അബുദാബി : വിക്ടര്‍ യൂഗോയുടെ ‘പാവങ്ങൾ’ എന്ന നോവല്‍ പ്രസിദ്ധീകരിച്ചതിന്റെ നൂറ്റിയമ്പതാം വാര്‍ഷികം 2012 ജൂണ്‍ മുതല്‍ 2013 ജൂണ്‍ വരെ യു. എ. ഇ. യിലെ പ്രമുഖ സാംസ്കാരിക സംഘടനയായ പ്രസക്തി യു. എ. ഇ. യുടെ വിവിധ എമിറേറ്റ്സുകളില്‍ വിവിധ പരിപാടികളോടെ നടത്തും.
പ്രസക്തിയുടെ ഒരു വര്‍ഷക്കാലത്തെ ആചരണ പരിപാടികളുടെ ലോഗോ പ്രകാശനം ജൂണ്‍ ഒന്നിനു അബുദാബി കേരള സോഷ്യൽ സെന്ററിൽ നടക്കുന്ന സാംസ്കാരിക കൂട്ടായ്മയിൽ വെച്ച് നടത്തും. പ്രമുഖ ഇൻഡോ – അറബ് സാഹിത്യകാരൻ എസ്. എ. ഖുദ്സി, പ്രമുഖ സിറിയൻ ചിത്രകാരി ഇമാൻ നവലാത്തി, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ കെ. ബി. മുരളി എന്നിവര്‍ ചേര്‍ന്ന് ലോഗോ പ്രകാശനം നിര്‍വഹിക്കും. ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പ് ചിത്രകാരന്മാരും, സാമൂഹിക – സാഹിത്യ രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.
പ്രൊഫഷണൽ നാടകം, നോവൽ ആസ്വാദനം, സംഘ ചിത്രരചന, സിനിമ പ്രദർശനം, കഥാ – കവിത ക്യാമ്പ്, കുട്ടികൾക്കു വേണ്ടിയുള്ള വിവിധ മത്സരങ്ങൾ തുടങ്ങിയ പരിപാടികൾ 2012 ജൂണ്‍ മുതല്‍ 2013 ജൂണ്‍ വരെ വിവിധ എമിറേറ്റ്സുകളില്‍ സംഘടിപ്പിക്കുമെന്നു പ്രസക്തി ആക്റ്റിംഗ് പ്രസിണ്ട് ഫൈസൽ ബാവ, സെക്രട്ടറി അബ്ദുൽ നവാസ് എന്നിവർ പറഞ്ഞു.