ദുബായ് : തോമസ് ചെറിയാന്റെ നിലവിളികള്‍ക്ക് കാതോര്‍ക്കാം എന്ന കഥാ സമാഹാരത്തിന്റെ പ്രകാശനം ദുബായില്‍ നടന്നു. ഇന്നലെ വൈകീട്ട് ഖിസൈസ് റോയല്‍ പാലസ് ഹോട്ടലില്‍ നടന്ന പ്രകാശന ചടങ്ങില്‍ കവി സുറാബ് മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള ഈ വര്‍ഷത്തെ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്കാര ജേതാവായ പി. മണികണ്ഠനു പുസ്തകം നല്‍കി കൊണ്ട് പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.
e പത്രം പരിസ്ഥിതി ക്ലബ് സംഘടിപ്പിച്ച ഒരു ഡോക്യുമെന്ററി പ്രദര്‍ശനത്തോടെ ആയിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്. കാസര്‍ക്കോട്ടെ ജനങ്ങള്‍ അനുഭവിക്കുന്ന രോഗങ്ങളുടെയും വൈകല്യങ്ങളുടെയും കാരണം പ്ലാന്റേഷന്‍ കൊര്‍പ്പൊറെയ്ഷന്‍ തങ്ങളുടെ കശുമാവിന്‍ തോട്ടത്തില്‍ തളിക്കുന്ന എന്‍ഡോസള്‍ഫാന്‍ കീടനാശിനി അല്ല എന്ന കേന്ദ്ര മന്ത്രി കെ. വി. തോമസിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ കാസര്‍കോട്ടെ ജനത്തിന്റെ ദുരിതം വെളിപ്പെടുത്തുന്ന സി-ഡിറ്റ് നിര്‍മ്മിച്ച “പുനര്‍ജനി” എന്ന ഹ്രസ്വ ചിത്രമാണ് e പത്രം പരിസ്ഥിതി ക്ലബ് പ്രവര്‍ത്തകര്‍ പ്രദര്‍ശിപ്പിച്ചത്. ഏതാനും മല നിരകളിലായി പരന്നു കിടക്കുന്ന പ്ലാന്റേഷന്‍ കൊര്‍പ്പൊറെയ്ഷന്റെ കശുമാവിന്‍ തോട്ടങ്ങളുടെ ഇടയില്‍ ജനവാസമുള്ള പ്രദേശങ്ങളുമുണ്ട്. എന്നാല്‍ ഹെലികോപ്റ്റര്‍ ഇവിടെയെല്ലാം എന്‍ഡോസള്‍ഫാന്‍ തളിക്കുന്നു. ഇത് മനുഷ്യരുടെ മുകളിലും പതിക്കുന്നു. ഇവിടത്തെ വായുവിലും ജലത്തിലും കലരുന്നു. അങ്ങനെ ദൂര വ്യാപകമായ അനന്തര ഫലങ്ങളും ഉളവാക്കുന്നു. ചര്‍മ്മ രോഗങ്ങളും ക്യാന്‍സറും പോലുള്ള രോഗങ്ങളും ജനിച്ചു വീഴുന്ന കുഞ്ഞുങ്ങള്‍ക്ക് ജനന വൈകല്യങ്ങളും സമ്മാനിക്കുന്നു. ഈ പശ്ചാത്തലത്തില്‍ മന്ത്രി നടത്തിയ നിരുത്തരവാദപരമായ പ്രസ്താവനയ്ക്കെതിരെ സമൂഹ മനസാക്ഷിയെ ഉണര്‍ത്തുവാന്‍ ലക്ഷ്യമിട്ടായിരുന്നു ഈ ഹ്രസ്വ ചിത്രം പ്രദര്‍ശിപ്പിച്ചത് എന്ന് e പത്രം പരിസ്ഥിതി ക്ലബ് പ്രവര്‍ത്തകര്‍ അറിയിച്ചു.
ഇസ്മായീല്‍ മേലടി സ്വാഗതവും ജ്യോതി കുമാര്‍ മോഡറേറ്ററും ആയിരുന്നു. കവി മുളക്കുളം മുരളീധരന്‍ പുസ്തക പരിചയം നടത്തി. പുസ്തക വിചാരത്തില്‍ ഉപഭോഗ സംസ്കാരം (കഥകള്‍ – വെര്‍ച്വല്‍ വേള്‍ഡ്, സ്ക്രീനില്‍ ശേഷിക്കുന്നതെന്ത്, ബമ്പര്‍ പ്രൈസ്) – നാസര്‍ ബേപ്പൂര്‍, അണു കുടുംബങ്ങളിലെ ആണ്‍ – പെണ്‍ വ്യവഹാരങ്ങള്‍ (കഥകള്‍ – യാത്ര, നിലവിളികള്‍ക്ക് കാതോര്‍ക്കാം, ഓട്ടത്തിനൊടുവില്‍) – സിന്ധു മനോഹരന്‍, തലമുറകളുടെ മുറിവും നീതിബോധവും, വര്‍ത്തമാന കാലത്ത് (കഥകള്‍ – തിരുമുറിവുകള്‍, ചരിത്ര പ്പുട്ടില്‍ സോളമന്‍) – രവി പുന്നക്കല്‍, തൊഴില്‍ രാഹിത്യ സങ്കീര്‍ണ്ണതകള്‍ (കഥകള്‍ – സമയ സന്ധ്യകള്‍, കൊണ്ക്രീറ്റ്) – സി. വി. സലാം, യുദ്ധം, അധിനിവേശം, സാമ്രാജ്യത്വം (കഥകള്‍ – ഫണ്‍ റേസ്, ആശങ്കകള്‍ക്ക് വിരുന്നു പാര്‍ക്കാന്‍ ഒരു ജീവിതം) – റാം മോഹന്‍ പാലിയത്ത്, ആഗോളീകരണ കാലത്തെ ധനാസക്തികള്‍ (കഥകള്‍ – ജനിതകം, ഹോള്‍ഡര്‍ ഓഫ് ഇന്ത്യന്‍ പാസ്പോര്‍ട്ട് നമ്പര്‍ K010…) – ലത്തീഫ് മമ്മിയൂര്‍ എന്നിവര്‍ പങ്കെടുത്തു.
എ. എം. മുഹമ്മദ്, സൂസന്‍ കോരുത്ത്, കമറുദ്ദീന്‍ ആമയം, പി. കെ. മുഹമ്മദ്, കബീര്‍, പി. ആന്റണി, സുരേഷ് പാടൂര്‍, മനാഫ് കേച്ചേരി എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
- ജെ.എസ്.