മസ്കറ്റ് : പ്രവാചകന്‍ മുഹമ്മദ് നബിയെയും ഇസ്ലാം മത വിശ്വാസികളെയും അവഹേളിക്കുന്ന ചലച്ചിത്രം പുറത്തിറക്കിയതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ചയും ഒരു സംഘം ഒമാനി യുവാക്കള്‍ മസ്കത്തിലെ യു. എസ്. എംബസിയിലേക്ക് പ്രകടനം നടത്തി. ശാത്തി ഖുറം മസ്ജിദില്‍ നിന്ന് ജുമുഅ നമസ്കാരം കഴിഞ്ഞ് സംഘടിച്ച മുപ്പതോളം യുവാക്കള്‍ അമേരിക്കന്‍ വിരുദ്ധ മുദ്രാവാക്യം മുഴക്കി യു. എസ്. എംബസി പ്രവര്‍ത്തിക്കുന്ന ജംഇയ്യത്തുല്‍ ദവ്വല്‍ അല്‍ അറേബ്യ സ്ട്രീറ്റിലേക്ക് നീങ്ങുകയായിരുന്നു.
നേരത്ത കനത്ത പൊലീസ് ബന്തവസ്സിലായിരുന്ന എംബസിയുടെ പരിസരത്തേക്ക് ഇതോടെ കൂടുതല്‍ പൊലീസും സൈന്യവും ഇരച്ചെത്തി. യു. എസ്. എംബസിയിലേക്ക് എത്തുന്നതിന് മുമ്പുള്ള ബ്രിട്ടിഷ് എംബസിയുടെ സമീപം പ്രകടനക്കാരെ പൊലീസും സൈന്യവും തടഞ്ഞു. കുപ്രചരണങ്ങള്‍ അവസാനിപ്പിച്ച് പ്രവാചകനെയും ഇസ്ലാമിനെയും തിരിച്ചറിയാന്‍ ശ്രമിക്കണമെന്നും, ലോകമെമ്പാടും അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള യു. എസ് – ജൂത
ഗൂഢാലോചനകളെ തിരിച്ചറിയണമെന്നും പ്രകടനക്കാര്‍ മുദ്രാവാക്യം മുഴക്കി കൊണ്ടിരുന്നു. പിന്നീട് സൈന്യത്തിന്‍െറയും പൊലീസിന്‍െറയും നിര്‍ദേശം പാലിച്ച് യുവാക്കള്‍ ശാന്തരായി പിരിഞ്ഞു പോയി. എംബസി പരിസരത്ത് പ്രതിഷേധ പ്രകടനം നടന്നുവെന്ന് വെള്ളിയാഴ്ച യു. എസ്. എംബസിയും ഔദ്യാഗികമായി സ്ഥിരീകരിച്ചു.
അടുത്ത ദിവസങ്ങളില്‍ പ്രതിഷേധം കുടുതല്‍ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ജീവനക്കാര്‍ എംബസി പരിസരത്ത് നിന്ന് മാറി നില്‍ക്കണമെന്ന് നയതന്ത്ര കാര്യാലയം വെബ്സൈറ്റിലൂടെ നിര്‍ദേശം നല്‍കി. യമൻ, ലിബിയ, ഈജിപ്ത് എന്നിവിടങ്ങളിലെ എംബസികള്‍ക്ക് നേരെ കനത്ത ആക്രമണമുണ്ടായ സാഹചര്യത്തില്‍ മസ്കത്ത് നഗരത്തിലെയും ഒമാനിലെയും സ്ഥിതിഗതികള്‍ എംബസി നിരീക്ഷിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ പ്രകടനം നടക്കുന്ന മേഖലകളില്‍ നിന്ന് യു. എസ്. പൗരന്‍മാര്‍ വിട്ടു നില്‍ക്കണം. എംബസി പരിസരത്തേക്ക് വരുന്നതും പരമാവധി ഒഴിവാക്കുക. പ്രകടനങ്ങള്‍ ആരംഭിക്കുന്നത് സമാധാന പരമായാണെങ്കിലും ഏതു നിമിഷവും അക്രമാസക്തമായേക്കാം. അതിനാല്‍, പ്രാദേശിക മാധ്യമങ്ങളില്‍ നിന്നും മറ്റും രാജ്യത്തെ ക്രമസമാധാനം സംബന്ധിച്ച വിവരങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കണം.
ഒമാനിലുള്ള അമേരിക്കന്‍ പൗരന്‍മാര്‍ അവരുടെ യാത്രാ രേഖകള്‍ ഏതു സമയവും യാത്ര ചെയ്യാന്‍ കഴിയുന്ന വിധം കാലാവധി യുള്ളവയാണെന്ന് ഉറപ്പു വരുത്തണം. സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്‍റിന്‍െറ സ്മാര്‍ട്ട് ട്രാവലര്‍ എന്‍റോള്‍മെന്‍റ് പ്രോഗ്രാമില്‍ പൗരന്‍മാര്‍ ഉടന്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്നും യാത്രകള്‍
സുഗമമാക്കാന്‍ ഇത് സഹായിക്കുമെന്നും എംബസി പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.
(അയച്ചു തന്നത് : ബിജു കരുനാഗപ്പള്ളി)
- pma