പാലക്കാട് : ഈ വർഷത്തെ ഇൻസൈറ്റ് അവാർഡ് പ്രശസ്ത ചിത്ര സംയോജകനായ വി. വേണു ഗോപാലിനു സമ്മാനിച്ചു. പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പ് നല്‍കി വരുന്നതാണ് ഇൻസൈറ്റ് അവാർഡ്. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്കും ആയുഷ്കാല നേട്ടങ്ങൾക്കും കൂടി യുള്ള താണ് ഇൻസൈറ്റ് അവാര്‍ഡ്. പാലക്കാട് സംഘടിപ്പിച്ച അഞ്ചാമത് കെ. ആർ. മോഹനൻ മെമ്മോറിയൽ ഡോക്യുമെന്‍ററി മേളയോട് അനുബന്ധിച്ചു നടന്ന ചടങ്ങിലാണ് അവാർഡ് സമ്മാനിച്ചത്.
ഇൻസൈറ്റ് ജനറൽ സെക്രട്ടറി മേതിൽ കോമളൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഇൻസൈറ്റ് അവാർഡ് ജൂറി അംഗവും ചലച്ചിത്ര സംവിധായകനുമായ എം. പി. സുകുമാരൻ നായർ, അവാര്‍ഡ് ജേതാവായ വേണു ഗോപാലിനെ പരിചയപ്പെടുത്തി.
ഡോക്ടർ സി. എസ്. വെങ്കിടേശ്വരൻ വേണു ഗോപാലിന് അവാർഡ് സമ്മാനിച്ചു. ഫെസ്റ്റിവൽ ഡയറക്ടർ കെ. വി. വിൻസെന്‍റ് പ്രശംസാ പത്രവും ഇന്‍സൈറ്റ് ട്രഷറര്‍ മാണിക്കോത്ത് മാധവ ദേവ് അവാർഡ് തുകയും കൈമാറി. വൈസ് പ്രസിഡണ്ട് സി. കെ. രാമകൃഷ്ണൻ പൊന്നാട അണിയിച്ചു. വേണു ഗോപാൽ അവാർഡ് ഏറ്റുവാങ്ങി മറുപടി പ്രസംഗം നടത്തി.
അന്തരിച്ച സംവിധായക പ്രതിഭ കെ. എസ്. സേതു മാധവന് ഇൻസൈറ്റിന്റെ ആദരം അർപ്പിച്ചു കൊണ്ട് സന്തോഷ് സേതു മാധവൻ സംവിധാനം ചെയ്ത ‘കഥ യുടെ സംവിധാനം’ എന്ന ഡോക്യൂമെന്‍ററി പ്രദർശിപ്പിച്ചു.
തുടർന്നു നടന്ന കെ. ആർ. മോഹനൻ അനുസ്മരണ ചടങ്ങ് ‘മോഹന സ്മൃതി’ യിൽ സി. കെ. രാമകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി. ടി. കൃഷണനുണ്ണി, പി. എൻ. ഗോപികൃഷ്ണൻ, കേളി രാമചന്ദ്രൻ, രമേഷ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങുകൾ തത്സമയം ഇൻസൈറ്റിന്റെ വെബ് സൈറ്റ് വഴി പൊതു ജനങ്ങൾക്കു കാണുവാനുള്ള സൗകര്യം ഒരുക്കി.