സോഹാര്‍: തൊഴില്‍ ഉടമയുടെ നിരന്തര പീഢനത്തിന് ഇരകളായ യുവ എഞ്ചിനീയര്‍മാര്‍ക്ക് മോചനം .സ്വദേശികളുടെ ഉടമസ്ഥതയിലുള്ള സോഹറിലെ പ്രമുഖ ഇലക്ട്രിക് കമ്പനിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്തു വന്ന ചത്തീസ്ഗഢ് രക്പുര്‍ സ്വദേശികളായ ജുനൈദ് ഹുസൈൻ, മോഹമെദ് അലി എന്നിവരാണ് സാമൂഹ്യ പ്രവര്‍ത്തകനും സോഹാര്‍ കെ. എം. സി. സി. ഭാരവാഹിയുമായ കെ. യൂസുഫ് സലിമിന്റെ
ഇടപെടലിനെ തുടര്‍ന്ന് മോചിതരായത്.
കഴിഞ്ഞ ആറു മാസമായി ശമ്പളമോ ഭക്ഷണമോ ലഭ്യമാകാതെ ക്യാമ്പില്‍ കഴിഞ്ഞിരുന്ന ഇവര്‍ യൂസുഫ് സലിമുമായി ബന്ധപെടുകയും തുടര്‍ന്ന് തൊഴില്‍ മന്ത്രാലയത്തില്‍ പരാതി നല്‍കുകയും ചെയ്തു. നിരവധി തവണ കമ്പനി ഉടമയ്ക്ക് മന്ത്രാലയത്തില്‍ നിന്നും നോട്ടീസ് നല്‍കുകയുമുണ്ടായി. എന്നാല്‍ ഇവർക്കെതിരെയുള്ള പീഡനം തുടരുകയും പോലീസില്‍ ഏല്പിക്കുമെന്നു ഉടമ ഭീഷണി പ്പെടുത്തുകയും കാമ്പില്‍ നിന്നും പുറത്തു പോകണമെന്നും അവശ്യപ്പെട്ടു. ഈ വിവരം മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ രേഖകള്‍ സഹിതം ധരിപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഉടമ നേരിട്ട് ഹാജരാകണമെന്ന് തൊഴില്‍ മന്ത്രാലയ മേധാവി അന്ത്യ ശാസനം നല്‍കുകയുമായിരുന്നു.
ആറു പേരടങ്ങുന്ന പാർട്‌ണർഷിപ്പ് കമ്പനിയിലെ മുഴുവന്‍ ഇടപാടുകളും തടഞ്ഞു വെയ്ക്കുമെന്നും തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് ഉടന്‍ പരിഹാരം ഉണ്ടാക്കണമെന്നുമുള്ള അറിയിപ്പ് ലഭിച്ച ഉടന്‍ ഉടമ തൊഴില്‍ മന്ത്രാലയത്തില്‍ എത്തി രമ്യതയ്ക്കു തയ്യാറാകുകയും ആയിരുന്നു. ഇത് പ്രകാരം ഇരുവർക്കുമുള്ള ആനുകൂല്യങ്ങളും വിമാന ടിക്കറ്റും കമ്പനി ഉടമ നല്കാന്‍ തയ്യാറായി. സോഹാര്‍ തൊഴില്‍ മന്ത്രാലയത്തിലെ അഹ്മദ് അൽ മാമരിയുടെ നേതൃത്വത്തിലാണ് പ്രശനം പരിഹരിച്ചത്. ഏറെ നാളായി ദുരിത ജീവിതം നയിക്കുന്ന ഇരുവരും അടുത്ത വെള്ളിയാഴ്ച്ച സ്വദേശത്തേക്ക് യാത്രയാകും.
(അയച്ചു തന്നത് : ബിജു കരുനാഗപ്പള്ളി)
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഒമാന്‍, കെ.എം.സി.സി., തൊഴിലാളി, പ്രവാസി, സാമൂഹ്യ സേവനം