ദുബായ്: പ്രമുഖ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ ടി. എ. സുന്ദര്‍ മേനോന് ഫോബ്സ് മാഗസിന്റെ അംഗീകാരം. സണ്‍ ഗ്രൂപ്പ് ചെയര്‍മാനായ ഇദ്ദേഹം ഫോബ്സ് മാഗസിന്‍ തയ്യാറാക്കിയ യു. എ. ഇ. യിലെ പ്രമുഖരായ 100 ഇന്ത്യന്‍ വ്യവസായികളുടെ പട്ടികയില്‍ ആദ്യമായാണ് ഇടം പിടിക്കുന്നത്. വിവിധ മേഖലകളില്‍ സണ്‍ ഗ്രൂപ്പ് കൈവരിച്ച നേട്ടങ്ങള്‍, വ്യവസായത്തിലെ വൈവിധ്യ വല്‍ക്കരണം, സാമ്പത്തിക പുരോഗതി, തൊഴില്‍ ശേഷി തുടങ്ങിയവ പരിഗണിച്ചാണ് പുരസ്കാരത്തിന് അര്‍ഹത നേടിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സണ്‍ ഗ്രൂപ്പ് വന്‍ വളര്‍ച്ചയാണ് നേടിയത്.
ദുബായില്‍ നടന്ന പ്രൌഢമായ ചടങ്ങില്‍ കേന്ദ്ര മന്ത്രി ശശി തരൂര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. പ്രധാനമായും പെട്രോളിയം ഇന്ധന വ്യവസായ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സണ്‍ ഗ്രൂപ്പിന് ഇന്ത്യയ്ക്ക് അകത്തും പുറത്തും വ്യവസായ സംരംഭങ്ങള്‍ ഉണ്ട്. തൃശ്ശൂര്‍ സ്വദേശിയായ സുന്ദര്‍ മേനോന്‍ വിവിധ സാംസ്കാരിക – സേവന സംഘടനകളുടെ നേതൃത്വം വഹിക്കുന്നതിനൊപ്പം ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും സജീവമാണ്. തൃശ്ശൂര്‍ പൂരത്തിന്റെ അമരക്കാരില്‍ ഒരാളായ സുന്ദര്‍ മേനോന്‍ ആനയുടമയും ആനയുടമകളുടെ സംഘടനയുടെ മുഖ്യ രക്ഷാധികാരിയുമാണ്.
മലയാളിയും എം. കെ. ഗ്രൂപ്പിന്റെ ചെയര്‍മാനുമായ എം. എ. യൂസഫലിയാണ് ഫോബ്സ് തിരഞ്ഞെടുത്ത നൂറു പേരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. പി. എന്‍. സി. മേനോന്‍, സണ്ണി വര്‍ക്കി, ജോയ് ആലൂക്ക, ഡോ. ആസാദ് മൂപ്പന്‍, കെ. മുരളീധരന്‍, ഡോ. ഷംസുദ്ദീന്‍ വയലില്‍, ലാലു സാമുവെല്‍ തുടങ്ങിയവരും ലിസ്റ്റില്‍ ഉണ്ട്.