ലോക മലയാളി കൌണ്‍സില്‍ വാര്‍ഷികം ദുബായില്‍

June 24th, 2010

World Malayalee Council ePathramദുബായ്‌ : ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന മലയാളികളുടെ അംഗീകൃത കൂട്ടായ്മയായ വേള്‍ഡ്‌ മലയാളി കൌണ്‍സില്‍ ദുബായ്‌ പ്രോവിന്‍സിന്റെ ഏഴാമത് വാര്‍ഷികവും, കുടുംബ സംഗമവും ജൂണ്‍ 25നു ദുബായ്‌ ദൈറ മാര്‍ക്കോ പോളോ ഹോട്ടലില്‍ നടക്കും. ദുബായില്‍ ഇന്നലെ നടന്ന പത്ര സമ്മേളനത്തിലാണ് ലോക മലയാളി കൌണ്‍സില്‍ ഭാരവാഹികളായ വര്‍ഗ്ഗീസ്‌ ഫിലിപ്‌ മുക്കാട്ട് (ചെയര്‍മാന്‍), തോമസ്‌ കൊരത്ത് (പ്രസിഡണ്ട്), എം. ഡി. ഡേവിസ്‌ മണവാളന്‍ (സെക്രട്ടറി), ലിജു മാത്യു (ജോയന്റ് സെക്രട്ടറി), സാജന്‍ വേളൂര്‍ (പബ്ലിസിറ്റി ആന്‍ഡ്‌ മീഡിയാ കണ്‍വീനര്‍), ചാള്‍സ് മാത്യു (പ്രോഗ്രാം കണ്‍വീനര്‍) എന്നിവര്‍ പരിപാടിയുടെ വിശദാംശങ്ങള്‍ അറിയിച്ചത്.

ലോക മലയാളി കൌണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ സോമന്‍ ബേബിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. ദുബായ്‌ പ്രൊവിന്‍സ്‌ പ്രസിഡണ്ട് തോമസ്‌ കൊരത്ത് അദ്ധ്യക്ഷത വഹിക്കും. കേരളത്തിലും ഗള്‍ഫിലും ആരോഗ്യ മേഖലയിലും, സാമൂഹിക പ്രവര്‍ത്തനത്തിലും തനതായ സംഭാവനകള്‍ നല്‍കി ശ്രദ്ധേയനായ ഡോ. ആസാദ്‌ മൂപ്പനെ തദവസരത്തില്‍ ആദരിക്കും. ലോക മലയാളി കൌണ്‍സില്‍ ആഗോള ചെയര്‍മാന്‍ സോമന്‍ ബേബി പുരസ്കാര ദാനം നിര്‍വഹിക്കും. മിഡില്‍ ഈസ്റ്റ്‌ ജനറല്‍ സെക്രട്ടറി സാം മാത്യു (റിയാദ്‌) മുഖ്യ സന്ദേശം നല്‍കും. വിവിധ സാമൂഹിക സേവന പദ്ധതികളുടെ ഉല്‍ഘാടനവും നിര്‍വഹിക്കും.

യു.എ.ഇ. യുടെ വിവിധ പ്രദേശങ്ങളില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് നല്‍കുന്ന സഹായ പദ്ധതികളുടെ ഉദ്ഘാടനം സമ്മേളനത്തില്‍ വെച്ച് നിയാസ്‌ അലി നിര്‍വഹിക്കും. ചെയര്‍മാന്‍ വര്‍ഗ്ഗീസ്‌ ഫിലിപ്‌ മുക്കാട്ട് വിശിഷ്ടാതിഥികള്‍ക്ക്‌ ഉപഹാരങ്ങള്‍ സമര്‍പ്പിക്കും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു.എ.ഇ.യിലെ ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ ഫണ്ട്

