ദുബായ് : കേരളത്തിലെ എന്‍ജിനിയറിങ് കോളേജുകളിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ യു.എ.ഇ. യിലെ സംഘടനയായ കേര (Kerala Engineering Alumni – KERA) സംഘടിപ്പിച്ച കുട്ടികള്‍ക്കായുള്ള ശാസ്ത്ര പ്രദര്‍ശന മല്‍സരം ദുബായ് അക്കാദമിക് സിറ്റിയിലെ ബിറ്റ്സ് പിലാനി ക്യാമ്പസില്‍ നടന്നു. “ഗോ ഗ്രീന്‍” എന്ന വിഷയത്തില്‍ നടന്ന പ്രദര്‍ശനത്തില്‍ കുട്ടികള്‍ വൈദ്യുതി ലാഭിക്കുവാനും, പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തി വൈദ്യുതി ഉല്‍പ്പാദിപ്പിക്കുവാനും, പരിസര മലിനീകരണം തടയുവാനും, ആഗോള താപനം നിയന്ത്രിക്കുവാനും, പരിസ്ഥിതി സംരക്ഷണത്തില്‍ ഊന്നിയ മറ്റ് പുതിയ ആശയങ്ങളും പ്രോജക്റ്റുകളായും, പ്രവര്‍ത്തിക്കുന്ന മോഡലുകളായും അവതരിപ്പിച്ചു.
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ക്ലിക്ക് ചെയ്യുക
പ്രമുഖ ശാസ്ത്രകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. ആര്‍. വി. ജി. മേനോന്‍, ഗ്രീന്‍ ഓസ്കാര്‍ പുരസ്കാര ജേതാവും പാരമ്പര്യേതര ഊര്‍ജ്ജ ഉല്‍പ്പാദനത്തിലും ഊര്‍ജ്ജ സംരക്ഷണത്തിലും അന്താരാഷ്‌ട്ര ഊര്‍ജ്ജ നയങ്ങള്‍ രൂപീകരിക്കുന്ന റീപ് (Renewable Energy & Energy Efficiency Partnership – REEEP) ന്റെ ഡെപ്യൂട്ടി ഡയറക്ടറുമായ ഡോ. ബിനു പാര്‍ത്ഥന്‍, പരിസ്ഥിതി, ഊര്‍ജ്ജ രംഗങ്ങളില്‍ സാങ്കേതിക ഉപദേഷ്ടാവായ സൌഗത നന്തി എന്നിവരാണ് കുട്ടികള്‍ അവതരിപ്പിച്ച പ്രോജക്റ്റുകള്‍ വിശദമായി പരിശോധിച്ച് മൂല്യ നിര്‍ണ്ണയം ചെയ്തത്.
അവര്‍ ഓണ്‍ ഹൈസ്ക്കൂള്‍ അല്‍ വാര്ഖ യിലെ അനുരൂപ് ആര്‍., സുനാല്‍ പി., ഉദിത് സിന്‍ഹ എന്നിവരുടെ ടീമിനാണ് സീനിയര്‍ വിഭാഗത്തില്‍ ഒന്നാം സമ്മാനം ലഭിച്ചത്. ഇവര്‍ രൂപകല്‍പന ചെയ്ത ഗ്ലോബല്‍ പ്രഷര്‍ ലൈറ്റിംഗ് സിസ്റ്റം – GPLS – Global Pressure Lighting System – ആവശ്യമുള്ള ഇടങ്ങളില്‍ മാത്രം വൈദ്യുത വിളക്കുകള്‍ തെളിയിച്ചു കൊണ്ട് വന്‍ തോതില്‍ വൈദ്യുതി ചിലവ് കുറയ്ക്കുന്നു. വളരെ ചെലവ് കുറഞ്ഞ സാധനങ്ങള്‍ കൊണ്ടാണ് ഇവര്‍ ഇത് വികസിപ്പിച്ചെടുത്തത് എന്നതാണ് ഈ പ്രൊജക്റ്റിനെ ഇത് പോലുള്ള മറ്റ് വ്യാവസായിക സംരംഭങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. വില കുറഞ്ഞ ചൈനീസ് ഫോം പ്രതലത്തിനടിയില്‍ ഉപയോഗിച്ച ശേഷം വലിച്ചെറിയപ്പെട്ട കാര്‍ബണ്‍ ബ്രഷുകള്‍ ഘടിപ്പിച്ചാണ് ഇവര്‍ ഇത് നിര്‍മ്മിച്ചത്. ഓഫീസുകളിലും മറ്റുമുള്ള ഇടനാഴികളില്‍ ഇത് വിന്യസിക്കാം. ആളുകള്‍ ഇതിനു മുകളില്‍ കൂടി നടക്കുമ്പോള്‍ ഉണ്ടാവുന്ന മര്‍ദ്ദം മൂലം കാര്‍ബണ്‍ ബ്രഷുകളിലൂടെ ഉള്ള വൈദ്യുതി ബന്ധം പൂര്‍ണ്ണമാവുകയും ആ ഭാഗത്തുള്ള വൈദ്യുത വിളക്കുകള്‍ തെളിയുകയും ചെയ്യുന്നു. ആള്‍ നടന്നു നീങ്ങുന്നതോടെ വിളക്ക് അണയുകയും ചെയ്യും. ഇങ്ങനെ ഉപയോഗം ഇല്ലാത്ത സ്ഥലങ്ങളിലെ വിളക്കുകള്‍ അണച്ചു കൊണ്ട് വന്‍ തോതിലുള്ള വൈദ്യുതി പാഴ് ചെലവ് ഒഴിവാക്കാം എന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.
