അബുദാബി: സൈക്കിളില്‍ ലോക സഞ്ചാരം നടത്തുന്ന സൌരബ് ദാഹലിനു അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വെച്ച് പ്രസക്തി, നാടക സൗഹൃദം, കോലായ, ആര്‍ട്ടിസ്റ്റ പ്രവര്‍ത്തകര്‍ എന്നിവർ സംയുക്തമായി സ്വീകരണം നല്‍കി. ലോക സമാധാനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും, സൈക്കിള്‍ സവാരി പ്രോൽസാഹിപ്പിക്കുന്നതിനും വേണ്ടിയാണ് തന്റെ യാത്രയെന്ന് സൌരബ് പറഞ്ഞു.
2002 ഫെബ്രുവരി 28നു തന്റെ ജന്മദേശമായ നേപ്പാളിലെ ബദ്രപൂരില്‍ നിന്നും ആരംഭിച്ച സൈക്കിള്‍ യാത്ര 45 രാജ്യങ്ങള്‍ പിന്നിട്ടു കഴിഞ്ഞു 68000 കിലോമീറ്റര്‍ ഇതിനകം താണ്ടി കഴിഞ്ഞ തന്റെ ഉദ്ദ്യമത്തിന് എല്ലായിടത്തു നിന്നും നല്ല സ്വീകരണമാണ് ലഭിക്കുന്നതെന്ന് സൌരബ് പറഞ്ഞു.
ഇന്ത്യ, പാകിസ്ഥാന്‍ , ചൈന, കൊറിയ, ജപ്പാൻ , റഷ്യ, ഓസ്ട്രേലിയ, ന്യൂ സിലാണ്ട്, ജര്‍മ്മനി, സ്പെയിന്‍ , ഫ്രാന്‍സ് തുടങ്ങി നിരവധി രാജ്യങ്ങളില്‍ തന്റെ സന്ദേശം പ്രചരിപ്പിച്ചതായും അതാത് രാജ്യങ്ങളിലെ ഭരണ പ്രമുഖരുമായി നേരിട്ട് സംവദിക്കാന്‍ കഴിഞ്ഞു എന്നും അദ്ദേഹം അറിയിച്ചു. നേപ്പാള്‍ സര്‍ക്കാരിന്റെയും നേപാളി ജനതയുടെയും നിസ്സീമ പിന്തുണ യാത്രക്ക് ഏറെ ഗുണം ചെയ്തു. ഇന്ത്യയിലെ പ്രമുഖ നേതാക്കളായ യു. പി. എ. അദ്ധ്യക്ഷ സോണിയ ഗാന്ധി, ബി. ജെ. പി. അദ്ധ്യക്ഷന്‍ നിധിന്‍ ഗദ്ഗരി, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി, അശോക് ചൌഹാന്‍ , ചലച്ചിത്ര താരങ്ങളായ സഞ്ജയ് ദത്ത്, സല്‍മാന്‍ ഖാന്‍ തുടങ്ങി നിരവധി പ്രമുഖരുമായി ചര്‍ച്ച നടത്താന്‍ കഴിഞ്ഞു.
ഇന്ത്യയിലെ വ്യത്യസ്ത സംസ്കാരവും വ്യത്യസ്ത ഭാഷയും ഉള്ള ഓരോ സംസ്ഥാനത്തും കടക്കുമ്പോള്‍ മറ്റൊരു രാജ്യത്തേക്ക് കടക്കുന്നത് പോലെയാണെന്നും അത്രയും വൈവിധ്യങ്ങള്‍ നിറഞ്ഞ ഇന്ത്യ എന്ന മഹാരാജ്യം ഏറെ ഇഷ്ടമായെന്നും, കേരളത്തെ പോലെ ഇത്രയും വിദ്യാ സമ്പന്നരായ ഒരു സമൂഹത്തെ വേറെ എവിടെയും കണ്ടിട്ടില്ലെന്നും സൌരബ് പറഞ്ഞു.
അജി രാധാകൃഷ്ണന്‍ , അസ്മോ പുത്തന്‍ചിറ, ഫൈസല്‍ ബാവ, ശരീഫ് മാന്നാര്‍, അനന്ത ലക്ഷ്മി, രാജീവ് മുളക്കുഴ, ശശിന്സ, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കേരള സോഷ്യല്‍ സെന്റർ ഓഫീസ് സന്ദര്‍ശിച്ച സൌരബ് ദാഹലിനെ കെ. എസ്. സി. ട്രഷറര്‍ അബ്ദുല്‍ കലാം സ്വീകരിച്ചു.