June 22nd, 2010

prisoner-epathramദുബായ്‌ : യു.എ.ഇ. യിലെ ജെയിലുകളില്‍ കഴിയുന്ന ഇന്ത്യാക്കാരായ തടവുകാര്‍ക്ക്‌ മോചനത്തിനുള്ള പ്രതീക്ഷയുമായി രണ്ടു പ്രവാസി സംഘടനകള്‍ ഫണ്ട് ശേഖരണം നടത്തി. ഷാര്‍ജയിലെ ഇന്‍ഡ്യന്‍ ബിസിനസ് ആന്‍ഡ്‌ പ്രൊഫഷണല്‍ കൌണ്‍സില്‍ (Indian Business and Professional Council, Sharjah), ഇന്‍ഡ്യന്‍ ഗോള്‍ഫേഴ്സ് സൊസൈറ്റി യു.എ.ഇ. (Indian Golfers Society UAE) എന്നീ സംഘടനകളാണ് ഫണ്ട് ശേഖരിച്ചത്. ക്രിമിനല്‍ അല്ലാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവര്‍ക്ക് മോചനത്തിനുള്ള “ദിയ” പണം നല്‍കാന്‍ ആണ് ഈ ഫണ്ട് ഉപയോഗിക്കുക എന്ന് ഇന്‍ഡ്യന്‍ ബിസിനസ് ആന്‍ഡ്‌ പ്രൊഫഷണല്‍ കൌണ്‍സില്‍, ഷാര്‍ജയുടെ വൈസ്‌ പ്രസിഡണ്ട് കെ. വി. ഷംസുദ്ദീന്‍ അറിയിച്ചു. ശനിയാഴ്ച ദുബായില്‍ നടന്ന ഒരു ഗോള്‍ഫ്‌ ടൂര്‍ണമെന്റിനോട്‌ അനുബന്ധിച്ച് നടന്ന അത്താഴ വിരുന്നിലാണ് 5 ലക്ഷം ദിര്‍ഹം ഈ ഫണ്ടിലേയ്ക്ക് സമാഹരിച്ചത്.

ശരിയത്ത്‌ നിയമ പ്രകാരം കുറ്റം ചെയ്ത പ്രതി കുറ്റകൃത്യത്തിനു ഇരയായ ആളുടെ കുടുംബത്തിന് നല്‍കുന്ന പണമാണ് “ദിയ” അഥവാ “Blood Money”. കൊലപാതകത്തിനു മാത്രമല്ല, ഒരു അപകട മരണം ഉണ്ടായാലും അതിന്റെ ഉത്തരവാദിത്വം വഹിയ്ക്കേണ്ടി വരുന്ന ആള്‍ ദിയ നല്‍കണമെന്നാണ് നിയമം അനുശാസിക്കുന്നത്. 2 ലക്ഷം രൂപയാണ് യു.എ.ഇ. നിയമ പ്രകാരം ദിയ യായി നല്‍കേണ്ടത്. മനപൂര്‍വ്വമല്ലാത്ത വാഹന അപകടങ്ങളിലും മറ്റും പ്രതികളാകുന്ന പലരും ദിയ നല്‍കാനാവാതെ തടവ്‌ അനുഭവിക്കേണ്ടി വരുന്നു.

യു.എ.ഇ. ജെയിലുകളില്‍ ഇങ്ങനെ കഴിയുന്ന തടവുകാരില്‍ നിന്നും തെരഞ്ഞെടുത്ത 13 ഇന്ത്യാക്കാരെ മോചിപ്പിക്കാനാണ് ആദ്യ ഘട്ടത്തില്‍ ശ്രമിക്കുന്നത്. ഇവരുടെ മോചനത്തിന് ഈ തുക മതിയാവില്ലെങ്കിലും, പലപ്പോഴും പ്രതികളുടെ നിരപരാധിത്വവും നിസഹായാവസ്ഥയും ഇരകളുടെ ബന്ധുക്കളെ പറഞ്ഞു മനസ്സിലാക്കിയാല്‍ ദിയ പണത്തില്‍ ഇളവ്‌ ലഭിക്കാന്‍ സാദ്ധ്യതയുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പല സംഘടനകളും ഏറ്റെടുത്തു നടത്തുന്നുമുണ്ട്.

