ഷാര്‍ജ : തൊട്ടടുത്ത ഫ്ലാറ്റില്‍ നിന്നും ഒരു കരച്ചിലും തുടര്‍ന്ന് പുകയും കണ്ടപ്പോള്‍ നിഷാദ് തലേന്ന് തന്റെ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിന് ഡോക്ടര്‍ ഉപദേശിച്ച വിശ്രമം മറന്നു. തുടര്‍ന്നങ്ങോട്ട് ഒരു ഹോളിവുഡ് ത്രില്ലര്‍ ചലച്ചിത്രത്തിലെ രംഗങ്ങളെ ഓര്‍മ്മിപ്പിക്കുന്ന സംഭവങ്ങളാണ് നടന്നത്. കത്തിയമരുന്ന ഫ്ലാറ്റിന്റെ തള്ളി തകര്‍ത്ത വാതിലിലൂടെ അകത്തു പ്രവേശിച്ച നിഷാദ് നേരിട്ടത് കനത്ത കറുത്ത പുകയും തീയുമായിരുന്നു. പണ്ട് അബുദാബിയിലെ ഇന്ത്യന്‍ ഹൈസ്ക്കൂളില്‍ പഠിക്കുന്ന കാലത്ത് ഫയര്‍ ഫോര്‍സുകാര്‍ നടത്തിയ സുരക്ഷാ പരിശീലന ക്ലാസിലെ പാഠങ്ങള്‍ നിഷാദിന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു. ഷര്‍ട്ട് ഊരി മുഖത്ത് കെട്ടിയ നിഷാദ് കറുത്ത നിറത്തിലുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ് അഗ്നി ശമനി തിരിച്ചറിഞ്ഞു. അതുമായി ആളി കത്തുന്ന തീയുടെ അടുത്തെത്തി പണ്ട് പഠിച്ചത് പോലെ അഗ്നി ശമനിയുടെ പൂട്ട് പൊട്ടിച്ചു കാര്‍ബണ്‍ ഡൈ ഓക്സൈഡ് വാതകം തീയുടെ അടിയിലേക്ക് അടിച്ചു തീ കെടുത്തി. കറുത്ത പുക മൂലം അന്ധകാരം നിറഞ്ഞ ഫ്ലാറ്റില്‍ നിന്ന് മൊബൈല്‍ ഫോണിന്റെ പ്രകാശത്തിന്റെ സഹായത്തോടെ പ്രായമായ ഒരു സ്ത്രീയെയും കുളിമുറിയില്‍ നിന്നും മൂന്നു വയസുള്ള ബാലനെയും നിഷാദ് രക്ഷപ്പെടുത്തി. ബോധമറ്റു കിടന്ന ബാലന്റെ വായിലൂടെ ജീവശ്വാസം ഊതി നല്‍കി കുട്ടിയുടെ ശ്വാസോച്ഛ്വാസം വീണ്ടെടുത്തു. അപ്പോഴേക്കും സ്ഥലത്ത് എത്തിയ പോലീസും അഗ്നിശമന സേനാംഗങ്ങളും കുട്ടിയേയും സ്ത്രീയെയും നിഷാദിനെയും ആശുപത്രിയിലേക്ക് എടുത്തു കൊണ്ടു പോകുമ്പോഴേയ്ക്കും തന്റെ രക്തസമ്മര്‍ദ്ദത്തിന്റെ കാര്യം പോലും താന്‍ മറന്നു പോയതായി നിഷാദ് പറയുന്നു.
സ്വന്തമായി ഇന്റീരിയര്‍ ഡെക്കറേഷന്‍ സ്ഥാപനം നടത്തുന്ന നിഷാദ് കൈപ്പള്ളി പ്രശസ്തനായ ബ്ലോഗറും സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമറുമാണ്. മലയാളം കമ്പ്യൂട്ടിംഗ് ഇന്നത്തെ നിലയില്‍ വ്യാപകം ആവുന്നതിന് കാരണമായ യൂണിക്കോഡ് മലയാളത്തിന്റെ ശക്തനായ വക്താവായ നിഷാദ് ആദ്യമായി ബൈബിള്‍ പൂര്‍ണ്ണമായി മലയാളത്തില്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കി. യൂണിക്കോഡ് മലയാളത്തിന്റെ സാദ്ധ്യതയും കൈപ്പള്ളി എന്ന കമ്പ്യൂട്ടര്‍ വിദഗ്ദ്ധന്റെ ആത്മസമര്‍പ്പണവും ഒരു പോലെ വെളിവാക്കുന്ന ഒരു ഉദ്യമമായിരുന്നു സത്യവേദപുസ്തകം.
തന്റെ പ്രവര്‍ത്തന മേഖലയില്‍ എന്ന പോലെ തന്നെ തന്റെ ചുറ്റിലുമുള്ള സമൂഹത്തിലും സമയോചിതവും ധീരവുമായ ഇടപെടല്‍ കൊണ്ട് മാതൃകയായ നിഷാദ്, അഗ്നിക്കിരയായി സര്‍വ്വസ്വവും നഷ്ടപ്പെട്ട കുടുംബത്തിന് സഹൃദയരില്‍ നിന്നും സഹായങ്ങള്‍ എത്തും എന്നാണ് തന്റെ പ്രതീക്ഷ എന്ന് eപത്രത്തോട് പറഞ്ഞു.
ഗള്‍ഫിലെ നിയമ വ്യവസ്ഥയുടെ കാര്‍ക്കശ്യം പലപ്പോഴും ഇത്തരം സന്ദര്‍ഭങ്ങളില്‍ സഹായിക്കുന്നതില്‍ നിന്നും പ്രവാസികളെ പിന്തിരിപ്പിക്കാറുണ്ട്. എന്നാല്‍ തന്റെ നിസ്വാര്‍ഥമായ ഇടപെടല്‍ കൊണ്ട് ഏവര്‍ക്കും മാതൃകയും പ്രചോദനവുമായി തീര്‍ന്നിരിക്കുന്നു നിഷാദ് കൈപ്പള്ളി.