അബുദാബി : ഫോബ്‌സ് മാസിക യുടെ സര്‍വ്വേ പ്രകാരം യു. എ. ഇ. യിലെ പ്രമുഖരായ 100 ഇന്ത്യന്‍ വ്യവസായി കളില്‍ ഒന്നാമത് എത്തിയ ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം. എ. യൂസഫലിക്ക് ഫോബ്‌സ് മിഡില്‍ ഈസ്റ്റ് എഡിഷന്‍ ദുബായില്‍ ഒരുക്കിയ ചടങ്ങില്‍ കേന്ദ്ര മാനവ വിഭവ ശേഷി സഹ മന്ത്രി ശശി തരൂര്‍ അവാര്‍ഡ് സമ്മാനിച്ചു.
ലോകത്തെ പ്രമുഖ ബിസിനസ് മാസിക യായ ഫോബ്‌സ് മാസിക കണ്ടെത്തിയ പ്രമുഖരില്‍ രണ്ടാം സ്ഥാനം ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് ചെയര്‍മാന്‍ മിക്കി ജാഗ്തിയാനിയും മൂന്നാം സ്ഥാനം എന്‍. എം. സി. ഗ്രൂപ്പ് എം. ഡി. യും സി. ഇ. ഒ. യുമായ ഡോ. ബി. ആര്‍. ഷെട്ടി യുമാണ്.
നാലാം സ്ഥാനം ശോഭ ഗ്രൂപ്പ് ചെയര്‍മാന്‍ പി. എന്‍. സി. മേനോന്‍, അഞ്ചാം സ്ഥാനം ജെംസ് എജുക്കേഷന്‍ ചെയര്‍മാന്‍ സണ്ണി വര്‍ക്കി, ആറാം സ്ഥാനം ഡോ. ആസാദ് മൂപ്പന്‍ എന്നിവര്‍ക്കാണ്.
ദുബായ് ഒബ്‌റോയ് ഹോട്ടലില്‍ നടന്ന അവാര്‍ഡു ദാന ച്ചടങ്ങില്‍ യു. എ. ഇ. യിലെ ഇന്ത്യന്‍ സ്ഥാനപതി എം. കെ. ലോകേഷ്, ഫോബ്‌സ് മാസിക മിഡില്‍ ഈസ്റ്റ് ചെയര്‍മാന്‍ ഡോ. നാസര്‍ ബിന്‍ അഖ്വീല്‍ അല്‍ തായര്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.
കഴിഞ്ഞ വര്‍ഷം അറേബ്യന്‍ ബിസ്സിനസ് മാഗസിന്‍ നടത്തിയ സര്‍വ്വെയിലും ഗള്‍ഫിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരില്‍ ഒന്നാമനായി എം. എ. യൂസഫലി യെ തെരഞ്ഞെടു ത്തിരുന്നു.
photo courtesy : arab news dot com
- pma