മൂന്നു വര്‍ഷമായി തടവില്‍ കഴിയുന്ന ഒരു മലയാളി യും ഈ കൂട്ടത്തിലുണ്ട്. ഇയാള്‍ ഓടിച്ച വാഹനമിടിച്ചു ഒരു കാല്‍ നടക്കാരന്‍ മരിച്ചതാണ് ഇയാളെ കുറ്റക്കാരനാക്കിയത്. ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചു 6 മാസത്തിനുള്ളില്‍ അപകടം നടന്നതിനാല്‍ ഇന്‍ഷൂറന്‍സ് തുകയും ലഭിച്ചില്ല. ദിയ പണം നല്‍കാന്‍ ഗതിയില്ലാതെ കഴിഞ്ഞ മൂന്നു വര്‍ഷമായി തടവില്‍ കഴിയുന്ന 28കാരനായ ഇയാള്‍ക്കും ഇപ്പോള്‍ മോചനം ലഭിയ്ക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

kv-shamsudheen

കെ.വി.ഷംസുദ്ദീന്‍

ഇത്തരത്തില്‍ സഹായം അര്‍ഹിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെ അനേകം പേര്‍ ഇനിയും തടവില്‍ കഴിയുന്നുണ്ട്. ഇവിടത്തെ പല വ്യവസായ പ്രമുഖരും നാട്ടില്‍ പല രീതിയിലുമുള്ള സാമൂഹ്യ സേവനം നടത്തുന്നുണ്ട്. എന്നാല്‍ പ്രവാസികള്‍ക്കിടയില്‍ തന്നെ ഇത്തരം സഹായം ആവശ്യമുള്ളപ്പോള്‍, എന്ത് കൊണ്ട് ഇവിടെ തന്നെ ഈ സഹായം ലഭ്യമാക്കിക്കൂടാ എന്ന ചിന്തയാണ് തങ്ങളെ നയിച്ചത് എന്ന് ഗള്‍ഫ്‌ മേഖലയില്‍ ഒട്ടേറെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന, ഇന്‍ഡ്യന്‍ ബിസിനസ് ആന്‍ഡ്‌ പ്രൊഫഷണല്‍ കൌണ്‍സില്‍, ഷാര്‍ജയുടെ വൈസ്‌ പ്രസിഡണ്ടും, ഹ്യുമാനിറ്റെറിയന്‍ ഫണ്ട് മാനേജ്മെന്റ് കമ്മിറ്റി അംഗവുമായ കെ. വി. ഷംസുദ്ദീന്‍ പറയുന്നു. ഇപ്പോള്‍ സമാഹരിച്ച തുക ഒരു തുടക്കം മാത്രമാണ്. ഇനിയും കൂടുതല്‍ ബിസിനസുകളുടെയും വ്യക്തികളുടെയും പങ്കാളിത്തം ഈ ഉദ്യമത്തില്‍ കൊണ്ട് വരാനുള്ള പരിപാടികള്‍ തങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ആദ്യ പടിയായി ഒരു മില്യണ്‍ ദിര്‍ഹം സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്നും അദ്ദേഹം അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സൌജന്യ ചികില്‍സാ ക്യാമ്പ്‌ ഷാര്‍ജയില്‍

June 21st, 2010

ഷാര്‍ജ : യു.എ.ഇ. യിലെ പ്രമുഖ വ്യവസായ ഗ്രൂപ്പും, ടെന്‍ സ്പോര്‍ട്ട്സ് ചാനല്‍ ഉടമയുമായ ബുഖാതിര്‍ ഗ്രൂപ്പിലെ അംഗവും, ഐ. എസ്. ഓ. അംഗീകൃത കമ്പനിയുമായ ടച്ച് വുഡ്‌ ഡെക്കോര്‍ ആന്‍ഡ്‌ ഫര്‍ണിച്ചര്‍ ലിമിറ്റഡ് പ്രൈം മെഡിക്കല്‍ സെന്ററുമായി ചേര്‍ന്ന് സൌജന്യ വൈദ്യ പരിശോധനാ ചികില്‍സാ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു.

ഈ മാസം 25ആം തീയതി വെള്ളിയാഴ്ച ഷാര്‍ജ ക്രിക്കറ്റ്‌ സ്റ്റേഡിയത്തില്‍ രാവിലെ 8 മണി മുതല്‍ 12 മണി വരെയുള്ള ക്യാമ്പില്‍ വൈദ്യ പരിശോധന അപ്രാപ്യമായ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളെയാണ് പ്രതീക്ഷിക്കുന്നത്. രാവിലെ 7 മണി മുതല്‍ 10 മണി വരെയാണ് രജിസ്ട്രേഷന്‍.

