അബുദാബി: പ്രമുഖ ഭക്ഷ്യവിതരണ ശൃംഖല ബി – ഫ്രഷ് ഫുഡ്‌സ്, ശബരി ചായപ്പൊടി യു. എ. ഇ. വിപണിയിൽ അവതരിപ്പിച്ചു. സംസ്ഥാന ഭക്ഷ്യ – സിവിൽ സപ്ലൈസ് വകുപ്പു മന്ത്രി അഡ്വ. ജി. ആർ. അനില്‍, സിവിൽ സപ്ലൈസ് കോർപ്പറേഷൻ ചെയർമാനും എം. ഡി. യുമായ ഡോ. സഞ്ജീബ് പട് ജോഷി ഐ. പി. എസ്., ശബരി പ്രീമിയം ടീ യുടെ ജി. സി. സി. യിലെ അംഗീകൃത വിതര ണക്കാരായ ബി – ഫ്രഷ് ഫുഡ്‌സ് ജനറൽ ട്രേഡിംഗ് കമ്പനി മാനേജിംഗ് ഡയറക്ടർ പി. വി. അബ്ദുൾ നിസ്സാർ, ജനറൽ മാനേജർ എ. എൻ. നഷീം, മാർക്കറ്റിംഗ് മാനേജർ സലിം ഹിലാൽ, ലുലു ഗ്രൂപ്പ് സി. ഇ. ഒ. സെയ്‌ഫി രൂപവാല, ചീഫ് കമ്യുണിക്കേഷൻ ഓഫീസർ വി. ഐ. സലിം, റീജ്യണൽ ഡയറക്ടർ ടി. പി. അബൂബക്കർ, യു. എ. ഇ. വാണിജ്യ രംഗത്തെ പ്രമുഖരും മാധ്യമ പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.
സപ്ലൈകോ ഉൽപ്പന്നമായ ശബരി പ്രീമിയം ടീ ആദ്യമായാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് എത്തുന്നത്. അധികം വൈകാതെ അരി, സുഗന്ധ വ്യഞ്ജന ങ്ങൾ, മസാലകള്‍ ഉൾപ്പെടെ കേരളത്തിന്‍റെ സ്വന്തം ഉല്‍പ്പന്നങ്ങളെ അതിന്‍റെ തനിമയോടെ പ്രവാസി മലയാളികളുടെ അടുത്തേക്ക് എത്തിക്കുന്ന ശ്രമങ്ങൾക്ക് സപ്ലൈകോ തുടക്കം കുറിച്ചു എന്നും ശബരി ചായപ്പൊടി വിപണിയില്‍ ഇറക്കിക്കൊണ്ട് മന്ത്രി ജി. ആര്‍. അനില്‍ അറിയിച്ചു.
കേരളത്തിൽ നിന്നും പ്രതിമാസം 20 ടൺ തേയിലയാണ് സപ്ലൈകോ യു. എ. ഇ. യിൽ എത്തിക്കുക. ഇത് ക്രമാനുഗതമായി വർദ്ധിപ്പിക്കും. ഭാവിയിൽ ഇതു 100 ടൺ ആയി ഉയർത്താന്‍ കഴിയും എന്നാണ് പ്രതീക്ഷ. പ്രവാസി മലയാളികളുടെ സഹകരണം മാത്രം ഉണ്ടായാല്‍ ശബരി ചായക്ക് വിപണി കയ്യടക്കുവാന്‍ കഴിയും. പ്രവാസി സംരംഭകരുടെ സഹായത്തോടെ സപ്ലൈകോയുടെ മറ്റു ഉൽപ്പന്നങ്ങളും വിദേശ വിപണിയിൽ എത്തിക്കുവാനും കഴിയും എന്നും മന്ത്രി പറഞ്ഞു.
ശബരി തേയിലപ്പൊടി കൂടാതെ ശബരി ടീ ഗ്രാന്യൂള്‍സ്, ശബരി ടീ ബാഗ് എന്നിവയും ഉടന്‍ തന്നെ വിപണിയില്‍ എത്തിക്കും എന്ന് ബി – ഫ്രഷ് ജനറൽ മാനേജർ എ. എൻ. നഷീം അറിയിച്ചു.
കേരളത്തിൽ മാത്രം ലഭ്യമാവുന്ന മറയൂർ ശർക്കര, കോയിൻ ബിസ്ക്കറ്റ്സ്, കുട്ടനാട് അരി എന്നിവ ബി – ഫ്രഷ് വിതരണം ചെയ്യുന്ന ഉൽപ്പന്നങ്ങളാണ്.