ദുബായ് : കേരളത്തിലെ എന്‍ജിനിയറിംഗ് കോളജുകളിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ യു. എ. ഇ. യിലെ സംഘടനയായ കേര (KERA – Kerala Engineering Alumni) സംഘടിപ്പിച്ച കേരോല്‍സവം വന്‍ വിജയമായി.
കേരളത്തിലെ ഒരു ഉത്സവം ഇന്നേ വരെ കണ്ടിട്ടില്ലാത്ത പുതിയ തലമുറയിലെ പ്രവാസി കള്‍ക്ക് ഒരു ഉത്സവത്തില്‍ പങ്കെടുക്കാനുള്ള അഭൂതപൂര്‍വമായ അവസരമായി മാറി കേരയുടെ ആഭിമുഖ്യത്തില്‍ ദുബായില്‍ നടത്തിയ കേരോല്‍സവം. കേര പ്രസിഡണ്ട് അഫ്സല്‍ യൂനസ് കൊടിയേറ്റം നടത്തി ഉത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കണ്‍വീനര്‍ ജോസ് കെ. സ്വാഗതം പറഞ്ഞു. കേര ജനറല്‍ സെക്രട്ടറി ബിജി തോമസ് നന്ദി പ്രകാശിപ്പിച്ചു. കേര ട്രഷറര്‍ ടെന്നി ഐസക്, ജോയന്റ് സെക്രട്ടറി വിനില്‍, വൈസ് പ്രസിഡണ്ട് അജയ് കുമാര്‍, ഇവന്റ് കോര്‍ഡിനേറ്റര്‍ അനുരൂപ് ശിവദാസ് എന്നിവരും സന്നിഹിതരായിരുന്നു.
കൊടിയേറ്റം മുതല്‍ വെടിക്കെട്ട് വരെ നീണ്ട ഉത്സവ പരിപാടികളില്‍ ആനയെ എഴുന്നള്ളിച്ചത് യു.എ.ഇ. യിലെ ജനത്തിന് ഏറെ കൌതുകകരമായി. ആനയുടെ പൂര്‍ണ്ണകായ പ്രതിമയാണ് എഴുന്നെള്ളിപ്പിന് കൊണ്ട് വന്നത്. ചക്രമുള്ള വാഹനത്തില്‍ ആനയെ എഴുന്നെള്ളിച്ച്, വെളിച്ചപ്പാട്, തെയ്യം, ചെണ്ടമേള വാദ്യ ഘോഷങ്ങള്‍ എന്നിവയോടെ അംഗങ്ങളുടെ മുഴുവന്‍ പങ്കാളിത്തത്തോടെ നടത്തിയ ഘോഷയാത്ര ഏറെ ശ്രദ്ധേയമായി. ഉത്സവപ്പറമ്പില്‍ ഒരുക്കിയ തുറന്ന സ്റ്റേജില്‍ കഥാ പ്രസംഗം, അക്ഷര ശ്ലോകം, ഒപ്പന, കേരള നടനം എന്നിങ്ങനെ ഒട്ടേറെ പരമ്പരാഗത കലാ രൂപങ്ങള്‍ അരങ്ങേറി.
ഉത്സവപ്പറമ്പില്‍ ഒരുക്കിയിരുന്ന തട്ടുകടകളില്‍ നാടന്‍ ഭക്ഷണ വിഭവങ്ങള്‍ ലഭ്യമായിരുന്നു. പോക്കറ്റടിക്കാരെ സൂക്ഷിക്കുക എന്ന് ഇടയ്ക്കിടെ ഉത്സവ കമ്മിറ്റി ഓഫീസില്‍ നിന്നും ഉച്ചഭാഷിണി യിലൂടെ ഉറക്കെ വിളിച്ചു പറയുന്നതിനിടയില്‍ ട്രൌസറും കൂമന്‍ തോപ്പിയുമണിഞ്ഞ കേരളാ പോലീസ് ഉത്സവപ്പറമ്പില്‍ എത്തിയത് രസകരമായി.
ഉത്സവ പറമ്പിന്റെ മധ്യ ഭാഗത്തായി നടന്ന സൈക്കിള്‍ യജ്ഞവും, റെക്കാഡ് ഡാന്‍സും കാണികളില്‍ ഗൃഹാതുരത്വം ഉണര്‍ത്തി.
(ഗായത്രി, വിനോദ് എന്നിവര്‍ അവതരിപ്പിച്ച റെക്കാഡ് ഡാന്‍സ്)
കേരയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച് തനതായ ഒരു സ്വതന്ത്ര അസ്തിത്വം കണ്ടെടുത്ത ഷട്ടര്‍ ബഗ്സ് ഫോട്ടോഗ്രാഫി ക്ലബ് തങ്ങളുടെ സ്വന്തമായ ഒരു സ്റ്റുഡിയോ ഉത്സവ പറമ്പില്‍ ഒരുക്കിയിരുന്നു. അംഗങ്ങള്‍ക്ക് കുടുംബ ഫോട്ടോ എടുക്കുവാനും അറബി വേഷങ്ങളില്‍ ഫോട്ടോ എടുക്കുവാനുമുള്ള സൗകര്യം ഇവിടെ ലഭ്യമായിരുന്നു.
ഷട്ടര്‍ ബഗ്സിന്റെ പ്രവര്‍ത്തകരാണ് ഉത്സവത്തിന്റെ മുഴുവന്‍ ഫോട്ടോ കവറേജും ഏറ്റെടുത്ത് നടത്തിയത്. ഫോട്ടോ ആവശ്യമുള്ളവര്‍ shutterbugsuae at gmail dot com എന്ന ഈമെയില്‍ വിലാസത്തില്‍ ബന്ധപ്പെടേണ്ടതാണ്.