ദുബായ് : പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനു ഇന്നലെ രാത്രി അച്ഛനും അമ്മയും മാറി മാറി ശകാരിച്ചപ്പോള്‍ പത്തു വയസുകാരി അഞ്ജലിക്ക് വിഷമം സഹിക്കാനായില്ല. രാത്രി മുഴുവന്‍ കരഞ്ഞ അവള്‍ വെളുപ്പിന് ആരും കാണാതെ വീട് വിട്ടു ഇറങ്ങി. സ്ക്കൂള്‍ ബസ് പോകുന്ന വഴിയിലൂടെ നടന്നു. രാവിലെ കുഞ്ഞിനെ കാണാതായ അച്ഛനും അമ്മയും നെട്ടോട്ടമായി. ഹിറ്റ് എഫ്. എം. റേഡിയോയില്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് റേഡിയോയിലും അറിയിപ്പ് നല്‍കി. പോലീസും സി. ഐ. ഡി. യുമെല്ലാം അന്വേഷണം ആരംഭിച്ചു. ഒടുവില്‍ ഒരു കൂട്ടുകാരിയുടെ ഫോണിലേക്ക് കുട്ടിയുടെ ഫോണ്‍ വന്നു. താന്‍ ദുബായ് ക്രീക്ക് പാര്‍ക്കിനടുത്തുണ്ട് എന്നായിരുന്നു സന്ദേശം. ഹിറ്റ് എഫ്. എം. പ്രവര്‍ത്തകരും പോലീസും ബന്ധുക്കളും ഉടന്‍ തന്നെ ക്രീക്ക് പാര്‍ക്കിലേക്ക് കുതിച്ചു. പാര്‍ക്കിലെ ഒരു സെക്യൂരിറ്റി ജീവനക്കാരന്റെ അടുത്ത് സുരക്ഷിതയായി കുട്ടിയെ കണ്ടതോടെയാണ് എല്ലാവര്ക്കും ആശ്വാസമായത്. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നായിരുന്നു കുട്ടി തന്റെ കൂട്ടുകാരിയെ വിളിച്ചത്.
അച്ഛനും അമ്മയും മാത്രമടങ്ങുന്ന ഗള്‍ഫിലെ കുട്ടികള്‍ക്ക് അച്ഛനമ്മമാര്‍ നല്‍കുന്ന മാനസിക പിന്തുണയും ആത്മ ധൈര്യവും ഏറെ ആവശ്യമാണ് എന്ന് പ്രമുഖ മനശാസ്ത്ര വിദഗ്ദ്ധന്‍ ഡോ. ജിതേഷ് മോഹന്‍ അഭിപ്രായപ്പെടുന്നു. മുതിര്‍ന്ന ബന്ധുക്കളോ, നാട്ടുകാരോ ഒന്നും സഹായത്തിനില്ലാത്ത പ്രവാസ ജീവിതത്തില്‍ കുട്ടികളെ നേരാംവണ്ണം ശ്രദ്ധിക്കാനോ അവരുടെ ആവശ്യങ്ങള്‍ അറിഞ്ഞ് പെരുമാറാനോ ജോലി തിരക്കിനിടയില്‍ അച്ഛനമ്മമാര്‍ക്ക് കഴിയാറില്ല. തങ്ങളുടെ തൊഴില്‍ അഭിവൃദ്ധിക്കു പുറകെ പായുന്നതിനിടയില്‍ കുഞ്ഞുങ്ങളുടെ ജീവിതത്തിലെ നഷ്ടങ്ങള്‍ ആരും ഗൌനിക്കാറുമില്ല. എന്നാല്‍ പെട്ടെന്ന് ഒരു നാള്‍, പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ അച്ഛനും അമ്മയും മാതാപിതാക്കള്‍ എന്ന നിലയില്‍ കുട്ടികളുടെ പഠനത്തില്‍ തങ്ങളുടെ ഭാഗം അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതോടെ കുട്ടികള്‍ ആശയ കുഴപ്പത്തില്‍ ആകുന്നു. ഇത്രയും നാള്‍ തന്നെ ശ്രദ്ധിക്കാഞ്ഞവര്‍ പൊടുന്നനെ തന്നെ സംഘം ചേര്‍ന്ന് ആക്രമിക്കുന്നതോടെ കുട്ടി പൂര്‍ണ്ണമായും ഒറ്റപ്പെടുന്നു. ഒരു സാന്ത്വനത്തിന് പോലും എവിടെയ്ക്കും തിരിയാന്‍ ഇല്ലാത്ത കുട്ടിക്ക് വീട് വിട്ടു എവിടേയ്ക്കെങ്കിലും കടന്നു കളയാനുള്ള തോന്നല്‍ സ്വാഭാവികമാണ് എന്നും ഡോ. ജിതേഷ് വിശദീകരിച്ചു.
പ്രവാസികള്‍ കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ സ്വീകരിച്ചേ മതിയാവൂ എന്നും ഡോക്ടര്‍ പറയുന്നു. നിര്‍ബന്ധമായും ദിവസേന അല്‍പ്പ നേരം കുട്ടികളുമായി സരസ സംഭാഷണം നടത്താന്‍ അച്ഛനും അമ്മയും സമയം കണ്ടെത്തണം. കുട്ടികളുടെ സാമൂഹ്യ ബന്ധങ്ങളും കൂട്ടുകാരെ പറ്റിയും ചോദിച്ചു മനസിലാക്കണം. ആരോഗ്യകരമായ ബന്ധങ്ങള്‍ മറ്റു കുട്ടികളുമായി വളര്‍ത്തി എടുക്കുന്നതില്‍ അവരെ പ്രോത്സാഹിപ്പിക്കണം. വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും മറ്റു കുട്ടികളുമായി ഇടപഴകാനും കളിക്കുവാനും ഉള്ള അവസരങ്ങള്‍ ഒരുക്കി കൊടുക്കണം. ഗള്‍ഫിലെ പ്രതികൂല സാഹചര്യത്തില്‍ ഇങ്ങനെയുള്ള പ്രത്യേക ശ്രദ്ധ കുട്ടികളുടെ കാര്യത്തില്‍ എടുക്കേണ്ടത് ഇത്തരം ദൌര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഒഴിവാക്കുന്നതിനു അത്യാവശ്യമാണ് എന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടി.
*പേര് സാങ്കല്‍പ്പികം
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, പ്രവാസി, വിദ്യാഭ്യാസം, സാമൂഹികം
വല്ലാത്ത കഷ്ടം തന്നെ…പാവം മക്കള്‍