കുവൈത്ത് സിറ്റി: ഭരണഘടനാ കോടതി അയോഗ്യരാക്കിയതോടെ പാര്‍ലമെന്റില്‍ നിന്നുള്ള ഏക മന്ത്രി ശുഐബ് അല്‍ ശബാബ് അല്‍ മുവൈസിരി രാജി വെച്ചു. പാര്‍ലമെന്ററി കാര്യ ഭവന വകുപ്പ് മന്ത്രിയായിരുന്നു ഇദ്ദേഹം. ഫെബ്രുവരിയിലെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ പാര്‍ലമെന്റിനെ കോടതി അയോഗ്യമാക്കപ്പെട്ടതോടെ മന്ത്രി സഥാനത്തിന് പ്രസക്തി യില്ലാതായതാണ് അല്‍ മുവൈസിരി രാജി വെക്കാന്‍ കാരണം. നിലവിലെ വ്യവസ്ഥ അനുസരിച്ച് മന്ത്രിമാരെ തെരഞ്ഞെടുക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് അംഗങ്ങളില്‍ നിന്നല്ല എന്നതിനാല്‍ പാര്‍ലമെന്റ് പിരിച്ചു വിട്ടെങ്കിലും മന്ത്രിമാരുടെ സ്ഥാനത്തിന് ഇളക്കം തട്ടില്ല. പക്ഷെ തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് അംഗങ്ങളില്‍ നിന്ന് ചുരുങ്ങിയത് ഒരാളെയെങ്കിലും മന്ത്രി സഭയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. വ്യവസ്ഥ അനുസരിച്ച് മന്ത്രി സഭയില്‍ എത്തിയ ആളാണ് അല്‍ മുവൈസിരി. നാലാം മണ്ഡലത്തില്‍ നിന്നാണ് അല്‍ മുവൈസിരി തെരഞ്ഞെടുക്കപ്പെട്ട് പാര്‍ലമെന്റിൽ എത്തിയത്.