അബു ദാബി : എം എഫ് ഹുസൈന്‍ ഇന്ത്യ വിടേണ്ടി വന്ന സാഹചര്യം ഖേദകരമാണെന്ന് കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ അഭിപ്രായമുയര്‍ന്നു. ഹുസൈന്റെ ചിത്ര കലയെ ഇന്ത്യന്‍ പിക്കാസോ എന്ന് വിളിച്ചു ചെറുതാക്കരുതെന്നും മുഖ്യ പ്രഭാഷകനായ കലാ നിരൂപകന്‍ വത്സലന്‍ കനാറ പറഞ്ഞു. കാലപ്രവേഗങ്ങളെ അതിശയിപ്പിക്കുന്ന ലോകം നിറഞ്ഞ ചിത്രകാരനെ ഭരണകൂടവും, കോര്‍പ്പറേറ്റ് ലോബികളും ഇന്ത്യന്‍ മണ്ണില്‍ നിന്ന് നിഷ്കാസനം ചെയ്തപ്പോള്‍ വേണ്ടത്രജനജാഗ്രത ഉണ്ടായില്ല, സാധാരണ ചിത്രകാരന്മാരുടെ അവകാശങ്ങള്‍ക്കായി നില കൊണ്ട ഹുസൈന്‍ കലാ വിപണിക്കാരുടെ കണ്ണിലെ കരടായി മാറി. ഒരു നൂറു വട്ടം വിവാദമായേക്കാവുന്ന ചിത്രങ്ങള്‍ മുന്‍പും വരച്ച ഹുസൈന്‍ പുതിയ കലാ കച്ചവടത്തിന്റെ ഇരയാണെന്നും വത്സലന്‍ കൂട്ടിച്ചേര്‍ത്തു.
തസ്ലിമ നസ്രീന്മാരെയും -ഡാലി ലാമ മാരെയും അതിഥി യാക്കുന്ന ഭാരതം സ്വന്തം പുത്രനെ നാട് കടത്തുന്നതിലെ വൈചിത്ര്യം മൊയ്ദീന്‍ കോയ എടുത്തു കാട്ടി. ഭാരത രത്ന വരെ എത്തേണ്ട കലാകാരനായിരുന്നു ഹുസൈനെന്നു അദ്ധ്യക്ഷം വഹിച്ച സെന്റര്‍ പ്രസിഡന്റ്റ് കെ ബി മുരളി ചൂണ്ടിക്കാട്ടി. വിത്സണ്‍ കുഴൂര്‍ ശക്തി സാഹിത്യ വിഭാഗം സെക്രട്ടറി റഫീക്ക് സകറിയ, അജി രാധാകൃഷ്ണന്‍, ഫൈസല്‍ ബാവ, കൃഷ്ണകുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തുടര്‍ന്ന് പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും കവിയുമായ കുഴൂര്‍ വിത്സന്റെ കവിതകളുടെ സീ ഡി ‘സുവര്‍ണ ഭൂമി’ പ്രശസ്ത കവി അസ്മോ പുത്തന്‍ ചിറ സെന്റര്‍ സെക്രട്ടറി അന്‍സാരിക്ക് നല്‍കി പ്രകാശനം ചെയ്തു. സീ ഡി യിലെ കവിതകള്‍ സദസ്യര്‍ക്കായി അവതരിപ്പിക്കപ്പെട്ടു.
ദേവിക സുധീദ്രന്റെ എം എഫ് ഹുസൈന്‍ ചിത്രങ്ങളുടെ ശേഖരം പ്രദര്‍ശിപ്പിച്ചു , ശശിന്‍ സാ, രാജീവ് മുളക്കുഴ, അജിത്, നദീം, ജോഷി, ഷാബു, റോയ് മാത്യു, തുടങ്ങിയവര്‍ ഹുസൈന്റെ കാരിക്കേച്ചര്‍ വരച്ചു. കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം സെക്രടറി സുരേഷ് പാടൂര്‍ സ്വാഗതവും കലാ വിഭാഗം ആക്ടിംഗ് സെക്രടറി ബഷീര്‍ കെ വി നന്ദിയും പറഞ്ഞു.