരക്ക്, പ്രവാസി വോട്ടവകാശം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി 2024 ഡിസംബര്‍ 5 ന് വൈകുന്നേരം 6 മണിക്ക് ഡല്‍ഹി കോണ്‍സ്റ്റിറ്റ്യുഷന്‍ ക്ലബ്ബ് ഹാളില്‍ സംഘടിപ്പിക്കുന്ന ഡയസ്‌പോറ സമ്മിറ്റില്‍ എം. പി. മാരും മന്ത്രിമാരും പങ്കെടുക്കും.
അബുദാബി-ഡല്‍ഹി കെ. എം. സി. സി. കളുടെ നേതൃത്വത്തില്‍ യു. എ. ഇ. യിലെ മുപ്പതോളം പ്രവാസി കൂട്ടായ്മകളുടെ ആഭിമുഖ്യത്തിലാണ് സമ്മിറ്റ് ഒരുക്കുക. കഴിഞ്ഞ ആഗസ്റ്റിൽ നടത്തുവാൻ തീരുമാനിച്ച ഡയസ്പോറ സമ്മിറ്റ് എന്ന പരിപാടി, വയനാട് ദുരന്ത പശ്ചാത്തലത്തില്‍ ഡിസംബറിലേക്ക് മാറ്റി വെക്കുകയായിരുന്നു.
പ്രഖ്യാപന പ്രചാരണ കണ്‍വെന്‍ഷനില്‍ എം. വിന്‍സെന്റ് എം. എല്‍. എ. മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. ഇസ്‌ലാമിക് സെൻ്റർ വൈസ് പ്രസിഡണ്ട് വി. പി. കെ അബ്ദുല്ല, ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡണ്ട് ബി. യേശു ശീലന്‍, സലീം ചിറക്കല്‍ എന്നിവർ സംസാരിച്ചു.
അബുദാബി കെ. എം. സി. സി. പ്രസിഡണ്ട് ഷുക്കൂറലി കല്ലിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി. എച്ച്. യൂസുഫ് സ്വാഗതവും സെക്രട്ടറി ടി. കെ. സലാം നന്ദിയും പറഞ്ഞു. സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും വിവിധ സംഘടനാ സാരഥികളും സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: air-india, incas, inl-imcc-uae, social-media, അബുദാബി, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍, കല അബുദാബി, കെ.എം.സി.സി., കേരള രാഷ്ട്രീയ നേതാക്കള്‍, കേരള സോഷ്യല്‍ സെന്റര്‍, തൊഴിലാളി, പൂര്‍വ വിദ്യാര്‍ത്ഥി, പ്രതിഷേധം, പ്രവാസി, മലയാളി സമാജം, യുവകലാസാഹിതി, വിമാനം, ശക്തി തിയേറ്റഴ്സ്, സാമൂഹ്യ സേവനം