പ്രാഥമിക പരിശോധന കഴിഞ്ഞവരെ സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക്‌ റെഫര്‍ ചെയ്യും. ഇവര്‍ക്ക്‌ വേണ്ട മരുന്നുകള്‍ സൌജന്യമായി നല്‍കുകയും ചെയ്യും. ആരോഗ്യ വകുപ്പിന്റെ അംഗീകാരത്തോടെ നടത്തപ്പെടുന്ന ഈ ക്യാമ്പ്‌, കഴിഞ്ഞ തവണ നടത്തിയ ക്യാമ്പിന്റെ വിജയത്തെ തുടര്‍ന്നാണ് വീണ്ടും നടത്തുന്നത് എന്ന് ടച്ച് വുഡ്‌ ഡെക്കോര്‍ ആന്‍ഡ്‌ ഫര്‍ണിച്ചര്‍ ലിമിറ്റഡ് ജെനറല്‍ മാനേജര്‍ വി. രാമചന്ദ്രന്‍ അറിയിച്ചു.

ആലുക്കാസ്‌ സെന്റര്‍ റോള, നാഷണല്‍ പെയിന്റ്സ്, സോണാപൂര്‍ മദീന സൂപ്പര്‍മാര്‍ക്കറ്റ്‌ എന്നിവിടങ്ങളില്‍ നിന്ന് സൌജന്യ യാത്രാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 4379002, 050 6862043, 06 5328359 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ക്യാന്‍സര്‍ രോഗികള്‍ക്ക്‌ ആശ്വാസമായി പരുമല മെഡിക്കല്‍ മിഷന്‍

June 9th, 2010

cancer-careഅബുദാബി : കേരളത്തിലെ മത സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ആതുര സേവന രംഗത്ത് വലിയ മുന്നേറ്റം നടത്തിയ മലങ്കര ഓര്‍ത്തോഡോക്സ് സഭ ആരോഗ്യ രംഗത്ത് പുതിയ ഒരു കാല്‍വെയ്പ് കൂടി നടത്തുന്നു. പരുമല സെന്‍റ്. ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രി യോടനുബന്ധിച്ച് ലോകോത്തര നിലവാരമുള്ള ക്യാന്‍സര്‍ ആശു​പത്രി സ്ഥാപിച്ചു കൊണ്ടാണ് ഇത് എന്ന് പരുമല സെന്‍റ്. ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍ ആശു​പത്രി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഫാദര്‍. അലക്‌സാണ്ടര്‍ കൂടാരത്തില്‍ അബുദാബിയില്‍ പറഞ്ഞു. ചികില്‍സാ കേന്ദ്രത്തിന്‍റെ പ്രൊമോഷനു വേണ്ടി ഇവിടെ എത്തിയ അദ്ദേഹം, സെന്‍റ്. ജോര്‍ജ് കത്തീഡ്രലില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പദ്ധതിയെ ക്കുറിച്ച് വിശദീകരിച്ചു.

ക്യാന്‍സറും അനുബന്ധ രോഗങ്ങളും കൊണ്ടുള്ള കഷ്ടതയോടൊപ്പം  താങ്ങാനാവാത്ത ചികില്‍സാ ചെലവുകളും കൂടിയാവുമ്പോള്‍ രോഗികളും ബന്ധുക്കളും ദുരിതത്തി ലാഴുന്നു. ഇതു കൊണ്ട് ഉണ്ടാകുന്ന സാമൂഹികമായ പ്രതിസന്ധി തിരിച്ചറിഞ്ഞ്, സാധാരണക്കാരന്  പ്രാപ്യമാവും വിധം ക്യാന്‍സര്‍ ചികിത്സയെ ജനകീയ വല്കരിക്കാനാണ്  ഈ സ്ഥാപനത്തിലൂടെ ലക്ഷ്യമിടുന്നത്.

3.5 ലക്ഷം ചതുരശ്ര അടിയില്‍ എട്ടു നിലകളിലായി  പണിയുന്ന ക്യാന്‍സര്‍ സെന്‍ററിന് 100 കോടി ചെലവ് പ്രതീക്ഷിക്കുന്നു.  സ്വദേശത്തെയും വിദേശത്തെയും പ്രമുഖ ക്യാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളുമായി ഈ സ്ഥാപനത്തിന് ബന്ധമുണ്ടാവും. ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സുമനസ്സു കളുടെ നിര്‍ലോഭമായ സഹകരണം  പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുന്നുണ്ട്.

