അബുദാബി : അബുദാബി യില്‍ വടക്കേ മലബാറിലെ തെയ്യക്കോലം അതിന്‍റെ തനതു രൂപത്തില്‍ ഉറഞ്ഞാടി. മലബാറിലെ പ്രശസ്ത തെയ്യം കലാകാരനായ പയ്യന്നൂര്‍ ചന്തു പ്പണിക്കരാണ് അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ ‘കല അബുദാബി’യുടെ വാര്‍ഷികാ ഘോഷ വേദിയില്‍ ‘വിഷ്ണു മൂര്‍ത്തി’ തെയ്യത്തിന്‍റെ രൗദ്ര ഭാവങ്ങള്‍ അവതരിപ്പിച്ചത്. ത്രിസന്ധ്യ യില്‍ തൂണു പിളര്‍ന്ന് പ്രത്യക്ഷനായ നരസിംഹം ഉമ്മറ പ്പടിയില്‍ വെച്ച് ഹിരണ്യകശിപു വിനെ മാറ് പിളര്‍ന്ന് വധിക്കുന്ന തടക്കമുള്ള രംഗങ്ങള്‍ ചെണ്ടയുടെ രൗദ്ര താളത്തിന്‍റെ അകമ്പടി യോടെ ചന്തുപ്പണിക്കര്‍ അവതരിപ്പിച്ചപ്പോള്‍ അബുദാബി യിലെ കലാ സ്വാദകര്‍ക്ക് അത് പുതിയ ദൃശ്യാനുഭവമായി. പയ്യന്നൂര്‍ സുരേന്ദ്രന്‍ പണിക്കരാണ് ചെണ്ടവാദ്യ ത്തിന് നേതൃത്വം നല്‍കിയത്.
കല അബുദാബി യുടെ ഒരു മാസം നീണ്ട വാര്‍ഷികാ ഘോഷ പരിപാടി യുടെ സമാപന ച്ചടങ്ങില്‍ ‘കല’ അവാര്‍ഡുകളും വിതരണം ചെയ്തു. 2010 ലെ ‘കലാരത്‌നം’ അവാര്‍ഡ് പ്രശസ്ത സിനിമാ നടന്‍ ലാലു അലക്‌സിന് സണ്‍റെയ്‌സ് മെറ്റല്‍ വര്‍ക്‌സ് മാനേജിംഗ് ഡയറക്ടര്‍ ലൂയി കുര്യാക്കോസ് സമ്മാനിച്ചു. ‘മാധ്യമശ്രീ’ പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസ് ഡല്‍ഹി ബ്യൂറോ ചീഫ് പ്രശാന്ത് രഘുവംശം ‘നാഫ്‌കോ’ ഗ്രൂപ്പ് പ്രതിനിധി ശിവകുമാറില്‍ നിന്നു സ്വീകരിച്ചു.
അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ തിങ്ങി നിറഞ്ഞ സദസ്സില്‍ ‘കലാഞ്ജലി-2010’ന് ലാലു അലക്‌സ് ഭദ്രദീപം കൊളുത്തി. കല പ്രസിഡന്‍റ് അമര്‍സിംഗ് അദ്ധ്യക്ഷത വഹിച്ചു. ഐ. എസ്. സി. ആക്ടിംഗ് പ്രസിഡന്‍റ് ഡോ. രാജാ ബാലകൃഷ്ണന്‍, അബുദാബി മലയാളി സമാജം പ്രസിഡന്‍റ്. മനോജ് പുഷ്‌കര്‍, കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് കെ. ബി. മുരളി, അഹല്യ എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ വി. എസ്. തമ്പി, യു. എ. ഇ. എക്‌സ്‌ചേഞ്ച് മീഡിയാ മാനേജര്‍ കെ. കെ. മൊയ്തീന്‍കോയ എന്നിവര്‍ പ്രസംഗിച്ചു.
നാടക സംവിധായകന്‍ അശോകന്‍ കതിരൂര്‍, ബാലതാരം ബേബി നിരഞ്ജന, കല വനിതാ വിഭാഗം കണ്‍വീനര്‍ സോണിയ വികാസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ഒരു മാസക്കാലമായി കല നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് ലാലു അലക്‌സ് മൊമന്റോകള്‍ സമ്മാനിച്ചു. അവാര്‍ഡ്ദാന സമ്മേളന ത്തില്‍ കല ട്രഷറര്‍ മോഹന്‍ദാസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് അബുദാബി യിലെ നൃത്താദ്ധ്യാപകരുടെയും ശിഷ്യരുടെയും നേതൃത്വ ത്തില്‍ ‘കലാഞ്ജലി 2010’ അരങ്ങേറി. ചെണ്ടമേള ത്തിന് മഹേഷ് ശുകപുരം നേതൃത്വം നല്‍കി.
അയച്ചു തന്നത്: ടി. പി. ഗംഗാധരന്‍.
- pma