അബുദാബി : കേരള സോഷ്യൽ സെൻ്റർ ഇരുപത്തി നാലാമത് ജിമ്മി ജോർജ്ജ് സ്മാരക അന്താ രാഷ്ട്ര റമദാൻ വോളി ബോൾ ടൂർണ്ണ മെൻ്റ് 2024 മാർച്ച് 27 മുതൽ 31 വരെ നടക്കും. എല്ലാ ദിവസവും രാത്രി എട്ടു മണി മുതലാണ് മത്സരങ്ങൾ ആരംഭിക്കുക.
അബുദാബി എയർ പോർട്ട് റോഡിൽ എമിഗ്രേഷൻ ബ്രിഡ്ജിന് സമീപം ലിവ ഇൻ്റർ നാഷണൽ സ്കൂൾ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക.
ബുർജീൽ ഹോൾഡിംഗ്സിൻ്റെ എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ഗ്രൂപ്പുമായി സഹകരിച്ചു കൊണ്ടാണ് വോളി ബോൾ ടൂർണ്ണ മെൻ്റ് സംഘടിപ്പിക്കുന്നത് എന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മാർച്ച് 27 ന് രാത്രി 8 മണിക്ക് ബുർജീൽ ഹോൾഡിംഗ്‌സ് ചെയർമാൻ ഡോ. ഷംസീർ വയലിൽ ടൂർണ്ണ മെൻ്റ് ഉദ്‌ഘാടനം ചെയ്യും. ചടങ്ങിൽ കെ. എസ്. സി. കലാ വിഭാഗം അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികളും അരങ്ങേറും.
ഇന്ത്യ, യു. എ. ഇ, ഈജിപ്ത്, ബ്രസീൽ , കൊളംബിയ, ലെബ നോൺ, ക്യൂബ, റഷ്യ, സെർബിയ, യു. എസ്. എ, ഇറാൻ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ ദേശീയ – അന്തർ ദേശീയ താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും.
എൽ. എൽ. എച്ച്. ഹോസ്പിറ്റൽ, ഓൺലി ഫ്രഷ് ദുബായ്, പാല സിക്സ് മദിന ദുബായ്, ശ്രീലങ്കൻ ഇർൻ്റ നാഷണൽ ടീം, ലിറ്റിൽ സ്കോളർ നഴ്സറി ദുബായ്, ഖാൻ ക്ലബ്ബ് എന്നീ ആറ് ടീമുകളാണ് കളിക്കളത്തിൽ ഇറങ്ങുക.
എൽ. എൽ. എച്ച്. ഹോസ്പിറ്റൽ എവർ റോളിങ് ട്രോഫിയും 20,000 ദിര്‍ഹവുമാണ് വിജയികള്‍ക്ക് സമ്മാനിക്കുക. അയൂബ് മാസ്റ്റര്‍ സ്മാരക ട്രോഫിയും 15,000 ദിര്‍ഹവും റണ്ണേഴ്സപ്പിന് ലഭിക്കും.
മികച്ച കളിക്കാരൻ, ഒഫെന്‍ഡര്‍, ബ്ലോക്കർ, സെറ്റർ, ലിബറോ, ഭാവി വാഗ്ദാനം എന്നിവർക്കും വ്യക്തിഗത പുരസ്കാരങ്ങൾ സമ്മാനിക്കും.
കേരള സോഷ്യൽ സെൻ്റർ പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി, ബുർജീൽ ഹോൾ ഡിംഗ്സ് സി. ഒ. ഒ. സഫീർ അഹമ്മദ്, കോഡിനേറ്റർ ടി. എം. സലിം, ജനറൽ സെക്രട്ടറി കെ. സത്യൻ, ഫൈനാൻസ് കൺവീനർ അഡ്വ. അൻസാരി സൈനുദ്ദീൻ, കായിക വിഭാഗം സെക്രട്ടറി റഷീദ് അയിരൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.