ജാതി മത ഭേതമന്യേ സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും  സൗജന്യ ചികിത്സയും പദ്ധതിയുടെ ഭാഗമായുണ്ട്.

parumala-medical-mission

ഇടത്തു നിന്നും: സെക്രട്ടറി എ.ജെ. ജോയിക്കുട്ടി, ഫാദര്‍. അലക്‌സാണ്ടര്‍ കൂടാരത്തില്‍, ഫാദര്‍. ജോണ്‍സണ്‍ ഡാനിയേല്‍, ട്രസ്റ്റി ഇട്ടിപ്പണിക്കര്‍

ചിത്രങ്ങള്‍: ജാക്സണ്‍ (ജോയ്‌ സ്റ്റുഡിയോ)

പരുമല ക്യാന്‍സര്‍ കണ്‍ട്രോള്‍ പ്രോജക്ടിന്‍റെ ഭാഗമായി മോപ്‌സ് – മാര്‍ ഒസ്താത്തിയോസ് പാലിയേറ്റീവ് സര്‍വ്വീസ്  എന്ന പേരില്‍ ത്രിതല സാന്ത്വന പരിചരണ പദ്ധതി നടത്തി വരുന്നു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ എട്ടു പഞ്ചായത്തു കളിലെ സാന്ത്വന ചികിത്സാ സേവനം ആവശ്യമായ രോഗികളെ, അവരുടെ വീടുകളില്‍ എത്തി സൗജന്യ മരുന്നും ചികിത്സാ നിര്‍ദേശങ്ങളും മാനസിക പിന്തുണ യും നല്‍കുന്ന ഈ പദ്ധതി മാര്‍ ഒസ്ത്താത്തിയോസ് ഷെയറിംഗ് ട്രസ്റ്റുമായി സഹകരിച്ചാണ് നടത്തുന്നത്.

സെന്‍റ്. ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍ അഞ്ചു കോടി രൂപ മുതല്‍ മുടക്കി പണി കഴിപ്പിച്ച പുതിയ കെട്ടിട സമുച്ചയത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം ജൂലായ്‌ മാസത്തില്‍ പരുമലയില്‍ നടക്കും.  ന്യൂറോ മെഡിസിന്‍, ന്യൂറോ സര്‍ജറി, ന്യൂറോ സൈക്കോളജി, ന്യൂറോ റീഹാബിലിറ്റേഷന്‍, ട്രോമ കെയര്‍, തുടങ്ങിയ വിഭാഗങ്ങളും  ഇവിടെ പ്രവര്‍ത്തിക്കുന്നു.

വാര്‍ത്താ സമ്മേളനത്തില്‍  സെന്‍റ്. ജോര്‍ജ് കത്തീഡ്രല്‍ വികാരി ഫാദര്‍ ജോണ്‍സണ്‍ ഡാനിയേല്‍, ട്രസ്റ്റി ഇട്ടി പ്പണിക്കര്‍, കത്തീഡ്രല്‍ സെക്രട്ടറി എ. ജെ.  ജോയിക്കുട്ടി എന്നിവരും സംബന്ധിച്ചു.

വിശദ വിവര ങ്ങള്‍ക്കായി www.sghospital.org  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കു കയോ 050 27 21 878, 050 44 39 567 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുകയോ ചെയ്യാം.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രവാസി മലയാളി പഠന കേന്ദ്രം ആരംഭിക്കുന്നു

