ദുബായ്: ദുബായ് റെഡ് ക്രെസെന്റ് സൊസൈറ്റിയുമായി സഹകരിച്ച്, ഹെയ്‌തിയിലെ ദുരിത ബാധിത ജനതയ്ക്ക് സഹായം എത്തിക്കാനുള്ള ഇന്ത്യന്‍ മീഡിയാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ പിന്തുണ ലഭിച്ചു. അംഗങ്ങളില്‍ നിന്നുമായി സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ച് പുതിയ വസ്ത്രങ്ങള്‍ വാങ്ങി, റെഡ് ക്രെസെന്റ് വഴി ഹെയ്‌തിയിലേക്ക് അയക്കുവാന്‍ വേണ്ടിയാണ് യു.എ.ഇ. യിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയാ ഫോറം ഹെയ്തി ഹെല്‍പ് സര്‍വീസ് ആരംഭിച്ചത്. എന്നാല്‍ പുതിയ വസ്ത്രങ്ങള്‍ വാങ്ങാന്‍ ചെന്ന ഫോറം പ്രവര്‍ത്തകരെ ആശ്ചര്യപ്പെടുത്തി കൊണ്ട് പ്രമുഖ വസ്ത്ര വ്യാപാരിയായ ഇസ്മായില്‍ റാവുത്തര്‍ 44,000 ദിര്‍ഹം വിലയ്ക്കുള്ള പുതിയ വസ്ത്രങ്ങള്‍ ഈ സദുദ്യമത്തിനായി സംഭാവന ചെയ്തു. എന്നാല്‍ പിന്നെ തങ്ങളുടെ ഫണ്ട് ഉപയോഗിച്ച് മരുന്ന് വാങ്ങി ഹെയ്‌തിയിലേക്ക് കൊടുത്തയക്കാം എന്ന് തീരുമാനിച്ച ഫോറം പ്രവര്‍ത്തകര്‍ മരുന്നുകള്‍ വാങ്ങാന്‍ ഒരു മലയാളി ഡോക്ടറുടെ നേതൃത്വത്തിലുള്ള യു.എ.ഇ. യിലെ ആരോഗ്യ രംഗത്തെ ഒരു പ്രമുഖ ഗ്രൂപ്പിനെ സമീപിച്ചു. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മനുഷ്യ സ്നേഹിയായ ഈ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍, ഇവര്‍ക്ക് 10,000 ദിര്‍ഹത്തിലധികം വിലയ്ക്കുള്ള മരുന്നുകളാണ് ഹെയ്‌തിയിലേക്ക് അയയ്ക്കാന്‍ സൌജന്യമായി നല്‍കിയത്. അവസാനം സ്വന്തം ഫണ്ട് ഉപയോഗിച്ച് ഹെയ്തിയിലേക്ക് അയക്കാന്‍ ഭക്ഷണ പാക്കറ്റുകള്‍ വാങ്ങി ഫോറം പ്രവര്‍ത്തകര്‍. നേരത്തേ ലഭിച്ച വസ്ത്രങ്ങളും, മരുന്നുകളും, ഭക്ഷണ പാക്കറ്റുകളും എല്ലാം അടങ്ങുന്ന ദുരിതാശ്വാസ പാക്കേജ്, നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ദുബായ് റഷീദിയയിലെ റെഡ് ക്രെസെന്റ് ഓഫീസില്‍, ഹെയ്‌തിയിലേക്ക് അയക്കാനായി ഏല്‍പ്പിക്കും എന്ന് ഇന്ത്യന്‍ മീഡിയാ ഫോറം ജന. സെക്രട്ടറി ജോയ് മാത്യു അറിയിച്ചു. വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്ന കേവലമൊരു മാധ്യമ ഫോറം എന്നതിലുപരിയായി ദുരിതം അനുഭവിക്കു ന്നവരിലേയ്ക്ക് കൈയ്യെത്തി ക്കുവാന്‍ സന്നദ്ധമായ ഒരു സംഘം മനുഷ്യ സ്നേഹികളുടെ കൂട്ടായ്മയാണ് യു.എ.ഇ. യിലെ ഇന്ത്യന്‍ മീഡിയാ ഫോറം എന്ന് ഈ ഉദ്യമത്തിലൂടെ തെളിഞ്ഞിരിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.