ദുബായ് : പ്രവാസികള്‍ക്ക് വോട്ടവകാശം ഉറപ്പാക്കുന്ന ബില്‍ ലോക് സഭ കഴിഞ്ഞ ദിവസം അംഗീകരിച്ചുവെങ്കിലും ഇത് ഭാഗികമായി മാത്രമേ തങ്ങളുടെ ആവശ്യത്തിന്റെ പൂര്‍ത്തീകരണം ആവുന്നുള്ളൂ എന്നാണ് പ്രവാസികള്‍ കരുതുന്നത്. പല രാജ്യങ്ങളിലെയും പൌരന്മാര്‍ അവരുടെ ഗള്‍ഫില്‍ ഉള്ള എംബസികളില്‍ ചെന്ന് വോട്ടു രേഖപ്പെടുത്തുന്നത് പോലെ ഇന്ത്യാക്കാര്‍ക്കും വോട്ടു രേഖപ്പെടുത്തുവാന്‍ ഉള്ള സംവിധാനം നടപ്പിലാകുമ്പോള്‍ മാത്രമേ പ്രവാസി വോട്ടവകാശം എന്ന ആശയം സമ്പൂര്‍ണ്ണം ആവുകയുള്ളൂ എന്നാണു ഭൂരിഭാഗം പ്രവാസികളും e പത്രം നടത്തിയ സര്‍വേയില്‍ അഭിപ്രായപ്പെട്ടത്.
എന്നാല്‍ പ്രവാസി വോട്ടവകാശം എന്ന തങ്ങളുടെ ചിര കാല സ്വപ്നം പൂവണിയുന്നതിനുള്ള ആദ്യ കാല്‍ വെപ്പ് എന്ന നിലയില്‍ യു. പി. എ. സര്‍ക്കാര്‍ നടത്തിയ നീക്കത്തില്‍ തങ്ങള്‍ സന്തോഷിക്കുന്നതായും പലരും പറഞ്ഞു. പ്രവാസി ഭാരതീയ സമ്മേളനത്തില്‍ പ്രധാന മന്ത്രി നല്‍കിയ വാഗ്ദാനം പാലിച്ച അദ്ദേഹത്തിന്റെ സര്‍ക്കാര്‍ വിദേശ ഇന്ത്യാക്കാരുടെ തികച്ചും ന്യായമായ ഒരു ആവശ്യമാണ് അംഗീകരിച്ചു തന്നത് എന്നത് സ്വാഗതാര്‍ഹമാണ് എന്ന് സര്‍വേയില്‍ പങ്കെടുത്ത ഒരു വിഭാഗം ചൂണ്ടിക്കാട്ടി.
ഇപ്പോള്‍ പാസാക്കിയ ബില്ലിനെ ചൊല്ലി അത്രയ്ക്കൊന്നും ആഘോഷിക്കേണ്ടതില്ല എന്ന് കോണ്ഗ്രസ് പ്രതികരണ വേദി ദുബായ് ഘടകം പ്രസിഡണ്ട് നൌഷാദ് നിലമ്പൂര്‍ പറഞ്ഞു. വര്‍ഷത്തില്‍ ഒരിക്കല്‍ നാട്ടില്‍ പോകുന്ന പ്രവാസികള്‍ ന്യൂനപക്ഷമാണ്. ഭാരിച്ച ജീവിത ചിലവും, കുറഞ്ഞ വേതനവും, വര്‍ദ്ധിച്ചു വരുന്ന വിമാനക്കൂലിയും കണക്കിലെടുത്ത് ശരാശരി രണ്ടു വര്‍ഷത്തില്‍ ഒരിക്കലാണ് ഒരു പ്രവാസി ഗള്‍ഫില്‍ നിന്നും നാട്ടില്‍ എത്തുന്നത്. അതായത് പ്രതിമാസം ഏതാണ്ട് അഞ്ച് ശതമാനം പ്രവാസികള്‍ മാത്രമാണ് കേരളത്തില്‍ ഉണ്ടാവൂ. പുതിയ നിയമ പ്രകാരം ഇവര്‍ക്ക് തങ്ങളുടെ പാസ്പോര്‍ട്ട് കാണിച്ച് വോട്ട് രേഖപ്പെടുത്താന്‍ കഴിയും. ഇത് പ്രവാസി ജന സംഖ്യയുടെ വെറും അഞ്ച് ശതമാനത്തിനു മാത്രമേ ഉപകരിക്കുകയുള്ളൂ എന്നിരുന്നാലും ഇത് സ്വാഗതാര്‍ഹമാണ്. കാരണം പ്രവാസികള്‍ക്ക് വോട്ടവകാശം ലഭിക്കുന്നതോട് കൂടി പ്രവാസികള്‍ ഒരു വോട്ട് ബാങ്കായി പരിഗണിക്കപ്പെടും. പ്രവാസികളുടെ ആവശ്യങ്ങള്‍ക്ക് അവ ആഹിക്കുന്ന രാഷ്ട്രീയ പരിഗണനയും ലഭിക്കും എന്നും നൌഷാദ് നിലമ്പൂര്‍ കൂട്ടിച്ചേര്‍ത്തു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, നിയമം, പ്രവാസി