May 25th, 2010

pravasi-malayali-padana-kendramദുബായ്‌ : പ്രവാസികളുടെ പ്രശ്നങ്ങള്‍ പഠിച്ച് അവയ്ക്ക് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനും, അവ നടപ്പിലാക്കുവാന്‍ അധികാരികളുടെ ശ്രദ്ധ വേണ്ട വണ്ണം പതിപ്പിക്കാനും ഉള്ള കര്‍മ്മ പരിപാടികളുമായി ദര്‍ശനം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഒരു പ്രവാസി മലയാളി പഠന കേന്ദ്രം ആരംഭിക്കുന്നു. ഈ കാര്യം പ്രവാസികളെ അറിയിക്കാനായി ഇതിനു പുറകില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘം യു. എ. ഇ. യില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും സാമൂഹ്യ സേവന രംഗത്തെ സജീവ സാന്നിദ്ധ്യവുമായ എം. എ. ജോണ്സന്‍, പ്രശസ്ത കവിയും ചലച്ചിത്ര ഗാന രചയിതാവുമായ പി. കെ. ഗോപി, നാടന്‍ പാട്ട് – പുല്ലാങ്കുഴല്‍ കലാകാരനും ക്ലോസ് – അപ്പ് മാന്ത്രികനുമായ ബാലചന്ദ്രന്‍ കൊട്ടോടി എന്നിവരാണ് ഈ സംഘത്തില്‍ ഉള്ളത്.

പ്രതികൂല സാഹചര്യങ്ങളെ അനുദിനം നേരിട്ട്, സ്വന്തം കുടുംബത്തിന്റെ ഭദ്രതയ്ക്കായി അന്യ നാട്ടിലേക്ക്‌ ചേക്കേറി, കഠിനമായി പ്രയത്നിക്കുകയും അത് വഴി നാടിന്റെ തന്നെ ഭദ്രതയ്ക്കും പുരോഗതിയ്ക്കും അടിത്തറ പാകുകയും ചെയ്യുന്ന പ്രവാസി മലയാളികള്‍ക്ക്‌ അവര്‍ അര്‍ഹിക്കുന്ന പിന്തുണയും സഹായങ്ങളും പ്രാദേശികമായി ചെയ്തു കൊടുക്കുവാനുള്ള ഉദാത്തമായ ഒരു ലക്ഷ്യമാണ് ഈ പദ്ധതിയ്ക്ക് പുറകില്‍.

വീടിനടുത്തൊരു വിമാനത്താവളം, അനുദിനം പുതിയ ഫീസുകളും മറ്റും പ്രവാസി യാത്രക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ മത്സരിക്കുന്ന അധികാരികളോടുള്ള പ്രതിഷേധം, പ്രവാസികളുടെ രാഷ്ട്രീയ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നിങ്ങനെയുള്ള വന്‍ ആവശ്യങ്ങള്‍ക്കായി പടനീക്കം നടത്താന്‍ വലിയ സംഘടനകള്‍ തമ്മില്‍ മത്സരിക്കുന്ന ചുറ്റുപാടില്‍ പക്ഷെ, പ്രവാസികള്‍ക്ക്‌ ഏറെ ഉപകാരപ്രദമായ ഒട്ടേറെ സേവനങ്ങള്‍ സൌജന്യമായി ചെയ്തു കൊടുത്തു കൊണ്ട്, പ്രവാസികള്‍ക്ക്‌ ഒരു പ്രാദേശിക സേവന കേന്ദ്രമായി പ്രവര്‍ത്തിക്കാനാണ് പ്രവാസി മലയാളി പഠന കേന്ദ്രം ഒരുങ്ങുന്നത്. ഉദാഹരണമായി, നാട്ടിലെ വില്ലേജ്‌ ഓഫീസില്‍ നിന്നും നിങ്ങള്‍ക്ക്‌ ഒരു സര്‍ട്ടിഫിക്കറ്റ്‌ വേണമെന്നിരിക്കട്ടെ, ഈ കാര്യം ഇവര്‍ക്ക്‌ നിഷ്പ്രയാസം നിങ്ങള്‍ക്കായി ചെയ്തു തരാനാവും. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വയം ഭരണ സ്ഥാപനങ്ങള്‍ മാത്രമല്ല, വിദ്യാലയങ്ങള്‍, ആശുപത്രികള്‍ എന്നിങ്ങനെ നിരവധി മേഖലകളില്‍ നിങ്ങള്ക്ക് വേണ്ടി നിങ്ങളെ പ്രതിനിധീകരിച്ച് പ്രവര്‍ത്തിക്കുവാനും ഇവര്‍ സഹായിക്കും.

