അബുദാബി : ദക്ഷിണേന്ത്യന്‍ ക്ലാസിക് നൃത്ത രൂപമായ കുച്ചുപ്പുടി അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ അരങ്ങേറുന്നു. ‘ നാട്യമഞ്ജരി ‘ എന്ന പേരില്‍ മാര്‍ച്ച് 30 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് അവതരിപ്പിക്കുന്ന പരിപാടി യില്‍ കുച്ചുപ്പുടി അവതരിപ്പിക്കുന്നത് ജോണിറ്റ ജോസഫ് എന്ന കലാകാരിയാണ്.
അബുദാബി ഔര്‍ ഓണ്‍ ഇംഗ്ലീഷ് സ്കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിനിയായ ജോണിറ്റ ജോസഫ്, നര്‍ത്തകി എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും കഴിവ് തെളിയിച്ചു കഴിഞ്ഞു. യു. എ. ഇ. യില്‍ ചിത്രീകരിച്ച ഇടവഴിയിലെ പൂക്കള്‍ , മേല്‍വിലാസം എന്നീ ടെലി സിനിമ കളില്‍ അഭിനയിച്ചു.
അഞ്ചാം വയസ്സു മുതല്‍ ശാസ്ത്രീയ നൃത്തം അഭ്യസിക്കാന്‍ തുടങ്ങിയ ഈ കലാകാരി ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും അരങ്ങേറ്റം നടത്തി. ലൈഫ് ലൈന്‍ ആശുപത്രി യിലെ ഡോക്ടര്‍ ജോസഫ് കുരിയന്‍ – സോണിയ ദമ്പതികളുടെ മകളാണ് ജോണിറ്റ. യൂണിവേഴ്സ്റ്റി – സ്കൂള്‍ യുവജനോല്‍സവ ങ്ങളില്‍ കലാതിലകം നേടിയ പ്രശസ്ത നര്‍ത്തകിയും കോറിയോഗ്രാഫറുമായ പ്രിയാ മനോജിന്റെ കീഴിലാണ് ജോണിറ്റ കുച്ചുപ്പുടി അഭ്യസിച്ചത്.