അബുദാബി : നേരിട്ട് സൂര്യതാപം ഏല്‍ക്കും വിധം തുറസ്സായ സ്ഥലങ്ങളില്‍ കഠിന ജോലികൾ ചെയ്യുന്ന തൊഴിലാളികള്‍ക്കുള്ള നിര്‍ബ്ബന്ധിത ഉച്ച വിശ്രമ നിയമം യു. എ. ഇ. അധികൃതര്‍ പ്രഖ്യാപിച്ചു.
ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെ മൂന്നു മാസക്കാലം ഉച്ചക്ക് 12.30 മുതല്‍ 3 മണി വരെയാണ് നിയന്ത്രണം. നിരോധിത മാസങ്ങളില്‍ പ്രതിദിന ജോലി സമയം എട്ട് മണിക്കൂറില്‍ കൂടരുത് എന്നും മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
യു. എ. ഇ. യില്‍ ഉച്ച വിശ്രമ നിയമം നടപ്പിലാക്കുന്നത് ഇത് 19-ാം വര്‍ഷമാണ്. ഉയർന്ന താപ നിലയിൽ ജോലി ചെയ്യു ന്നതു മൂലം ഉണ്ടാവുന്ന അപകട ങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുക എന്നതാണ് നിർബ്ബന്ധിത നിയമം കൊണ്ട് ലക്ഷ്യം വെക്കുന്നത്.
മധ്യാഹ്ന ഇടവേളയില്‍ തൊഴിലാളികള്‍ക്ക് വിശ്രമിക്കുവാന്‍ ഉള്ള സൗകര്യം തൊഴില്‍ ഉടമകള്‍ ഒരുക്കുകയും വേണം. സര്‍ക്കാര്‍ വ്യവസ്ഥകളും നിയന്ത്രണങ്ങളും ലംഘിക്കുന്നവരില്‍ നിന്നും ഓരോ തൊഴിലാളിക്കും 5,000 ദിര്‍ഹം വീതം പിഴ ചുമത്തും. നിരോധിത സമയങ്ങളില്‍ ഒന്നില്‍ അധികം തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിച്ചാല്‍ പരമാവധി പിഴ തുക 50,000 ദിര്‍ഹം ആയിരിക്കും.
ഉച്ച വിശ്രമ നിയമവുമായി ബന്ധപ്പെട്ട പരാതി കൾ 600590000 എന്ന നമ്പറിലൂടെ മൂന്ന് പ്രധാന ഭാഷകൾ ഉൾപ്പെടെ 20 ഭാഷകളിൽ അറിയിക്കാം. W A M
- pma