ഷാര്‍ജ : മത – ഭൌതിക വിദ്യാഭ്യാസം സമന്വയിപ്പിച്ച് കൊണ്ടുള്ള ഉല്‍കൃഷ്ടമായ വിദ്യാഭ്യാസ രീതിയാണ് ഇസ്ലാമിക് കോംപ്ലക്സ് നടപ്പാക്കി വരുന്നതെന്ന് കേന്ദ്ര കമ്മിറ്റി സെക്രട്ടറി യു. എം. അബ്ദു റഹിമാന്‍ മൌലവി പറഞ്ഞു. മലബാര്‍ ഇസ്ലാമിക് കോംപ്ലക്സ് ഷാര്‍ജ ഘടകം നല്കിയ സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ചു സംസാരി ക്കുകയായിരുന്നു അദ്ദേഹം.
കേവലം എല്‍. കെ. ജി. യും പ്രാഥമിക മദ്രസയുമായി 1993ല്‍ പരേതനായ സി. എം. അബ്ദുല്ല മൌലവിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സ്ഥാപനം ഇന്ന് 40 ഏക്കറോളം വിസ്തീര്‍ണ്ണത്തില്‍ 400 ലേറെ അനാഥ – അഗതി കുരുന്നുകള്‍ ഉള്‍പ്പെടെ 2000 ത്തോളം വിദ്യാര്‍ത്ഥി കള്‍ക്കുള്ള പ്രമുഖ കലാലയമായി വളരാന്‍ കഴിഞ്ഞുവെന്നും യൂനിവേഴ്സിറ്റി അംഗീകാരത്തോടെ ഡിഗ്രി തലത്തില്‍ ഒട്ടനവധി ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് മാനേജ്മെന്റ് കോഴ്സുകളും ഈ വര്‍ഷം മുതല്‍ പി. ജി. കോഴ്സും ആരംഭിക്കാന്‍ കഴിഞ്ഞതായും യു. എം. മൌലവി പറഞ്ഞു.
ചടങ്ങില്‍ സലാം ഹാജി കുന്നില്‍ അദ്ധ്യക്ഷത വഹിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ജന. സെക്രട്ടറിയും കെ. എം. സി. സി. യു. എ. ഇ. കമ്മിറ്റി സെക്രട്ടറിയുമായ നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്തു. സഅദ് പുറക്കാട്, കെ. എം. ഷാഫി ഹാജി, ശുഐബ് തങ്ങള്‍, ഖലീല്‍ റഹ് മാന്‍ കാശിഫി, മൊയ്തു നിസാമി, ഷാഫി ആലംകോട്, ഖാലിദ് പാറപ്പള്ളി, സീതി മുഹമ്മദ്. എം. പി. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. അബ്ബാസ് കുന്നില്‍ സ്വാഗതവും, ബി. എസ്. മഹമൂദ് നന്ദിയും പറഞ്ഞു. ഇഫ്താര്‍ സംഗമവും നടന്നു.