ഷാര്‍ജ : ശമ്പളം ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് തൊഴില്‍ വകുപ്പിന് പരാതി നല്‍കിയ തൊഴിലാളിയെ ക്രിമിനല്‍ കേസ് നല്‍കി കുടുക്കിയ കേസില്‍ ഷാര്‍ജ കോടതി തൊഴിലാളിയെ കുറ്റവിമുക്തനാക്കി. “സത്യ വിശ്വാസികളെ, അധിക ഊഹങ്ങള്‍ പാപമാണ്, അത് നിങ്ങള്‍ ഉപേക്ഷിക്കുക” എന്ന വിശുദ്ധ ഖുര്‍ആന്‍ വചനം ആധാരമാക്കി കോടതി പുറപ്പെടുവിച്ച ഉത്തരവ് ലഭിച്ചത് യുനൈറ്റഡ് അഡ്വക്കേറ്റ്സിലെ നിയമ പ്രതിനിധിയും, സാമൂഹ്യ പ്രവര്‍ത്തകനുമായ സലാം പാപ്പിനിശ്ശേരി യുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ്.
ഷാര്‍ജയിലെ ഒരു പ്രിന്റിംഗ് പ്രസില്‍ ജോലി ചെയ്തു വന്ന പാലക്കാട് ഒലവക്കോട് സ്വദേശി ഹക്കീം ശൈഖ് ഹംസയാണ് മാസങ്ങളോളം ശമ്പളം കിട്ടാതായപ്പോഴാണ് തൊഴില്‍ വകുപ്പില്‍ പരാതിപ്പെട്ടത്. മലയാളികളായ കമ്പനി ഉടമകള്‍ ഹാജരാവാഞ്ഞതിനെ തുടര്‍ന്ന് തൊഴില്‍ വകുപ്പ് കേസ് കോടതിയുടെ പരിഗണനയ്ക്ക് വിട്ടു. എന്നാല്‍ കോടതിയില്‍ കേസ് തങ്ങള്‍ക്ക് പ്രതികൂലമാവും എന്ന് മനസിലാക്കിയ കമ്പനി ഉടമകള്‍ ഹക്കീമിനെതിരെ വഞ്ചന, പണം തിരിമറി, മോഷണം എന്നീ കുറ്റങ്ങള്‍ ആരോപിച്ച് കേസ് കൊടുത്തു. ആറു ലക്ഷത്തിലേറെ രൂപയുടെ തിരിമറി നടത്തി എന്നായിരുന്നു കേസ്.
കേസിന്റെ നടത്തിപ്പില്‍ ഉടനീളം ഹക്കീമിന് തുണയായി നിന്ന സലാം പാപ്പിനിശേരിയുടെ ശ്രമഫലമായി ഒടുവില്‍ ഹക്കീമിന് അനുകൂലമായി കോടതി വിധി പ്രസ്താവിച്ചു. വെറും ഊഹത്തിന്റെ പേരില്‍ ഒരാളുടെ പേരില്‍ കുറ്റം ചുമത്താന്‍ നിയമം അനുവദിക്കുന്നില്ലെന്ന് ഖുര്‍ആന്‍ വചനം ഉദ്ധരിച്ചു കൊണ്ട് കോടതി വ്യക്തമാക്കി.
കമ്പനി ഉടമകളും തൊഴിലാളികളും തമ്മില്‍ കോടതിക്ക് വെളിയില്‍ വെച്ച് തന്നെ പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്നങ്ങള്‍ അടുത്ത കാലത്തായി കോടതിയില്‍ എത്തുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി സലാം പാപ്പിനിശ്ശേരി പറഞ്ഞു. തൊഴിലാളികളും തൊഴില്‍ ഉടമകളും എടുക്കുന്ന നിലപാടുകളും കടുംപിടുത്തവും ഇവിടത്തെ കോടതികള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഭാവിയില്‍ പ്രവാസികളായ മലയാളികള്‍ക്ക് തന്നെ ഇത് ദോഷം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.