ദുബായ് : പരസ്പര വിരുദ്ധമായ പ്രസ്താവനകൾ നടത്തി പ്രവാസികളെ ജനപ്രധിനിധികൾ ആശയക്കുഴപ്പത്തിലാക്കുന്നു. പുതിയ നികുതിയെ പറ്റി വിദേശ ഇന്ത്യക്കാർക്ക് ഇടയിൽ ഒട്ടേറേ ആശങ്കകളും അതിലേറേ അവ്യക്തതകളും നിലനിൽക്കുന്നുണ്ട്. കേന്ദ്ര സർക്കാറിന്റെ പുതിയ തീരുമാനം അനുസരിച്ച് ജൂലായ് ഒന്നു മുതൽ വിദേശത്തു നിന്നയയ്ക്കുന്ന തുകയ്ക്ക് ബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ ഈടാക്കുന്ന ബാങ്ക് ചാർജിന്റെ 12.36 ശതമാനം സേവന നികുതി ഈടാക്കും.
ഇന്ന് ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ നില നിർത്തുന്നതിൽ പ്രവാസി ഇന്ത്യക്കാർ നാട്ടിലേക്ക് അയയ്ക്കുന്ന തുക ഒരു നിർണ്ണായക ഘടകം തന്നെ. രൂപയുടെ മൂല്യത്തകർച്ച രൂക്ഷമായിരിക്കുകയും, അതേ സമയം വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സർക്കാർ ഇന്ത്യക്കാർ അയയ്ക്കുന്ന പണത്തിന് അധിക നികുതി ഈടാക്കാൻ ഒരുങ്ങുന്നതിന്റെ യുക്തി എന്തെന്ന് മനസിലാകുന്നില്ല. പുതുതായി സർക്കാർ എടുത്ത തീരുമാനം വിദേശ നിക്ഷേപം വർദ്ധിപ്പിക്കാനുള്ള സാധ്യതയെ പ്രതികൂലമായി ബാധിക്കും.
ധനകാര്യ സ്ഥാപനങ്ങൾ ബാങ്കിൽ നിന്നും ഈടാക്കുന്നതാണ് ഇപ്പോഴുള്ള പുതിയ സേവന നികുതി. പ്രത്യക്ഷത്തിൽ ബാങ്ക് നൽകേണ്ടതാണെങ്കിലും ഭാവിയിൽ ഇത് തുക അയയ്ക്കുന്നവരിൽ നിന്നു തന്നെ ഈടാക്കപ്പെടുമെന്നാണ് സൂചന.
പ്രവാസി സംഘടനകൾ മാറി മാറി വാചക കസർത്ത് നടത്തുമ്പോൾ ഇത് പോലെയുള്ള സർക്കാരിന്റെ തീരുമാനങ്ങൾക്കെതിരെ ശക്തമായി പ്രതീകരിക്കാൻ മുമ്പോട്ട് വരണം. ഗള്ഫിൽ പല ക്ലേശങ്ങളും സഹിച്ച് ചെറുകിട ജോലികൾ ചെയ്തു നാട്ടിലേക്ക് പണം അയയ്ക്കുന്ന മലയാളികളെ ഈ നിയമം ശരിക്കും ബാധിക്കും. ബാങ്ക് വഴി പണം നാട്ടിലേക്ക് അയയ്ക്കുന്നവരിൽ പലരും കുഴൽപണം പോലുള്ള അനധികൃത മാർഗ്ഗത്തിലേക്ക് തിരിയുവാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല.
വിദേശ സന്ദർശനം എന്ന ഓമന പേരിൽ വിദേശത്ത് എത്തുന്ന കേരള രാഷ്ട്രീയ പ്രധിനിധികൾ വ്യാജ വാഗ്ദാനം നല്കി കീശ വീർപ്പിച്ചു പോകുമ്പോൾ, സംസ്ഥാനത്തും, കേന്ദ്രത്തിലും പ്രവാസികൾക്ക് ദോഷകരമായ നിയമ നിർമ്മാണ സമയത്ത് പ്രതീകരിക്കാനുള്ള ചങ്കൂറ്റം കാട്ടാറില്ല. ഈ കൂട്ടരെ വിദേശ സന്ദർശന വേളയിൽ പ്രവാസി സംഘടനകൾ കാശു കൊടുത്തു പ്രോത്സാഹിപ്പിക്കാതെ, പ്രതിഷേധം അറിയിക്കുവാനുള്ള അവസരമായി കാണണം.
ഭാര്യമാർക്ക് കെട്ടു താലി പോലും അണിഞ്ഞു സ്വന്തം നാട്ടിലേക്ക് പോകുവാനുള്ള അവസരം മുടക്കുന്ന കിരാതമായ കസ്റ്റംസ് നിയമങ്ങൽ മാറ്റി എഴുതുവാൻ എന്ത് കൊണ്ട് മടി കാട്ടണം? വർഷങ്ങൾക്ക് മുമ്പ് സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ 30000 രൂപ എന്ന നിയമത്തിന്റെ മറവിൽ നാട്ടിലേക്ക് പോകുന്ന പ്രവാസികളെ ഡ്യൂട്ടി അടിച്ചും, കൈക്കൂലി ചോദിച്ചും ദ്രോഹിക്കുന്നത് ഇന്ന് ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. പ്രവാസികളോട് കാട്ടുന്ന ഇത്തരത്തിലുള്ള നീചമായ സമീപനം ഭാവിയിൽ വലിയ പ്രത്യാഘാതം സൃഷ്ടിക്കും എന്നതിൽ അതിശയോക്തി ഇല്ല. ഇന്ത്യ ലോക രാഷ്ട്രങ്ങളുടെ ഇടയിൽ പല കാര്യങ്ങളിലും ഒന്നാമത് ആയപ്പോഴും, ഇത്തരത്തിലുള്ള ചില കാര്യങ്ങളിൽ വളരെ വളരെ വർഷങ്ങളുടെ പിന്നിലാണ്.
(സേവന നികുതിയെ പറ്റിയുള്ള വിവരങ്ങൾ ശേഖരിച്ചത് – അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ)
– എബി മക്കപ്പുഴ