അബുദാബി : കേരളാ സോഷ്യല്‍ സെന്‍റര്‍ – യു. എ. ഇ. എക്സ്ചേഞ്ച് എവര്‍ റോളിങ്ങ് ട്രോഫിക്ക് വേണ്ടി സംഘടിപ്പിച്ചു വരുന്ന ജിമ്മി ജോര്‍ജ്ജ് സ്മാരക വോളിബോള്‍ ടൂര്‍ണമെന്‍റ് അല്‍ ജസീറ സ്പോര്‍ട്സ് ക്ലബ്ബില്‍ വെള്ളിയാഴ്ച ആരംഭിക്കും.
കഴിഞ്ഞ കുറെ കാലങ്ങളായി കേരളാ സോഷ്യല്‍ സെന്‍റര്‍ അങ്കണത്തില്‍ നടന്നു വന്നിരുന്ന വോളിബോള്‍ ടൂര്‍ണമെന്‍റ് ഈ വര്‍ഷം അല്‍ ജസീറ സ്പോര്‍ട്സ് ക്ലബ്ബുമായി ചേര്‍ന്നാണ് ഒരുക്കുന്നത്.
യു. എ. ഇ., ഇന്ത്യ, ഈജിപ്റ്റ്, ലബനാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ദേശീയ- അന്തര്‍ ദേശീയ താരങ്ങള്‍ വിവിധ ടീമുകളിലായി അണി നിരയ്ക്കും. യു. എ. ഇ നാഷണല്‍ ടീം, അല്‍ ജസീറ സ്പോര്‍ട്സ് ക്ലബ്ബ്, എന്‍. എം. സി. ഗ്രൂപ്പ്, ലൈഫ് ലൈന്‍ ഹോസ്പിറ്റല്‍ ടീം, ദുബായ് ഡ്യൂട്ടി ഫ്രീ, അജ്മാന്‍ ക്ലബ്ബ്, ഇന്‍റര്‍ നാഷണല്‍ കേരളൈറ്റ്സ്, സ്മോഹ ഈജിപ്ഷ്യന്‍ ക്ലബ്ബ് എന്നീ ടീമുകളാണ് മത്സരിക്കുക.
മാര്‍ച്ച് 18 വെള്ളിയാഴ്ച ആരംഭിക്കുന്ന വോളിബോള്‍ ടൂര്‍ണമെന്‍റ് 25 വെള്ളിയാഴ്ച സമാപിക്കും. രാത്രി 8 മണി മുതല്‍ കളി ആരംഭിക്കും. ദിവസവും രണ്ടു കളികള്‍ ഉണ്ടായിരിക്കും.