ഷാര്‍ജ: തൊഴില്‍ ഉടമ മുങ്ങിയതിനെ തുടര്‍ന്ന് ശമ്പളം ലഭിയ്ക്കാതെ ദുരിതത്തിലായ ഷാര്‍ജയിലെ തൊഴിലാളികളില്‍ അവശേഷിയ്ക്കുന്ന 15 പേര്‍ കൂടി നാളെ നാട്ടിലേയ്ക്ക് മടങ്ങും. മൂന്നു മലയാളികളും ഒരു തമിഴ് നാട്ടുകാരനുമാണ് ഇനി അവശേഷിയ്ക്കുന്നവരില്‍ ഇന്ത്യാക്കാരായി ഉള്ളത്. ബാക്കി പതിനൊന്നു പേരില്‍ പാക്കിസ്ഥാനികളും, നേപ്പാളികളും, ബംഗ്ലാദേശുകാരുമാണ് ഉള്ളത്. ഇന്നലെ ഷാര്‍ജ തൊഴില്‍ വകുപ്പ് ഓഫീസില്‍ വെച്ച് ഇവരുടെ ശമ്പള കുടിശികയും മറ്റും ഇവര്‍ക്ക് പൂര്‍ണ്ണമായി ലഭിച്ചതായി തൊഴിലാളികള്‍ പറഞ്ഞു. ഈ കാര്യത്തില്‍ തങ്ങളെ ഷാര്‍ജ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ഏറെ സഹായിച്ച കാര്യം ഇവര്‍ നന്ദിപൂര്‍വ്വം അറിയിച്ചു.
തങ്ങളുടെ താമസ സ്ഥലത്ത് കഴിഞ്ഞ ഏതാനും ആഴ്ചകളായി വൈദ്യുതിയും വെള്ളവും ഇല്ലാതെ ദുരിതം അനുഭവിയ്ക്കുകയായിരുന്നു ഇവര്‍. സന്മനസ്സുള്ള ചില സംഘടനകള്‍ ഇവര്‍ക്ക് ടാങ്കറില്‍ വെള്ളം എത്തിച്ചു കൊടുത്തുവെങ്കിലും വൈദ്യുതി എത്തിയ്ക്കുവാന്‍ കഴിഞ്ഞിരുന്നില്ല. വൈദ്യുതിയുടെ ബില്ലടയ്ക്കാതെ ബന്ധം വേര്‍പെടുത്തിയതായിരുന്നു. ഈ കാരണത്താല്‍ ഇവിടെ ജനറേറ്റര്‍ ഘടിപ്പിയ്ക്കുന്നതും നിയമ വിരുദ്ധമാണ് എന്നതിനാല്‍ അതും നടന്നില്ല. ഗള്‍ഫിലെ ചൂട് ഉയര്‍ന്നതോടെ നിശ്ചലമായ എയര്‍ കണ്ടീഷണറുകള്‍ ഉള്ള മുറികളില്‍ നിന്നും പുറത്തിറങ്ങി ഇവര്‍ വെളിയില്‍ നിലത്ത് വിരിച്ചു കിടക്കാന്‍ നിര്‍ബന്ധിതരായി.
നാളെ നാട്ടിലേയ്ക്ക് വിമാനം കയറുന്നതോടെ ഇവരുടെ ജീവിതത്തില്‍ മാസങ്ങള്‍ നീണ്ട ഒരു ദുരിതപൂര്‍ണമായ കാലഘട്ടത്തിനു അറുതിയാവുകയാണ്. ഇനി കുറച്ചു നാള്‍ നാട്ടില്‍ തന്നെ ജോലി ചെയ്തു കഴിയണം എന്നാണു താന്‍ ആഗ്രഹിയ്ക്കുന്നത് എന്ന് നാളെ മടങ്ങുന്ന ആലപ്പുഴ സ്വദേശിയായ അരുണ്‍ പറയുന്നു. വിസയ്ക്ക് വേണ്ടി ഒരു ലക്ഷം രൂപ നല്‍കിയാണ് ആദ്യ തവണ ഇവിടെ വന്നത്. അതിന്റെ ബാധ്യതയും പിന്നീട് 6 മാസക്കാലം ശമ്പളം മുടങ്ങിയതോടെ ഉണ്ടായ സാമ്പത്തിക ബാധ്യതകളും എല്ലാം കണക്കിലെടുക്കുമ്പോള്‍ വീണ്ടും ഇവിടെ തന്നെ തിരിച്ചു വരാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ഇവര്‍ക്കാവുന്നില്ല. വിസ റദ്ദാക്കുന്നതിനോടൊപ്പം യു.എ.ഇ. യിലേക്കുള്ള ആറു മാസത്തെ പ്രവേശന നിരോധനവും ഉണ്ടാവും. ഈ കാലാവധി കഴിഞ്ഞാല്‍ വീണ്ടും പുത്തന്‍ പ്രതീക്ഷകളുമായി തിരികെ ഏതെങ്കിലും ഗള്‍ഫ് നാട്ടിലേയ്ക്ക് തന്നെ നല്ലൊരു ജോലി ലഭിച്ചു തിരിച്ചു വരണം എന്ന് ആഗ്രഹമുണ്ട് എന്നും ഇവര്‍ പറയുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: തട്ടിപ്പ്, തൊഴിലാളി