റിയാദ് : സാർസ് വൈറസിനെ പിന്തുടർന്ന് വന്ന മെർസ് വൈറസ് ആക്രമണം മൂലം ആഗോള തലത്തിൽ മരിച്ചവരുടെ എണ്ണം 33 ആയി. കഴിഞ്ഞ ദിവസം സൌദി അറേബ്യയിൽ മെർസ് മൂലം രണ്ടു പേർ കൂടി മരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. സൌദിയിലെ മൂന്നാമത്തെ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗിയുടെ നില ഗുരുതരമാണ്.
കഴിഞ്ഞ ഒൻപത് മാസം കൊണ്ട് ലോകമെമ്പാടും 58 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 33 പേർ രോഗത്തിന് കീഴടങ്ങി.
കഴിഞ്ഞ മാസം വരെ നോവൽ കൊറോണ വൈറസ് എന്ന് അറിയപ്പെട്ടിരുന്ന രോഗത്തെ ഇപ്പോൾ മിഡിൽ ഈസ്റ്റ് റെസ്പിറേറ്റൊറി സിൻഡ്രോം കൊറോണ വൈറസ് എന്നാണ് വിളിക്കുന്നത്. രോഗത്തിന്റെ ഉദ്ഭവം മദ്ധ്യപൂർവ്വേഷ്യയിലാണ് എന്നതാണ് ഈ പേർ നൽകാൻ കാരണം.
സൌദിയിലെ 44 കേസുകളിൽ 28 എണ്ണം മാരകമാണ് എന്നാണ് കണക്ക്. ബ്രിട്ടനിൽ മരിച്ച ഒരാൾ സൌദിയിൽ നിന്നും വന്നതാണ്. ഫ്രാൻസിൽ മരിച്ച രോഗി ദുബായിൽ നിന്നും ജെർമ്മനിയിൽ മരിച്ചയാൾ അബുദാബിയിൽ നിന്നും വന്നവരാണ്.