
അബുദാബി : കേരള മുഖ്യമന്ത്രി പിണറായിവിജയന് അബുദാബിയിലെ മലയാളി സമൂഹം സ്വീകരണം നൽകുന്നു.
മലയാളോത്സവം എന്ന പേരിൽ 2025 നവംബർ 9 ഞായറാഴ്ച വൈകുന്നേരം ആറു മണിക്ക് അബുദാബി സിറ്റി ഗോൾഫ് ക്ലബ്ബ് മൈതാനത്ത് സംഘടിപ്പിക്കുന്ന മലയാളോത്സവം പരിപാടിക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയായി എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കേരളപ്പിറവിയുടെ എഴുപതാം വാർഷികവുമായി ബന്ധപ്പെട്ടാണ് മലയാളോത്സവം സംഘടിപ്പിക്കുന്നത്. അബുദാബി യിലെയും അൽ ഐനിലെയും അംഗീകൃത പ്രവാസി സംഘടനകളും ലോക കേരള സഭ, മലയാളം മിഷൻ എന്നിവരു ടെയും നേതൃത്വ ത്തിലുള്ള സംഘാടക സമിതിയാണ് ഒരുക്കങ്ങൾ നടത്തുന്നത്.
യു. എ. ഇ. സഹിഷ്ണുത സഹവർത്തിത്വ വകുപ്പ് മന്ത്രി ശൈഖ് നഹിയാൻ ബിൻ മുബാറക് അൽ നഹ്യാൻ മലയാളോത്സവം ഉദ്ഘാടനം ചെയ്യും.
ഇന്ത്യൻ അംബാസിഡർ ദീപക് മിത്തൽ, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, കേരള ചീഫ് സെക്രട്ടറി ജയ തിലക്, ലുലു ഗ്രൂപ്പ് മേധാവി എം. എ. യൂസഫലി മറ്റു സാംസ്കാരിക പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും.
ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ തുടക്കമാവുന്ന മലയാളോത്സവം പരിപാടിയിൽ കേരളത്തനിമയും അറബ് സംസ്കൃതിയും സമന്വയിപ്പിക്കുന്ന വിവിധ കലാ പരിപാടികൾ അരങ്ങേറും.
എട്ടു വർഷങ്ങൾക്കു ശേഷം തലസ്ഥാനത്ത് എത്തുന്ന മുഖ്യമന്ത്രിയെ വരവേൽക്കാൻ അബുദാബിയിലെ പ്രവാസികൾ ആവേശത്തോടെ കാത്തിരിക്കുകയാണ്. പ്രതി സന്ധി ഘട്ടങ്ങളിൽ പ്രവാസികൾ ഉൾപ്പെടെ യുള്ള മുഴുവൻ മലയാളികളെയും ചേർത്തു പിടിച്ച മുഖ്യ മന്ത്രിയെ നേരിട്ട് കാണാനും കേൾക്കാനും ഉള്ള പ്രവാസികളുടെ സുലഭാവസരം കൂടിയാണിത് എന്നും സംഘാടകർ പറഞ്ഞു.
അലൈൻ, മുസഫ, അബുദാബി യുടെ വിവിധ പ്രദേശങ്ങളിൽ നിന്നും വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
സംഘാടക സമിതി ചെയർമാൻ അഡ്വക്കേറ്റ് അൻസാരി സൈനുദ്ദീൻ, വൈസ് ചെയർമാൻ ഇ. കെ. സലാം, രക്ഷാധികാരി റോയ് ഐ. വർഗീസ്, കോഡിനേറ്റർ കെ. കൃഷ്ണകുമാർ, കേരള സോഷ്യൽ സെൻറർ പ്രസിഡണ്ട് ടി. കെ. മനോജ്, മലയാളി സമാജം പ്രസിഡണ്ട് സലിം ചിറക്കൽ, ഇന്ത്യ സോഷ്യൽ സെൻറർ പ്രസിഡണ്ട് ജയചന്ദ്രൻ നായർ, ലോക കേരള പി. വി. പത്മനാഭൻ, മലയാളം മിഷൻ ചെയർമാൻ എ. കെ. ബീരാൻ കുട്ടി തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.




































