
അബുദാബി : ഓണാഘോഷത്തിന് അകമ്പടിയായി അബുദാബിയിൽ ഒരുങ്ങിയത് പടുകൂറ്റൻ പൂക്കളം. ആഗോള നഗരമായുള്ള അബുദാബി യുടെ വളർച്ച അടയാളപ്പെടുത്തി അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിലുള്ള ബുർജീൽ മെഡിക്കൽ സിറ്റിയിലാണ് നഗര വളർച്ചയുടെ നാൾവഴികൾ അടയാളപ്പെടുത്തുന്ന പൂക്കളം ഒരുങ്ങിയത്.
700 കിലോ പൂക്കൾ കൊണ്ടാണ് നഗര ചരിത്രം പ്രമേയമാക്കിയ പൂക്കളം എന്ന ആശയം യാഥാർത്ഥ്യമായത്.
രണ്ടര നൂറ്റാണ്ടു മുമ്പ് കല്ലിൽ കെട്ടി ഉയർത്തിയ പൗരാണിക കൊട്ടാരം ‘ഖസ്ർ അൽ ഹൊസൻ’ മുതൽ വൃത്താകൃതി യില്‍ ഉയർത്തിയ അൽദാർ ആസ്ഥാന നിലയവും (Coin Building) സഞ്ചാരികളുടെ ആകർഷണ കേന്ദ്രമായ ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ് എന്നിവയും പൂക്കളത്തില്‍ ചിത്രീകരിച്ചു.
ആഗോള നഗരം എന്ന പ്രൗഢിക്ക് ഇണങ്ങും വിധം ഇരുപതിലേറെ രാജ്യങ്ങളിൽ നിന്നുള്ള അബുദാബി യിലെ നാനൂറില്‍ അധികം ആരോഗ്യ പ്രവർത്തകർ പൂക്കളം ഒരുക്കുവാനായി ഒത്തു ചേർന്നു. ഇവരുടെ 16 മണിക്കൂർ നീണ്ട പ്രയത്ന ഫലമാണ് 250 ചതുരശ്ര മീറ്റർ വലുപ്പത്തിലുള്ള പൂക്കളം.

പൂക്കളം ഒരുക്കാന്‍ ഇമാറാത്തി വനിതകളും
അബുദാബി സ്‌കൈലൈൻ കാഴ്ചയുടെ ഭാഗമായ അൽ ബഹാർ ടവർ, എത്തിഹാദ് ടവർ, ക്യാപിറ്റൽ ഗേറ്റ് ബിൽഡിംഗ്, എൻ. ബി. എ. ഡി. ആസ്ഥാനം എന്നീ കെട്ടിടങ്ങളും പൂക്കളത്തില്‍ ഉണ്ട്. പ്രത്യേക ഓർഡർ നൽകിയാണ് തമിഴ് നാട്ടിൽ നിന്നും പൂക്കൾ എത്തിച്ചത്.

പൂക്കളത്തിന്‍റെ ഭാഗമായി അറബ് പൗരനായ ബുര്‍ജീല്‍ സ്റ്റാഫ്
പൂക്കളത്തിനു ചുറ്റും ഒരുക്കിയ തിരുവാതിര ആയിരുന്നു ആഘോഷത്തിലെ മറ്റൊരു ആകർഷണം. നാല്പത്തി നാല് ആരോഗ്യ പ്രവർത്തകരാണ് തിരുവാതിരയിൽ ചുവടു വച്ചത്.

വിവിധ രാജ്യക്കാരായ സ്റ്റാഫുകള്‍ ഒരുക്കിയ
തിരുവാതിരക്കളി
വ്യത്യസ്‍തമായ ഓണാഘോഷത്തിൽ പങ്കെടുക്കാന്‍ കഴിഞ്ഞതിൽ ഏറെ സന്തോഷം ഉണ്ടെന്നും അബുദാബി യുടെ നേട്ടങ്ങൾ കൂടി ആഘോഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരം പ്രമേയമായ പൂക്കളം ഒരുക്കിയത് എന്നും പൂക്കളത്തിനു നേതൃത്വം നൽകിയ ബുർജീൽ മെഡിക്കൽ സിറ്റിയിലെ ആരോഗ്യ പ്രവർത്തകർ പറഞ്ഞു.
ഇന്ത്യ, യു. എ. ഇ., സൗദി അറേബ്യ, സിറിയ, ഈജിപ്റ്റ്, ഒമാൻ, നേപ്പാൾ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നഴ്‌സുമാരും ഡോക്ടർമാരും അടക്കമുള്ള ബുര്‍ജീല്‍ ജീവനക്കാര്‍ ആഘോഷങ്ങളിൽ പങ്കെടുത്തു. ആശുപത്രി യിൽ ചികിത്സയിൽ കഴിയുകയായിരുന്ന രോഗികളും കുടുംബാംഗങ്ങളും ആഘോഷങ്ങളുടെ ഭാഗമായി.