ദുബായ് : പ്രവാസി കാര്യ വകുപ്പ് പ്രവാസി ഇന്ത്യാക്കാർക്കായി ഒരു പുതിയ സാമ്പത്തിക സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നു. മഹാത്മാ ഗാന്ധി പ്രവാസി സുരക്ഷാ യോജന എന്ന് പേരിട്ട ഈ പദ്ധതി എമിഗ്രേഷൻ ക്ലിയറൻസ് അവശ്യമുള്ള തൊഴിലാളികളെ ഉദ്ദേശിച്ചാണ് കൊണ്ടു വന്നത്. താഴെക്കിടയിലുള്ള തൊഴിലാളികളുടെ സംരക്ഷണത്തിനുള്ള സർക്കാർ നിബന്ധനയാണ് എമിഗ്രേഷൻ ക്ലിയറൻസ്. ഇത് ആവശ്യമുള്ള തൊഴിലാളികളുടെ വിസയും തൊഴിൽ കരാറും പരിശോധനയ്ക്ക് വിധേയമാക്കി മാത്രമേ ഇവർക്ക് ഇന്ത്യക്ക് വെളിയിലേക്ക് പോകാൻ അനുമതി ലഭിക്കൂ. ഇത്തരക്കാർക്ക് ലഭ്യമാക്കിയ ഈ സുരക്ഷാ പദ്ധതി പ്രകാരം അഞ്ചു വർഷം വരെ സർക്കാർ ഒരു നിശ്ചിത തുക തൊഴിലാളിയുടെ പങ്കിനോടൊപ്പം പെൻഷൻ പദ്ധതിയിൽ നിക്ഷേപിക്കും. പദ്ധതിയിൽ അംഗമാകുന്നവർക്ക് ഒരു സൌജന്യ ലൈഫ് ഇൻഷൂറൻസ് പരിരക്ഷയും ലഭിക്കും. മരണമടഞ്ഞാൽ കുടുംബത്തിന് 75000 രൂപയും അംഗ വൈകല്യം സംഭവിച്ചാൽ 37500 രൂപയും നൽകും.
അരോഗ്യമുള്ള കാലത്തോളം കഠിനാദ്ധ്വാനം ചെയ്ത് തങ്ങളുടെ കുടുംബത്തിലേക്ക് പണം അയക്കുകയും തൊഴിൽ നഷ്ടപ്പെട്ടോ അരോഗ്യം നശിച്ചോ തിരികെ നാട്ടിൽ എത്തിയാൽ സമ്പാദ്യമോ പണമോ ഇല്ലാതെ വീട്ടുകാർക്ക് ഭാരമായി തീരുകയും ചെയ്യുന്ന പ്രവാസികൾക്ക് ഏറെ ആശ്വാസമാകും ഈ പുതിയ പദ്ധതി. ഇതിന്റെ ആദ്യ ഓഫീസ് ഏതാനും മാസങ്ങൾക്ക് മുൻപ് കേരളത്തിൽ തുറന്നിട്ടുണ്ട്. ഇന്ത്യക്ക് വെളിയിലെ ആദ്യ ഓഫീസ് ഈ മാസം യു. എ. ഇ. യിൽ പ്രവർത്തനം ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 1800-113-090 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കുകയോ പ്രവാസി കാര്യ വകുപ്പിന്റെ വെബ് സൈറ്റ് സന്ദർശിക്കുകയോ ചെയ്യാവുന്നതാണ്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രവാസി, സാമ്പത്തികം