ഷാര്‍ജ : ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 6 വരെ ഷാര്‍ജ എക്സ്പോ സെന്ററില്‍ നടക്കുന്ന ഷാര്‍ജ പുസ്തകോത്സവത്തില്‍ ഇന്ത്യയിലെ ആദ്യത്തെ ഐ. എസ്. ഓ. സര്‍ട്ടിഫിക്കറ്റ് ലഭിച്ച പുസ്തക പ്രസാധകരായ ഡി. സി. ബുക്ക്സ് പങ്കെടുക്കുന്നു. ഇതോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനവും പുസ്തക പ്രകാശനങ്ങളും നടത്തുന്നതാണ്.
ജ്ഞാനപീഠം ജേതാവും പ്രശസ്ത കവിയും ഗാന രചയിതാവുമായ ഓ. എന്‍. വി. കുറുപ്പ് രചിച്ച “ദിനാന്തം” എന്ന കാവ്യ പുസ്തകം നവംബര്‍ അഞ്ചിന് വൈകുന്നേരം അഞ്ചു മണിക്ക് പ്രകാശനം ചെയ്യുന്നു. ഡി. സി. ബുക്ക്സ് പ്രസിദ്ധീകരിച്ച പതിനായിരാമത്തെ പുസ്തകമാണ് “ദിനാന്തം”. ചടങ്ങില്‍ ഓ. എന്‍. വി. മുഖ്യാതിഥി ആയിരിക്കും.
പാണ്ഡവപുരം ഉള്‍പ്പെടെയുള്ള നിരവധി നോവലുകളുടെ രചയിതാവും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുള്ള പ്രശസ്ത എഴുത്തുകാരനുമായ സേതു ഒക്ടോബര്‍ 29ന് വൈകുന്നേരം 5 മണിക്ക് പങ്കെടുക്കുന്നു. സേതുവിന്‍റെ പുതിയ നോവല്‍ “പെണ്ണകങ്ങള്‍” ചടങ്ങില്‍ പ്രകാശിപ്പിക്കുന്നു.
ഒക്ടോബര്‍ 30ന് വൈകുന്നേരം 5 മണിക്ക് “നാറാണത്ത് ഭ്രാന്തനി” ലൂടെ ശ്രദ്ധേയനായ പ്രശസ്ത കവി വി. മധുസൂദനന്‍ നായര്‍ മുഖ്യാതിഥി ആയി പങ്കെടുക്കുകയും കാവ്യാലാപനം നടത്തുകയും ചെയ്യും. വായനക്കാരുമായി എഴുത്തുകാര്‍ നടത്തുന്ന മുഖാമുഖവും സംഘടിപ്പിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് : 050 1669547, 055 8918292