
താര സംഘടന A M M A യുടെ പ്രസിഡണ്ട് സ്ഥാനത്തു നിന്ന് മോഹൻലാൽ രാജി വെച്ചു. സംഘടനയിൽ അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടർന്നാണ് രാജി. 17 അംഗ A M M A എക്സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചു വിട്ടു.
ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് ഭരണ സമിതിയിലെ ചില ഭാര വാഹികൾ നേരിടേണ്ടി വന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, A M M A യുടെ നിലവിലുള്ള ഭരണ സമിതി, ധാർമ്മികമായ ഉത്തര വാദിത്വം മുൻ നിർത്തി രാജി വെക്കുന്നു എന്നാണു പ്രസിഡണ്ട് മോഹൻ ലാൽ സൂചിപ്പിച്ചത്.
ആരോപണം നേരിടേണ്ടി വന്ന A M M A ജനറൽ സെക്രട്ടറി നടൻ സിദ്ധീഖ് കഴിഞ്ഞ ദിവസം തൽസ്ഥാനം രാജി വെച്ചിരുന്നു. സെക്രട്ടറി സ്ഥാനം താൽക്കാലികമായി ഏൽക്കേണ്ടിയിരുന്ന നടൻ ബാബു രാജിനു എതിരെയും ലൈംഗിക ആരോപണം ഉയർന്നു.
ഇതോടെ താര സംഘടന കടുത്ത പ്രതി സന്ധിയിലും ഭരണ സമിതി സമ്മർദ്ദത്തിലും ആയി. നാല് ദിവസമായി കൊച്ചിയിലെ സംഘടനാ ഓഫീസ് അടച്ചു പൂട്ടിയ നിലയിൽ തുടരുന്നു എന്നാണു റിപ്പോർട്ട്.
എല്ലാ മാസവും ഒന്നാം തീയ്യതി തോറും മുതിർന്ന അംഗങ്ങൾക്കായി നൽകി വരുന്ന കൈനീട്ടവും ചികിത്സക്കായി നൽകി വരുന്ന സഹായവും തടസ്സം കൂടാതെ ലഭ്യമാക്കും.
അടുത്ത പൊതുയോഗം വരെ A M M A യുടെ ഓഫീസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും നിലവിലുള്ള ഭരണ സമിതി താൽക്കാലിക സംവിധാനം ഒരുക്കി യിട്ടുണ്ട്. രണ്ട് മാസത്തിനുള്ളിൽ പൊതു യോഗം ചേർന്ന് പുതിയ ഭരണ സമിതിയെ തെരഞ്ഞെടുക്കും.