മനാമ : പ്രസിദ്ധ മനുഷ്യാവകാശ – ആരോഗ്യ പ്രവര്‍ത്തകനായ ബിനായക് സെന്നിനെയും നാരായണ്‍ സന്യാല്‍, പീയുഷ് ഗുഹ തുടങ്ങിയ സാമൂഹിക പ്രവര്‍ത്തകരെയും ജീവപര്യന്തം ശിക്ഷ വിധിച്ച റായ്പൂര്‍ സെഷന്‍സ് കോടതി വിധി ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ച അവകാശ വാദങ്ങളുടെ പൊള്ളത്തരം ഒരിക്കല്‍ കൂടി വെളിപ്പെടു ത്തിയിരിക്കുകയാണെന്ന് പ്രേരണ ബഹറിന്‍ അഭിപ്രായപ്പെട്ടു. ചത്തീസ്ഗഡ്ഡിലെ കോര്‍പറേറ്റ് കുത്തകകളുടെ മൃഗീയ ചൂഷണത്തിന് വിധേയരായ ആദിവാസികളെ സംഘടിപ്പിച്ചും അവര്‍ക്ക് അന്യമായ ആതുര സേവനം നല്‍കിയും പ്രവര്‍ത്തിച്ചു എന്ന കാരണം പറഞ്ഞാണ് അദ്ദേഹത്തെ വിചാരണ കൂടാതെ തടങ്കലില്‍ വച്ചിരുന്നത്. സുപ്രീം കോടതിയുടെയും മന്‍ഷ്യാവകാശ പ്രവര്‍ത്തകരുടെയും നിരന്തരമായ ഇടപെടല്‍ ഒന്നു കൊണ്ട് മാത്രമാണ് അദ്ദേഹം മോചിതനായത്. ഇന്ത്യയിലെ അടിച്ചമര്‍ത്തപ്പെട്ട ആദിവാസി, ദളിത് ഇതര വര്‍ഗ്ഗത്തെ പിന്തുണക്കുകയും അതു വഴി സാധാരണക്കാരില്‍ സാധാരണ ക്കാരായവര്‍ക്ക് ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അണി നിരന്നവരെയും ദേശ സുരക്ഷയുടെ മറവില്‍ തടവറകളിലേക്ക് അയക്കാനുള്ള ശ്രമങ്ങളില്‍ ഭരണകൂടവും ജുഡീഷ്യറിയും ഒന്നിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുന്നു.
നമ്മുടെ ജനാധിപത്യത്തിന്റെ കാവലാളായി വര്‍ത്തിക്കുന്ന മാധ്യമങ്ങളെയും വേട്ടയാടുവാന്‍ ഭരണകൂട സംവിധാനങ്ങള്‍ മടിക്കുന്നില്ല. ഒറീസ്സയിലെ സര്‍ക്കാര്‍ ഫണ്ട് ദുര്‍വിനിയോഗത്തെയും, കഞ്ചാവ് വ്യാപാരത്തെയും പറ്റി റിപ്പോര്‍ട്ട് ചെയ്ത സംവാദ് പത്രത്തിന്റെ ലേഖകനെ കരി നിയമത്തില്‍ പെടുത്തി ജയിലിലടക്കാന്‍ ഭരണകൂടം മടിച്ചില്ല. നിസ്സാന്‍ ആഴ്ച്ചപ്പതിപ്പിന്റെ റിപ്പോര്‍ട്ടര്‍ ലെനിന്‍ കുമാറിനെ നക്സല്‍ പക്ഷപാതിത്വം ചുമത്തി തടവിലാക്കിയിരിക്കുന്നു. ഝാര്‍ഖണ്ട് സര്‍ക്കരിന്റെ കോര്‍പറേറ്റ് ബന്ധം വെളിപ്പെടുത്തിയ പീയൂഷ് സേത്തിയെ സ്റ്റേറ്റ് പൊലീസ് അറസ്റ്റ് ചെയ്തു. തെഹല്‍ക്ക റിപ്പോര്‍ട്ടര്‍ ഷാഹിനയെ ദേശദ്രോഹക്കുറ്റം ചുമത്തി ഭീഷണിപ്പെടുത്തുന്നു. ഇതൊക്കെ തെളിയിക്കുന്നത് നമ്മുടെ രാജ്യം അപ്രഖ്യാപിത അടിയന്തിരാവസ്ഥയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു എന്നാണ്.
രാജ്യത്തെ മുഴുവന്‍ പ്രകൃതി വിഭവങ്ങളും ആഗോള, ദേശീയ കുത്തകകള്‍ ക്കായി ഭാഗം ചെയ്യുന്ന സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ രാജ്യത്താകമാനം ഉയര്‍ന്നു വരുന്ന ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താനായി പൊളിറ്റിക്കല്‍ എക്സിക്യൂട്ടീവും ജുഡീഷ്യറിയും പൊലീസും ബ്യൂറോക്രാറ്റുകളും ഒന്നിക്കുന്ന ഭീതിജനകമായ അവസ്ഥയിലേക്ക് രാജ്യം എടുത്തെറിയ പ്പെട്ടിരിക്കുന്നു. ഭരണവര്‍ഗ്ഗ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി നിരവധി കരി നിയമങ്ങള്‍ കേന്ദ്ര സംസ്ഥാന ഗവണ്മെന്റ്റുകള്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് വരുന്നു. ഈ പ്രതികൂല കാലാവസ്ഥയില്‍ രാജ്യത്തിന്‍റെ സ്വത്തും ജനാധിപത്യാ വകാശങ്ങളും സംരക്ഷിക്കാന്‍ മുഴുവന്‍ ജനങ്ങളും ഒന്നിച്ചണി ചേരണമെന്നു പ്രേരണ ബഹറിന്‍ അഭ്യര്‍ത്ഥിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രതിഷേധം, പ്രേരണ യു.എ.ഇ., ബഹറൈന്‍, മനുഷ്യാവകാശം