ഷാര്‍ജ : യു.എ.ഇ. യിലെ പ്രമുഖ വ്യവസായ ഗ്രൂപ്പും, ടെന്‍ സ്പോര്‍ട്ട്സ് ചാനല്‍ ഉടമയുമായ ബുഖാതിര്‍ ഗ്രൂപ്പിലെ അംഗവും, ഐ. എസ്. ഓ. അംഗീകൃത കമ്പനിയുമായ ടച്ച് വുഡ് ഡെക്കോര്‍ ആന്‍ഡ് ഫര്‍ണിച്ചര്‍ ലിമിറ്റഡ് പ്രൈം മെഡിക്കല്‍ സെന്ററുമായി ചേര്‍ന്ന് സൌജന്യ വൈദ്യ പരിശോധനാ ചികില്‍സാ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഈ മാസം 25ആം തീയതി വെള്ളിയാഴ്ച ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാവിലെ 8 മണി മുതല്‍ 12 മണി വരെയുള്ള ക്യാമ്പില്‍ വൈദ്യ പരിശോധന അപ്രാപ്യമായ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളെയാണ് പ്രതീക്ഷിക്കുന്നത്. രാവിലെ 7 മണി മുതല്‍ 10 മണി വരെയാണ് രജിസ്ട്രേഷന്‍.
പ്രാഥമിക പരിശോധന കഴിഞ്ഞവരെ സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് റെഫര്‍ ചെയ്യും. ഇവര്‍ക്ക് വേണ്ട മരുന്നുകള്‍ സൌജന്യമായി നല്‍കുകയും ചെയ്യും. ആരോഗ്യ വകുപ്പിന്റെ അംഗീകാരത്തോടെ നടത്തപ്പെടുന്ന ഈ ക്യാമ്പ്, കഴിഞ്ഞ തവണ നടത്തിയ ക്യാമ്പിന്റെ വിജയത്തെ തുടര്‍ന്നാണ് വീണ്ടും നടത്തുന്നത് എന്ന് ടച്ച് വുഡ് ഡെക്കോര്‍ ആന്‍ഡ് ഫര്‍ണിച്ചര്‍ ലിമിറ്റഡ് ജെനറല്‍ മാനേജര്‍ വി. രാമചന്ദ്രന്‍ അറിയിച്ചു.
ആലുക്കാസ് സെന്റര്‍ റോള, നാഷണല്‍ പെയിന്റ്സ്, സോണാപൂര്‍ മദീന സൂപ്പര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിന്ന് സൌജന്യ യാത്രാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 4379002, 050 6862043, 06 5328359 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.



പ്രേരണ യു. എ. ഇ. യുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ജൂണ്‍ 18-ന് ഖിസൈസിലുള്ള റോയല്‍ പാലസ് അപ്പാര്റ്റ്‌മെന്റ്സ് ഓഡിറ്റോറിയത്തില്‍ വെച്ച് പ്രശസ്ത എഴുത്തുകാരന്‍ കോവിലന്റെയും, പ്രശസ്ത ഡോക്യുമെന്ററി നിര്മ്മാതാവായ സി. ശരത് ചന്ദ്രന്റെയും അനുസ്മരണം നടത്തി. ശരത് ചന്ദ്രന്റെ അനുസ്മരണം മുന്കൂട്ടി നിശ്ചയിച്ച പരിപാടി ആയിരുന്നെങ്കിലും, ആകസ്മികമായി ഇന്ത്യന്‍ സാഹിത്യ മണ്ഡലത്തില്‍ ഒരു ശൂന്യത സൃഷിച്ചു കടന്നു പോയ കോവിലന് അനുശോചനം അര്പ്പിക്കാതെ മുന്നോട്ട് പോകാനാവില്ല എന്നതു കൊണ്ടാണ് ഈ വേദിയില്‍ വെച്ചു തന്നെ അത്തരമൊരു അനുസ്മരണം നടത്തിയത്. എന്നാല്‍ സാഹിത്യ മേഖലയിലുള്ള പരിപടിയോടു കൂടി കോവിലന്‍ അനുസ്മരണം പിന്നീട് നടത്തും എന്ന് സെക്രട്ടറി പ്രദോഷ് സൂചിപ്പിച്ചു.
മനാമ : കുവൈറ്റ് രാജകുമാരന്‍ ശൈഖ് ബാസല്‍ സലിം സബാ അല്‍ സലിം അല്‍ സബാ (52) വെടിയേറ്റു മരിച്ചു. രാജകുമാരന്‍റെ ശരീരത്തില്‍ ഒട്ടേറെ ത്തവണ വെടിയുണ്ട തറച്ചതായി പറയപ്പെടുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയൊന്നും ഇറക്കിയിട്ടില്ല. കൊലപാതകിയെ പോലീസ് പിടി കൂടി യിട്ടുണ്ട്. സംഭവത്തെ ക്കുറിച്ച് അന്വേഷണം തുടങ്ങി.
അബുദാബി : യു. എ. ഇ. ഭരണാധികാരി കളുടെ പ്രത്യേക ക്ഷണ പ്രകാരം ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഈ വര്‍ഷം യു. എ. ഇ. സന്ദര്‍ശിക്കും. ഇരു രാജ്യങ്ങളുടെയും ഓഫീസുകള്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. 1984 – ല്‍ മുന്‍ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധി യാണ് ഏറ്റവും ഒടുവിലായി യു. എ. ഇ. സന്ദര്‍ശിച്ചത്. 26 വര്‍ഷ ങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ യു. എ. ഇ. സന്ദര്‍ശനം ചരിത്ര സംഭവമാകും. മാത്രമല്ല ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളും കൂടുതല്‍ ശക്തമാവും.


























