കേന്ദ്ര മന്ത്രി പദവിയിൽ തുടരുമ്പോൾ സിനിമയിൽ അഭിനയിക്കാൻ നടന്‍ സുരേഷ് ഗോപിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവാദം നൽകുകയില്ല എന്ന് റിപ്പോർട്ട്. സിനിമാ അഭിനയം തുടരാൻ കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ തടസ്സമാവും.
സിനിമ തൻ്റെ പാഷൻ ആണ് എന്നും അഭിനയിക്കാൻ കഴിഞ്ഞില്ല എങ്കിൽ ചത്തു പോകും. സിനിമയിൽ അഭിനയിക്കുന്നതു കൊണ്ട് മന്ത്രി സ്ഥാനം പോയാൽ രക്ഷപ്പെട്ടു എന്നും സുരേഷ് ഗോപി പ്രഖ്യാപിച്ചിരുന്നു.
തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ നിന്നും മത്സരിച്ച് വൻ ഭൂരിപക്ഷത്തിൽ ജയിച്ചു വന്നു കേന്ദ്ര മന്ത്രി സ്ഥാനം ഏറ്റെടുത്തതിനു ശേഷം സുരേഷ് ഗോപിയെ ആദരിക്കുവാനായി കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച പരിപാടിയിൽ വെച്ചാണ് ഇത് പറഞ്ഞത്.
ഒറ്റക്കൊമ്പൻ എന്ന സിനിമയിൽ അഭിനയിക്കുവാൻ കേന്ദ്രത്തിൽ അനുവാദം ചോദിച്ചിട്ടുണ്ട്. മാത്രമല്ല രണ്ടു ഡസനോളം സിനിമകളുടെ സ്ക്രിപ്റ്റ് വായിച്ച് ഇഷ്ടപ്പെട്ടു ആർത്തിയോടെ കാത്തിരിക്കുകയാണ് അഭിനയിക്കാൻ.
‘ഇനിയെത്ര സിനിമ ചെയ്യാനുണ്ട് എന്നുള്ള അമിത് ഷായുടെ ചോദ്യത്തിന് ഇരുപത്തി രണ്ടോളം എന്ന് പറഞ്ഞപ്പോൾ അമിത് ഷാ ആ പേപ്പറു കെട്ട് ഒരു സൈഡിലേക്ക് എടുത്തങ്ങ് കളഞ്ഞു. സെപ്റ്റംബർ ആറിന് ഒറ്റക്കൊമ്പൻ തുടങ്ങുകയാണ്. എന്തു തന്നെയായാലും ഞാൻ സെപ്റ്റംബർ ആറിന് ഇങ്ങ് പോരും. ഇനി അതിൻ്റെ പേരിൽ അവർ എന്നെ പറഞ്ഞയക്കുകയാണെങ്കിൽ ഞാൻ രക്ഷപ്പെട്ടു എന്നേ പറയാനുള്ളൂ’ എന്നും സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപിയുടെ പ്രഖ്യാപനം ഏറെ ഗൗരവമായാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്. സിനിമയിൽ അഭിനയിക്കുന്നതു കൊണ്ട് മന്ത്രി സ്ഥാനം പോയാൽ രക്ഷപ്പെട്ടു എന്നുള്ള സുരേഷ് ഗോപിയുടെ പരാമര്‍ശം ബി. ജെ. പി. കേന്ദ്ര നേതൃത്വത്തിൻ്റെ കടുത്ത അതൃപ്തിക്കു കാരണം ആയിട്ടുണ്ട് മാത്രമല്ല അമിത് ഷായുടെ പേര് വിവാദ പ്രസംഗത്തില്‍ പരാമര്‍ശിച്ചതിലും അതൃപ്തി ഉണ്ട് എന്നാണു വിവരം.