അബുദാബി : ലുലു പൊന്നോണം എന്ന പേരില്‍ അബുദാബി മലയാളി സമാജം ലുലു ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾ സെപ്തംബർ 4 ഞായറാഴ്ച മുതൽ ആരംഭിക്കും എന്ന് സമാജം ഭാര വാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഓണാഘോഷങ്ങളിലെ ആദ്യ പരിപാടി യു. എ. ഇ. തല അത്തപ്പൂക്കള മത്സരം സെപ്തംബര്‍ നാല് ഞായറാഴ്ച വൈകുന്നേരം നാലു മണി മുതല്‍ മുസ്സഫ ക്യാപിറ്റൽ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നടക്കും.
പതിനഞ്ചോളം ടീമുകൾ മാറ്റുരക്കുന്ന പൂക്കള മത്സര ത്തിൽ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 2,000 ദിർഹം, രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 1,500 ദിർഹം, മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് 1,000 ദിർഹം സമ്മാനം നൽകും.
ലുലു ഹൈപ്പര്‍ മാര്‍ക്കറ്റും മലയാളി സമാജവും സംയുക്തമായി സംഘടിപ്പിക്കുന്ന പൂക്കള മത്സര പരിപാടിക്കു മാറ്റു കൂട്ടാന്‍ നാട്ടില്‍ നിന്നെത്തുന്ന കലാ പ്രതിഭകള്‍ പങ്കെടുക്കുന്ന വിവിധ പരിപാടികൾ അരങ്ങേറും. പിന്നണി ഗായിക അനിത ശൈഖ് നേതൃത്വം നല്‍കുന്ന സംഗീത പരിപാടിയും സമാജം ബാലവേദിയും വനിതാ വേദിയും അവതരി പ്പിക്കുന്ന വ്യത്യസ്തമായ കലാ പരിപാടികളും നടക്കും.
സമാജം ഓണ സദ്യ സെപ്തംബര്‍ 17 ശനിയാഴ്ച അബു ദാബി ഇന്ത്യ സോഷ്യല്‍ സെന്‍ററില്‍ നടക്കും. രണ്ടായിര ത്തില്‍ അധികം പേർക്കുള്ള ഓണ സദ്യയാണ് സമാജം ഈ വർഷം ഐ. എസ്. സി. യിൽ ഒരുക്കുന്നത്.
ഇതോട് അനുബന്ധിച്ച് വിവിധ സാംസ്കാരിക പരിപാടികള്‍, ഘോഷ യാത്ര, പ്രശസ്ത പിന്നണി ഗായകരായ സുമി അരവിന്ദ്, പ്രദീപ് ബാബു, നിഖിൽ തമ്പി എന്നിവര്‍ അവതരിപ്പിക്കുന്ന സംഗീത സദ്യ അടക്കം നിരവധി കലാ പരിപാടികളും അരങ്ങേറും.
മധുരം പൊന്നോണം എന്ന പേരിൽ സമാജം വനിതാ വിഭാഗം ഒരുക്കുന്ന ‘പായസം ചാലഞ്ച്’ സെപ്റ്റംബര്‍ 24 നു സമാജത്തിൽ നടക്കും.
സമാജം പ്രസിഡണ്ട് റഫീഖ് കയനയിൽ, ജനറൽ സെക്രട്ടറി എം. യു. ഇർഷാദ്, സമാജം കോഡിനേഷന്‍ ചെയര്‍മാന്‍ ബി. യേശുശീലന്‍, മീഡിയ കണ്‍വീനര്‍ പി. ടി. റഫീഖ് എന്നിവർ ആഘോഷ പരിപാടികളെ കുറിച്ച് വിശദീകരിച്ചു.
വൈസ് പ്രസിഡണ്ട് രേഖിന്‍ സോമന്‍, ട്രഷറര്‍ അജാസ് അപ്പാടത്ത്, അസി.ട്രഷറര്‍ അബ്ദുല്‍ റഷീദ്, വനിതാ വിഭാഗം കണ്‍വീനര്‍ അനുപ ബാനര്‍ജി, ഓഡിറ്റർ ഫസലുദ്ദീന്‍, ആര്‍ട്‌സ് സെക്രട്ടറി പി. ടി. റിയാസുദ്ധീന്‍, സാഹിത്യ വിഭാഗം സെക്രട്ടറി ടി. ഡി. അനില്‍ കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, കുട്ടികള്‍, പ്രവാസി, മലയാളി സമാജം, സംഘടന, സാംസ്കാരികം