ഷാര്‍ജ: മുപ്പത്തിമൂന്നാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം നവംബര്‍ അഞ്ച് മുതല്‍ ആരംഭിക്കും. യു. എ. ഇ. സുപ്രീം കൌണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി അഞ്ചാം തിയതി രാവിലെ മേള ഉദ്ഘാടനം ചെയ്യും. നവംബര്‍ പതിനഞ്ച് വരെ നീണ്ടു നില്‍ക്കുന്ന പുസ്തക മേളയില്‍ ലോകത്തിലെ 59 രാജ്യങ്ങളില്‍ നിന്നുമായി വിവിധ ഭാഷകളില്‍ 1256 പുസ്തക പ്രസാധകര്‍ പങ്കെടുക്കും. ഏകദേശം 14 ലക്ഷത്തില്‍ പരം ശീര്‍ഷകങ്ങളില്‍ ഉള്ള പുസ്തകങ്ങള്‍ ഉണ്ടാകും. വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള എഴുത്തുകാരും, ചിന്തകരും, കലാകാരന്മാരും അടങ്ങുന്ന പ്രമുഖ വ്യക്തികളുടെ പ്രഭാഷണങ്ങളും മുഖാമുഖങ്ങളും വിവിധ പരിപാടികളും മേളയുടെ ഭാഗമായി ഉണ്ടാകും.
മേളയില്‍ മലയാളത്തിന്റെ സാന്നിധ്യം ഈ വര്‍ഷവും സജീവമായിരിക്കും. ഡി. സി. ബുക്സ്, മാതൃഭൂമി ബുക്സ് തുടങ്ങി പ്രമുഖ പ്രസാധകരെ മേളയില്‍ പ്രതീക്ഷിക്കുന്നു. എം. പി. വീരേന്ദ്ര കുമാര്‍, കെ. ആര്‍. മീര, നാഷണല്‍ ബുക്‍ ട്രസ്റ്റ് ചെയര്‍മാന്‍ സേതു, സാഹിത്യ അക്കാദമി ചെയര്‍മാന്‍ പെരുമ്പടവം ശ്രീധരന്‍, ശശി തരൂര്‍ എം. പി., മധുസൂധനന്‍ നായര്‍, മഞ്ജു വാര്യര്‍, ഡോ. ലക്ഷ്മി നായര്‍, കുരീപ്പുഴ ശ്രീകുമാര്‍ തുടങ്ങിയ എഴുത്തുകാരും കലാകാരന്മാരും പങ്കെടുക്കും.