
അബുദാബി: മെയ് 16, 17 ശനി, ഞായർ ദിവസങ്ങളിൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഹാളിൽ അരങ്ങേറുന്ന ചെസ്സ് ടൂർണ്ണ മെന്റിൽ 45 രാജ്യങ്ങളിൽ നിന്നായി മുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുക്കും. ഇതിനുള്ള വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി എന്നും സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യൻ ഇസ്ലാമിക് സെന്ററും അബുദാബി ചെസ്സ് അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണ മെന്റിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ താരങ്ങൾ മാറ്റുരക്കും. വിജയികൾക്ക് ആകർഷകമായ ക്യാഷ് അവാർഡുകളും ട്രോഫികളും മെഡലുകളും സമ്മാനിക്കും.
കഴിഞ്ഞ രണ്ടു വർഷങ്ങളിലും മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണ മെന്റ് ഇത്തവണ കൂടുതൽ വിപുലമായ രീതി യിലാണ് സംഘടിപ്പിക്കുന്നത് എന്നും സംഘാടകർ അറിയിച്ചു.
മെയ് 16 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് അണ്ടർ-16 വിഭാഗം ജൂനിയർ മത്സരങ്ങളും മെയ് 17 ഞായറാഴ്ച ഉച്ചക്ക് 2 മണി മുതൽ ഓപ്പൺ കാറ്റഗറി മത്സരങ്ങളും നടക്കും.
ഓപ്പൺ കാറ്റഗറി മത്സരം തുടങ്ങുന്നതിനും ഒരു മണിക്കൂർ മുൻപ് വരെ പങ്കെടുക്കാൻ അവസരം നൽകും. ഈ ലിങ്ക് ക്ലിക്ക് ചെയ്തു ഓൺ ലൈനിലൂടെ അപേക്ഷിക്കാം. ഞായറാഴ്ച വൈകുന്നേരം ഏഴു മണിയോടെ ഫലപ്രഖ്യാപനവും തുടർന്ന് സമ്മാന വിതരണവും നടക്കും. ഇന്ത്യൻ എംബസ്സി, അബുദാബി ചെസ്സ് അക്കാദമി ഉന്നത ഉദ്യോഗസ്ഥരും പൗര പ്രമുഖരും സമ്മാന ദാനചടങ്ങിൽ സംബന്ധിക്കും.
ഒരേ സമയം നൂറിലധികം പേർക്ക് മത്സരത്തിൽ പങ്കെടുക്കാനുള്ള വിപുലമായ സജ്ജീകരണങ്ങളാണ് ഇസ്ലാമിക് സെന്റർ ഓഡിറ്റോറിയത്തിൽ ഒരുക്കിയിട്ടുള്ളത്.
യു. എ. ഇ. പ്രഖ്യാപിച്ച കുടുംബ വർഷാചരണത്തിന്റെ ഭാഗമായി വരും മാസങ്ങളിൽ വൈവിധ്യമാർന്ന മറ്റ് പരിപാടികളും സംഘടിപ്പിക്കും എന്നും സെന്റർ ഭാരവാഹികൾ വ്യക്തമാക്കി.
വാർത്താ സമ്മേളനത്തിൽ സെന്റർ പ്രസിഡണ്ട് അബ്ദുൽ റഊഫ് അഹ്സനി, വൈസ് പ്രസിഡണ്ട് വി. പി. കെ. അബ്ദുള്ള, ജനറൽ സെക്രട്ടറി അഡ്വ. കെ. വി മുഹമ്മദ് കുഞ്ഞി, അബുദാബി ചെസ്സ് അക്കാദമി ജനറൽ മാനേജർ അഹമ്മദ് സദാഹ്, യു. അബ്ദുള്ള ഫാറൂഖി, അബ്ദുള്ള നദ്വി, അഷറഫ് നജാത്ത്, അസീസ് കാളിയടൻ, അബ്ദുൽ ബാസിത് കായക്കണ്ടി, ഹംസ നടുവിൽ, സി. കെ ഹുസൈൻ മലപ്പുറം, മുത്തലിബ് പയ്യന്നൂർ, പി. ടി. റഫീഖ്, ഹൈദർ ബിൻ മൊയ്തു, അനീഷ് മംഗലം എന്നിവർ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: chess, islamic-center-, social-media, കായികം, കുട്ടികള്‍, പ്രവാസി, സംഘടന





