കോഴിക്കോടുള്ള ദര്‍ശനം സാംസ്കാരിക വേദിയുടെ പണിതു കൊണ്ടിരിക്കുന്ന ഗ്രന്ഥ ശാലാ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് പ്രവാസി മലയാളി പഠന കേന്ദ്രത്തിന്റെ ആദ്യത്തെ ഓഫീസ്‌ പ്രവര്‍ത്തിക്കുക.

പ്രസ്തുത പ്രവര്‍ത്തനങ്ങളെ പറ്റി പ്രവാസികള്‍ക്ക്‌ വിശദീകരിച്ചു കൊടുക്കുവാനായി യു.എ.ഇ. യില്‍ എത്തിയ സംഘം, അബുദാബി മുതല്‍ റാസ് അല്‍ ഖൈമ വരെ യാത്ര ചെയ്ത് പ്രവാസി കൂട്ടായ്മകളെയും, സംഘടനകളെയും, മാധ്യമങ്ങളെയും നേരിട്ട് സന്ദര്‍ശിക്കുകയും തങ്ങളുടെ ആഗമനോദ്ദേശം അറിയിക്കുകയും ചെയ്തു.

balachandran-kottodi ma-johnson pk-gopi

യു.എ.ഇ.യിലെ ഒരു കൃഷിയിടത്തില്‍

labour-camp

തൊഴിലാളികളോടൊപ്പം

labour-camp

തൊഴിലാളികളുമായി സൌഹൃദ സംഭാഷണം

ഈ യാത്രാ വേളയില്‍ പ്രവാസികളുടെ പ്രശ്നങ്ങള്‍ നേരില്‍ കണ്ട് പഠിക്കുവാനും ഇവര്‍ പ്രത്യേകം ശ്രദ്ധിച്ചു. ഇതിന്റെ ഭാഗമായി നിരവധി ലേബര്‍ ക്യാമ്പുകളിലും ഇവര്‍ സന്ദര്‍ശനം നടത്തുകയുണ്ടായി. ഷാര്‍ജയില്‍ ഒരു മലയാളി തൊഴിലുടമ ഉപേക്ഷിച്ചു കടന്നു കളഞ്ഞ 1500 ഓളം പേര്‍ ദുരിതം അനുഭവിക്കുന്ന ലേബര്‍ ക്യാമ്പ്‌ സന്ദര്‍ശിച്ച ഇവര്‍ തൊഴിലാളികളുമായി സംവദിക്കുകയും അവരെ സമാശ്വസിപ്പിക്കുകയും ചെയ്തു. ദുരിത പൂര്‍ണ്ണമായ ജീവിത സാഹചര്യങ്ങളില്‍ നിശ്ചയ ദാര്‍ഢ്യത്തോടെ ജീവിതത്തെ അഭിമുഖീകരിക്കുന്ന പ്രവാസി മലയാളികളെ നേരിട്ട് സന്ദര്‍ശിക്കാന്‍ കഴിഞ്ഞത് അവരുടെ പ്രശ്നങ്ങളിലേക്ക് ഒട്ടേറെ ഉള്‍ക്കാഴ്ച ലഭിക്കാന്‍ തങ്ങളെ സഹായിച്ചതായി സംഘത്തെ നയിച്ച എം. എ. ജോണ്സന്‍, പി. കെ. ഗോപി എന്നിവര്‍ e പത്രത്തോട് പറഞ്ഞു.

എന്നാല്‍ മെച്ചപ്പെട്ട സാഹചര്യങ്ങളില്‍ ആഹ്ലാദത്തോടെ കഴിയുന്ന തൊഴിലാളികളുള്ള ചില ലേബര്‍ ക്യാമ്പുകളും തങ്ങള്‍ സന്ദര്‍ശിച്ചതായി ഇവര്‍ അറിയിച്ചു. ഷാര്‍ജയില്‍ മലയാളിയായ സബാ ജോസഫ്‌ എന്ന വ്യവസായിയുടെ റേഡിയേറ്റര്‍ നിര്‍മ്മാണ ശാലയുടെ ലേബര്‍ ക്യാമ്പ്‌ ഇത്തരത്തില്‍ എടുത്തു പറയാവുന്ന ഒന്നാണ്. വൃത്തിയും വെടിപ്പുമുള്ള മുറികള്‍, ഭക്ഷണം ഒരുക്കാന്‍ പാചകക്കാര്‍ അടക്കമുള്ള ഭക്ഷണശാല എന്നിങ്ങനെയുള്ള സൌകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്.

