ദോഹ : പാവറട്ടി നിവാസികളുടെ ഖത്തറിലെ കൂട്ടായ്മയായ “ആസ്പയര്‍ ഖത്തര്‍” എന്ന സംഘടനയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം ദോഹയിലെ ഷാലിമാര്‍ പാലസ് ഹോട്ടലില്‍ നടന്നു. കലാ സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിച്ചു കൊണ്ട് ഇവിടെ ഒത്തു കൂടുകയും അതോടൊപ്പം കാരുണ്യ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്ത് കൊണ്ട് മുന്നോട്ട് പോകുവാനുമാണ് ഈ കൂട്ടായ്മയുടെ ഉദ്ദേശം. സംഘടനയുടെ പ്രോജക്റ്റ് കോ – ഓര്‍ഡിനേറ്റര്‍ ഷക്കീര്‍ ഷാലിമാര്‍ സ്വാഗതം പറഞ്ഞു. കലയും, സംഗീതവും എല്ലാം അവതരിപ്പിച്ച് കൊണ്ട് പുതിയ സംഘടനകള്‍ രൂപം കൊള്ളുമ്പോള്‍ അതോടൊപ്പം അര്‍ഹത ഉള്ളവരെ കണ്ടെത്തി എന്തെങ്കിലും കാരുണ്യ പ്രവത്തനങ്ങള്‍ ചെയ്യുമ്പോള്‍ ആണ് ഒരു സംഘടന വിജയത്തില്‍ എത്തുന്നതെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ നിഷാദ് ഗുരുവായൂര്‍ പറഞ്ഞു. കലയും, സംഗീതവും, കാരുണ്യ പ്രവര്‍ത്തനവുമെല്ലാം ഒരു സംഘടനയുടെ ഭാഗമാവുമ്പോള്‍ അതിലേക്ക് വര്‍ണ്ണ വിവേചനവും, രാഷ്ട്രീയ നിറവും കലര്‍ത്താതെ മുന്നേറുവാന്‍ ആശംസാ പ്രസംഗത്തില്‍ അസീസ് ബ്ലാങ്ങാട് പറഞ്ഞു. പോപ്പുലര്‍ ഇലക്‌ട്രിക്കല്‍സ് എം. ഡി. ലതേഷ്, ഖാദര്‍ വന്മേനാട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. യൂനുസ് പാലയൂര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന സംഗീത നിശയ്ക്ക് ഷക്കീര്‍ പാവറട്ടി നേതൃത്വം നല്‍കി.
ദോഹയിലെ പ്രമുഖ ഇലക്‌ട്രിക് കമ്പനിയായ പോപ്പുലര്‍ ഇലക്‌ട്രിക്കല്‍സ് സ്പോണ്സര്‍ ചെയ്ത് കൊണ്ട് ജനുവരിയില്‍ “പ്രവാസി അമേസിംഗ് നൈറ്റ് – 2012 ” എന്ന പേരില്‍ കലാ സാംസ്കാരിക സംഗീത നിശ പാവറട്ടിയില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പാവറട്ടി പ്രദേശത്തുള്ള ഏതൊരാള്‍ക്കും ഈ സംഘടനയില്‍ അംഗത്വം എടുക്കാവുന്നതാണ് .
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക – 00974 66947098 , 77163331
(വാര്‍ത്ത അയച്ചത് : കെ. വി. അബ്ദുല്‍ അസീസ് – ചാവക്കാട് – ദോഹ – ഖത്തര്‍)
- ജെ.എസ്.