മസ്കറ്റ് : മത വിദ്യാഭ്യാസമല്ല ദൈവിക മാർഗ്ഗങ്ങളാണ് മനുഷ്യന് അന്യമായിക്കൊണ്ടിരിക്കുന്നത് എന്ന് സുൽത്വാനിയ ഫൗണ്ടേഷൻ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബാവ ഉസ്താദ്. ഒമാനിലെ മബേലയിൽ സുൽത്വാനിയ കോൺക്ലേവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.
മത കലാലയങ്ങളും മത പഠനങ്ങളും എവിടെയും ലഭ്യമാണിന്ന്. എന്നാൽ, കർമ്മങ്ങളുടെ സ്വീകാര്യത ദൈവ മാർഗ്ഗം സ്വീകരിച്ചവർക്ക് മാത്രമാണ്. സംഘടന വളർത്തലും മതം വളർത്തലും വർഗ്ഗീയത, കലാപങ്ങൾ എന്നിവയിലേക്കാണ് ലോകത്തെ എത്തിക്കുന്നത്. വിശുദ്ധരായ ആളുകളുടെ കൈകളിലാണ് ദൈവ മാർഗ്ഗം നില കൊള്ളുന്നത്.
തിരുനബി (സ്വ) യുടെ അനന്തരാവകാശികളായ പ്രതിനിധികളെയാണ് അല്ലാഹു അതിന് നിയോഗിച്ചിട്ടുള്ളത്. അബ്ദുൽ ഖാദിർ ജീലാനി, സ്വാഹിബുൽ മിർബാത് എന്നിവരെപ്പോലുള്ള മഹാന്മാരുടെ പിന്തുടർച്ചക്കാരിലാണ് ഇന്ന് അതുള്ളത്.
ഒമാൻ അടക്കമുള്ള അറബ് രാഷ്ട്രങ്ങളോട് ലോകം കടപ്പെട്ടവരാണ്. ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന ഏഷ്യൻ രാജ്യങ്ങൾ പലതും അറബ് രാഷ്ട്രങ്ങളെ കൊണ്ട് ഉയർന്നു വന്നവരാണ്. മലയാളികളായ നമ്മുടെ ജീവിത നിലവാരം ഉയർത്തുന്നതിൽ അറബ് ദേശങ്ങൾ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.
ഒരു പറ കൊയ്ത് മെതിച്ചു കിട്ടുന്ന ഒരു നാരായം നെല്ല് കൊണ്ട് ജീവിതം പുലർത്തിയിരുന്ന നാടുകൾ ആയിരുന്നു നമ്മുടേത്. നമ്മുടെ പ്രാർത്ഥനകളിൽ അറബ് നാടുകളും ഉണ്ടായിരിക്കണം. അതേസമയം ജീവിതത്തിൻ്റെ ലക്ഷ്യം മറന്ന് നാം സുഖ സൗകര്യ ങ്ങളെ ലക്ഷ്യം വെക്കുന്നവരായി മാറി പ്പോകുന്നതിനെ സൂക്ഷിക്കണം എന്നും ശൈഖ് മുഹമ്മദ് ബാവ ഉസ്താദ് പറഞ്ഞു.
ഒമാനിലെ ഖാദിരിയാ സൂഫീ മാർഗ്ഗത്തിലെ ഖലീഫ ശൈഖ് അബ്ദുൽ മജീദ് അൽ-മൈമനി അൽ ഖാദിരി മുഖ്യ അതിഥിയായിരുന്നു. സയ്യിദ് അബ്ദുൽ കരീം അൽ ബുഖാരി ഉദ്ഘാടനം ചെയ്തു.
ഡോ. ശൈഖ് അബ്ദുൽ നാസിർ മഹ്ബൂബി, ജാസിം മഹ്ബൂബി, സ്വാലിഹ് മഹ്ബൂബി, ആരിഫ് സുൽത്വാനി, അബ്ദുൽ അസീസ് അസ്ഹരി, അസീം മന്നാനി, താജുദ്ദീൻ മുസ്ലിയാർ, അബ്ദുൽ ഹകീം കോട്ടയം, ജൈസൽ തിരൂർ സംസാരിച്ചു.
- ePathram tag : OMAN
- ഉർസെ സുൽത്വാൻ സംഗമം
- സുൽത്വാനിയ പീസ് കോൺഫറസ്