അബുദാബി : ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി യുടെ യു. എ. ഇ. യിലെ അര നൂറ്റാണ്ടിന് ആദരവ് അർപ്പിച്ച് കൊണ്ട് ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ് പദ്ധതി യിലൂടെ 10 കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്ര ക്രിയകൾ വിജയകരമായി പൂർത്തിയായി.
ഈ ജനുവരിയിൽ പ്രഖ്യാപിച്ച അൻപത് ഹൃദയ ശസ്ത്ര ക്രിയകളിൽ ആദ്യ പത്തെണ്ണമാണ് പൂർത്തിയായത്. സംഘർഷ മേഖലകളിൽ നിന്നുള്ള കുട്ടികൾക്ക് അടിയന്തര ജീവരക്ഷാ സഹായം ലഭ്യമാക്കാനുള്ള ശസ്ത്ര ക്രിയകളാണ് ആദ്യ ഘട്ടത്തിൽ ലഭ്യമാക്കിയത്.
ലിബിയ, ടുണീഷ്യ എന്നിവിടങ്ങളിലെ ചികിത്സക്കു ബുദ്ധിമുട്ട് നേരിടുന്ന കുട്ടി കൾക്ക് ഒപ്പം ഈജിപ്റ്റിൽ നിന്നുള്ള കുരുന്നു കളും ആദ്യ മാസം സങ്കീർണ വൈദ്യ സഹായം ലഭിച്ചവരിൽ ഉൾപ്പെടും. കുട്ടി കളുടെ തുടർ ജീവിതത്തെ മാറ്റി മറിക്കുന്ന ശസ്ത്ര ക്രിയകളാണ് നടന്നത്. ഇവർ 10 മാസം മുതൽ 9 വയസ്സ് വരെയുള്ള പ്രായക്കാരാണ്.
പ്രമുഖ പ്രവാസി സംരംഭകനും ബുർജീൽ ഹോൾ ഡിംഗ്‌സ് സ്ഥാപകനും ചെയർമാനും എം. എ. യൂസഫലിയുടെ മകൾ ഡോ. ഷബീന യൂസഫലിയുടെ ഭർത്താവുമായ ഡോ. ഷംഷീർ വയലിൽ ആണ് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ് പദ്ധതി പ്രഖ്യാപിച്ചത്. ഈ ഉദ്യമത്തിലൂടെ കുട്ടികൾക്ക് ആരോഗ്യകരമായ ഭാവി ഉറപ്പാക്കുവാൻ കഴിയുന്നതിൽ അഭിമാനം ഉണ്ടെന്ന് ഡോ. ഷംഷീർ പറഞ്ഞു.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ കുട്ടികൾക്ക് സഹായം ലഭ്യമാക്കാനുള്ള തുടർ നടപടികൾ പുരോഗമിക്കുകയാണ്. കേരളത്തിൽ നിന്ന് പദ്ധതി യിലേക്ക് അപേക്ഷിച്ചവരിൽ തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് നാട്ടിൽ തന്നെ ചികിത്സ ഒരുക്കുവാനാണ് ശ്രമം എന്നും അദ്ദേഹം അറിയിച്ചു.