ദുബായ് : കണക്ക് കൂട്ടലുകളുടെ അതിരുകള്‍ ക്കുള്ളില്‍ കുടുങ്ങിപ്പോയ വര്‍ത്തമാന ഹൃദയങ്ങള്‍ക്ക് ഒരു പുതിയ അനുഭവവുമായി കൂനന്‍ ദുബായില്‍ അരങ്ങേറുന്നു. പ്രശസ്ത നടനും, സംവിധായകനും, നാടകകൃത്തുമായ മഞ്ഞുളന്റെ ഏകാംഗ നാടകമായ “കൂനന്‍” ഡിസംബര്‍ 27 തിങ്കളാഴ്ച രാത്രി 8 മണിക്ക് ദുബായ് ദല ഹാളില്‍ മഞ്ജുളന്‍ അവതരിപ്പിക്കും.
കൂനന്റെയും അവന്‍ കയ്യിലേന്തുന്ന പൂവിന്റെയും കുടയുടെയും സര്‍വ്വോപരി അവന്റെ വിശുദ്ധ പ്രണയത്തിന്റെയും കഥയാണ് “കൂനന്‍”
മഞ്ജുളന്‍
പയ്യന്നൂരിനടുത്തുള്ള പെരുന്തട്ട സ്വദേശിയായ മഞ്ജുളന്‍ തൃശൂര്‍ സ്ക്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് അഭിനയത്തില്‍ ഒന്നാം റാങ്കോടെ നാടക ബിരുദം നേടി. കാലടി സംസ്കൃത സര്‍വകലാശാലയില്‍ നിന്ന് ക്ലാസിക്കല്‍ ഇന്ത്യന്‍ തിയേറ്ററില്‍ ബിരുദാനന്തര ബിരുദം നേടി. 1997ല്‍ കോഴിക്കോട് സര്‍വകലാശാലയുടെ ജി ശങ്കരപ്പിള്ള എന്‍ഡോവ്മെന്റ് പുരസ്കാരം ലഭിച്ചു. 1998ല്‍ “കേളു” എന്ന നാടകത്തിലൂടെ മികച്ച സംവിധായകനുള്ള കേരള സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചു. 2000ല്‍ കേരള സര്‍ക്കാര്‍ പുരസ്കാരങ്ങള്‍ നേടിയ “ചെഗുവേര” എന്ന നാടകത്തില്‍ ചെഗുവേരയായി അഭിനയിച്ചിരുന്നു. 2002ല്‍ കുട്ടികളുടെ നാടക വേദിയുടെ ഗവേഷണത്തിന് കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ഫെലോഷിപ്പ് നേടിയ ഇദ്ദേഹം ഇന്ത്യയിലെ പ്രധാനപ്പെട്ട പല നാടക ശില്‍പ്പ ശാലകളിലും അദ്ധ്യാപകനാണ്. “ഡിസംബര്‍”, “വധക്രമം” (പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്) എന്നീ സിനിമകളില്‍ നായകനാണ്.