ഒന്നാം സമ്മാനമായി ഇവര്‍ക്ക് പതിനായിരം രൂപയുടെ ചെക്കാണ് ലഭിച്ചത്. ഈ തുക കൂടുതലായി ഇത്തരം കാര്യങ്ങളില്‍ ഗവേഷണം നടത്താന്‍ തങ്ങള്‍ വിനിയോഗിക്കും എന്ന് ടീം അംഗങ്ങള്‍ e പത്രത്തോട് പറഞ്ഞു.
സീനിയര്‍ വിഭാഗത്തില്‍ രണ്ടാം സമ്മാനം ലഭിച്ചത് ഇന്ത്യന്‍ ഹൈസ്ക്കൂള്‍ ദുബായിലെ വിനീത് എസ്. വിജയകുമാറിനാണ്. ജൂനിയര്‍ വിഭാഗത്തില്‍ അവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്ക്കൂള്‍ ദുബായിലെ ആഫ്ര ഇര്‍ഫാന് ഒന്നാം സമ്മാനവും ദുബായ് മോഡേണ്‍ ഹൈസ്ക്കൂളിലെ ഇഷിക സക്സേന, രുചിത സിന്‍ഹ എന്നിവര്‍ക്ക് രണ്ടാം സമ്മാനവും ലഭിച്ചു.
ചടങ്ങിനോട് അനുബന്ധിച്ച് നടന്ന സാങ്കേതിക സെമിനാറില്‍ ഡോ. ആര്‍. വി. ജി. മേനോന്‍ വിദ്യാലയങ്ങളില്‍ ശാസ്ത്രം പഠിപ്പിക്കുന്നതിനെ കുറിച്ച് സംസാരിച്ചു. പാരിസ്ഥിതിക മേഖലകളിലെ തൊഴില്‍ സാദ്ധ്യതകളെ പറ്റി സൌഗത നന്തിയും, മലിനീകരണ വിമുക്ത ഊര്‍ജ്ജത്തെ കുറിച്ച് ഡോ. ബിനു പാര്‍ത്ഥനും സംസാരിച്ചു. സജിത്ത് രാജ മോഡറേറ്റര്‍ ആയിരുന്നു.
ദുബായിലെ ഇന്ത്യന്‍ കൊണ്സല്‍ ജനറല്‍ സഞ്ജയ് വര്‍മ്മ മുഖ്യ അതിഥിയായിരുന്ന ചടങ്ങില്‍ കേര പ്രസിഡണ്ട് അഫ്സല്‍ യൂനുസ് അദ്ധ്യക്ഷത വഹിച്ചു. കൃഷ്ണകുമാര്‍ സ്വാഗതവും, കേര ജനറല്‍ സെക്രട്ടറി ബിജി എം. തോമസ് നന്ദിയും പറഞ്ഞു. ബിറ്റ്സ് പിലാനി ഡയറക്ടര്‍ പ്രൊഫ. ആര്‍. കെ. മിത്തല്‍ ആശംസ അറിയിച്ചു. ജയസൂര്യ, സതീഷ്, രഘു എന്നിവര്‍ വിജയികളുടെ പേരുകള്‍ പ്രഖ്യാപിച്ചു. ഡോ. ആര്‍. വി. ജി മേനോന്‍, ഡോ. ബിനു പാര്‍ത്ഥന്‍, സൌഗത നന്തി, ടെന്നി ഐസക്, വിനില്‍ കെ. എസ്. അജയകുമാര്‍ എം. എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.