ma-johnson-pk-gopi-balachandran-kottodi-nadanpattu

വ്യത്യസ്തമായ ഒരു ലേബര്‍ ക്യാമ്പ്‌ സന്ദര്‍ശനം

ആഴ്ചയില്‍ രണ്ടു ചലച്ചിത്രങ്ങള്‍ – ഒന്ന് ഇംഗ്ലീഷിലും ഒന്ന് മലയാളത്തിലും ഈ ക്യാമ്പില്‍ തൊഴിലാളി കള്‍ക്കായി പ്രദര്‍ശിപ്പിക്കുന്നു. തൊഴിലാളികളും തൊഴിലുടമയും ഒരുപോലെ പങ്കെടുക്കുന്ന സാംസ്കാരിക സംഗമങ്ങളും ഇവിടെ അരങ്ങേറുന്നു. ഇതിനായി പ്രത്യേകം ഹാളും ഈ ലേബര്‍ ക്യാമ്പില്‍ സജ്ജമാക്കിയിട്ടുണ്ട്.

joseph-kuttummel

തൊഴിലാളികളോടൊപ്പം ഒരു സാംസ്കാരിക സായാഹ്നം പങ്കിടുന്ന തൊഴിലുടമ

ഇത്തരത്തില്‍ തൊഴിലാളികള്‍ക്ക്‌ ആവശ്യമായ ഭൌതിക സാഹചര്യങ്ങള്‍ക്ക് പുറമേ മാനസിക ഉല്ലാസത്തിനുമുള്ള സൌകര്യങ്ങള്‍ ചെയ്തു കൊടുക്കുന്ന തൊഴിലുടമകളെയും കാണുവാന്‍ സാധിച്ചത് തങ്ങള്‍ക്ക് ഏറെ ആഹ്ലാദകരമായ അനുഭവമായി എന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.

പ്രവാസി മലയാളി പഠന കേന്ദ്രം എന്ന ആശയത്തിന് വന്‍ പിന്തുണയും ഇങ്ങനെ പലരില്‍ നിന്നും തങ്ങള്‍ക്കു ലഭിച്ചു. ഈ സംരംഭത്തില്‍ സഹകരിക്കാനായി പലരും മുന്‍പോട്ടു വന്നതും തങ്ങള്‍ക്കു ഏറെ പ്രചോദനം പകര്‍ന്നു. കോഴിക്കോടിന് പുറമേ ഏറണാകുളത്തും പഠന കേന്ദ്രം തുടങ്ങണം എന്ന ആവശ്യം ഷാര്‍ജയില്‍ പ്രശസ്തമായ ഒരു വിദ്യാലയത്തിന്റെ (പേര്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത) ഉടമ തങ്ങളോട്‌ ആവശ്യപ്പെടുകയും, ഇതിലേക്കായി ആലുവയിലുള്ള തന്റെ കെട്ടിടം ഉപയോഗത്തിനായി തങ്ങള്‍ക്ക് നല്‍കാം എന്ന് വാഗ്ദാനം ചെയ്യുകയും ഉണ്ടായി.

ഈ വിധത്തിലുള്ള പല സഹായങ്ങളും തങ്ങള്‍ക്കു ചെയ്തു തരികയും, ഈ സംരംഭത്തില്‍ തങ്ങളെ സഹായിക്കുവാനും, തങ്ങളോട് സഹകരിക്കുവാനും, ഇതില്‍ പങ്കാളികള്‍ ആകുവാനും മുന്‍പോട്ടു വരികയും ചെയ്ത എല്ലാ പ്രവാസി സുഹൃത്തുക്കളോടും തങ്ങള്‍ക്കു ഏറെ കൃതജ്ഞതയുണ്ട് എന്നും പ്രവാസി മലയാളി പഠന കേന്ദ്രം ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 055-9262130

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

125 of 1261020124125126

« Previous Page« Previous « പി. കെ. ഗോപിയുമായി ഒരു സായാഹ്നം പങ്കിടാം
Next »Next Page » മലയാളി സമാജം പ്രവര്‍ത്തന ഉദ്ഘാടനം »



  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine