അജ്മാന്‍ : കേര (KERA – Kerala Engineering Alumni) ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആര്‍. ഈ. സി. ജേതാക്കളായി. ഡിസംബര്‍ 10 വെള്ളിയാഴ്ച അജ്മാന്‍ മുനാവര്‍ ക്രിക്കറ്റ് ഗ്രൌണ്ടില്‍ കെ. പി. എല്‍. – കേര പ്രീമിയര്‍ ലീഗ് എന്നറിയപ്പെടുന്ന കേര ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പാലക്കാട് എന്‍. എസ്. എസ്. എന്‍ജിനീയറിംഗ് കോളേജുമായി നടന്ന ഉജ്ജ്വലമായ പോരാട്ടത്തിലൂടെയാണ് ആര്‍. ഈ. സി. വിജയം കണ്ടത്.
കേര ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായ് ഫൈനലില്‍ എത്തിയ പാലക്കാട് എന്‍. എസ്. എസ്. എന്‍ജിനീയറിംഗ് കോളജിന്റെ ചുണക്കുട്ടന്മാര്‍ വന്‍ ഫോമില്‍ ആദ്യാവസാനം അജ്മാന്‍ കളിക്കളത്തില്‍ മുന്നേറ്റം നടത്തിയപ്പോള്‍ കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ നാലു തവണ ഫൈനല്‍ കളിച്ച ആര്‍. ഈ. സി. കളിയുടെ നിര്‍ണ്ണായക ഘട്ടങ്ങളില്‍ പലപ്പോഴും പകച്ചു നിന്നത് കാണികളില്‍ ഉദ്വേഗം ഉണര്‍ത്തി. എന്നാല്‍ 219 റണ്‍സുമായി ആദ്യം ബാറ്റ് ചെയ്ത ആര്‍. ഈ. സി. ടീം 52 റണ്‍സിന് വിജയം കാണുകയായിരുന്നു.
6 വിക്കറ്റുകള്‍ വീഴ്ത്തി ടൂര്‍ണമെന്റിലെ മികച്ച ബൌളര്‍ ആയി പാലക്കാട് ടീമിലെ വിശാഖ് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ബാറ്റ്സ്മാന്‍ ആയി റെക്ക ടീമിലെ ദിലീപ്, മാന്‍ ഓഫ് ദ മാച്ച്, മാന്‍ ഓഫ് ദ സീരീസ് എന്നിവയായി റെക്ക ടീമിലെ സുരേഷ് എന്നിവര്‍ക്ക് കേര പ്രസിഡണ്ട് അഫ്സല്‍, കേര മുന്‍ പ്രസിഡണ്ട് മൊയ്തീന്‍ നെക്കരാജ്, എന്‍. എസ്. എസ്. എന്‍ജിനീയറിംഗ് കോളജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ യു. എ. ഇ. ചാപ്റ്റര്‍ പ്രസിഡണ്ട് കാളിദാസ് എന്നിവര്‍ പുരസ്കാരങ്ങള്‍ സമ്മാനിച്ചു.
ഒട്ടേറെ പുതിയ മുഖങ്ങളുമായി കളിക്കളത്തില്‍ ഇറങ്ങിയ പാലക്കാടന്‍ സ്ട്രൈക്കേഴ്സ് എന്ന പാലക്കാട് എന്‍. എസ്. എസ്. എന്‍ജിനീയറിംഗ് കോളജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ യു. എ. ഇ. ചാപ്റ്റര്‍ ടീമിന്റെ മികച്ച പ്രകടനത്തിന്റെ മുഴുവന്‍ ക്രെഡിറ്റ് ടീമിലേക്ക് പുതിയതായി കടന്നു വന്ന ഒട്ടേറെ മികച്ച കളിക്കാരുടെ സാന്നിധ്യവും അത് വഴി കൈവന്ന പുത്തന്‍ ഉണര്‍വ്വുമാണ് എന്ന് ടീം ക്യാപ്റ്റന്‍ രതീഷ് പറഞ്ഞു. കേരയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് തങ്ങളുടെ ടീം ഫൈനല്‍ കളിച്ചത് എന്ന് ടീം മാനേജര്‍ മനോജ് അറിയിച്ചു. ഈ നേട്ടം കൈവരിച്ച ടീം അംഗങ്ങള്‍ക്കും, തങ്ങളെ പരിശീലനത്തിനിടയിലും, ഗ്രൌണ്ടിലും നിരന്തരം പിന്തുണ നല്‍കി തങ്ങള്‍ക്ക് ആവേശം പകര്‍ന്ന എല്ലാ പാലക്കാടന്‍ സുഹൃത്തുക്കള്‍ക്കും തങ്ങള്‍ക്ക് ലഭിച്ച ഈ നേട്ടം തങ്ങള്‍ സമര്‍പ്പിക്കുന്നു എന്നും ഈ ടീമിന്റെ തുടര്‍ന്നുള്ള പരിശീലനത്തിനും മറ്റും സംഘടനയുടെ എല്ലാ സഹായങ്ങളും പിന്തുണയും എന്നുമുണ്ടാവും എന്ന് സ്പോര്‍ട്ട്‌സ് സെക്രട്ടറിയും നിയുക്ത പ്രസിഡണ്ടുമായ രാജീവ് ടി. പി. തദവസരത്തില്‍ പ്രഖ്യാപിച്ചു. പരിശീലനവുമായി ബന്ധപ്പെട്ട കാര്യപരിപാടികള്‍ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും കൂടുതല്‍ കളിക്കാരുടെ പങ്കാളിത്തത്തോടെ പരിശീലനം ഊര്‍ജിതമാക്കുമെന്നും നിയുക്ത സ്പോര്‍ട്ട്സ് സെക്രട്ടറി മനു രവീന്ദ്രന്‍ അറിയിച്ചു.
–
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കായികം, പൂര്‍വ വിദ്യാര്‍ത്ഥി