അബുദാബി : ഇസ്രായേല്‍ അധിനിവേശ ഭൂമിയായ ഗാസയില്‍ പരിക്കേറ്റ കുട്ടികൾക്ക് ചികിത്സ ലഭ്യമാക്കാനുള്ള സംയുക്ത ഉദ്യമത്തിന് തുടക്കം കുറിച്ച് പ്രവാസി സംരംഭകൻ ഡോ. ഷംഷീർ വയലിൽ.
അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള ബുർജീൽ ഹോൾഡിംഗ്‌സും റെസ്‌പോൺസ് പ്ലസ് ഹോൾഡിംഗും (ആർ. പി. എം.) ഈജിപ്തിലെ ക്ലിയോപാട്ര ഹോസ്പിറ്റൽസ് ഗ്രൂപ്പിന്‍റെ പിന്തുണയോടെയാണ് കുട്ടികൾക്ക് അടിയന്തരവും സങ്കീർണ്ണവുമായ വൈദ്യ സഹായം നൽകാൻ ശ്രമം തുടങ്ങിയത്.
അടിയന്തര പരിചരണവും ശസ്ത്രക്രിയകളും ആവശ്യമുള്ള കുട്ടികൾക്ക് അതിർത്തിയിൽ തന്നെ ചികിത്സ നൽകാനായി 60 കിടക്കകള്‍ ഉള്ള ഫീൽഡ് ഹോസ്പിറ്റൽ ഗാസ – ഈജിപ്ത് അതിർത്തിയിലെ റഫയിൽ സെക്കൻഡറി, ടെറിഷ്യറി ചികില്‍സകള്‍ ആവശ്യമുള്ള കുട്ടികൾക്ക് മികച്ച പരിചരണം ഉറപ്പാക്കാൻ അവരെ കെയ്‌റോയിലെയും അബുദാബിയിലെയും ആശുപത്രികളിലേക്ക് മാറ്റുന്നതില്‍ സൗകര്യം ഒരുക്കും.
പ്രത്യേക മെഡിക്കൽ ആവശ്യങ്ങളുള്ള രോഗികളെ കെയ്‌റോയിലേക്ക് മാറ്റും. ഓർത്തോപീഡിക് പ്രശ്നങ്ങൾ, പീഡിയാട്രിക്, നിയോനേറ്റൽ ഇന്‍റൻസീവ് കെയർ, വിവിധ സര്‍ജറികള്‍ എന്നിവ ഉൾപ്പെടെയുള്ള സങ്കീർണ്ണമായ അവസ്ഥകൾക്ക് ചികിത്സ നൽകാൻ കുട്ടികളെ അബുദാബിയിലെ ബുർജീൽ മെഡിക്കൽ സിറ്റിയിലേക്ക് എത്തിക്കും. പ്രതിസന്ധി ഘട്ടത്തിൽ മാനസികാരോഗ്യം ഉറപ്പാക്കാൻ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും കൗൺസിലിംഗ് സേവനങ്ങൾ നൽകും.
മെഡിക്കൽ വിദഗ്ധർ ഉൾപ്പെടുന്ന പ്രത്യേക സംയുക്ത കർമ്മ സേനയാണ് നടപടികൾ ഏകോപിപ്പിക്കുന്നത്. ഗള്‍ഫ് മേഖല യിലെ ഏറ്റവും വലിയ ആരോഗ്യ സേവന ദാതാ ക്കളില്‍ ഒന്നായ ബുർജീൽ ഹോൾഡിംഗ്സും യു. എ. ഇ. യിലെ ഏറ്റവും വലിയ ഓൺ സൈറ്റ് ഹെൽത്ത് കെയർ, എമർജൻസി മെഡിക്കൽ സേവന ദാതാക്കളായ അർപിഎമ്മിനും അടിയന്തര രക്ഷാ – ചികിത്സാ ദൗത്യങ്ങളിലുള്ള വൈദഗ്ധ്യവും അനുഭവ സമ്പത്തും പദ്ധതിക്ക് കരുത്തേകും.
യെമൻ, തുർക്കി, സിറിയ എന്നിവിടങ്ങളിൽ ജീവൻരക്ഷാ മെഡിക്കൽ ദൗത്യങ്ങൾക്കായി വിവിധ സർക്കാരു കളുമായി സ്ഥാപനങ്ങൾ നേരത്തെ പ്രവർത്തി ച്ചിട്ടുണ്ട്. ഈജിപ്തിലെ പ്രമുഖ സ്വകാര്യ ആരോഗ്യ സേവന ദാതാവായ ക്ലിയോപാട്ര ഹോസ്പിറ്റലിലെ ശിശു രോഗ വിഭാഗം ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.