കൊച്ചി : ക്ഷേത്ര പരിസരത്ത് ഒരു വിധത്തിലും ഉള്ള കായിക അഭ്യാസവും ആയുധ പരിശീലനവും അനുവദിക്കാന്‍ കഴിയില്ല എന്ന് ഹൈക്കോടതി. തിരുവനന്തപുരം ചിറയിന്‍കീഴ് ശാര്‍ക്കര ദേവി ക്ഷേത്രത്തില്‍ ആര്‍. എസ്. എസ്. ആയുധ പരിശീലനം നടത്തുന്നു എന്നു ചൂണ്ടിക്കാട്ടി ഭക്തര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
ക്ഷേത്ര പരിസരത്ത് കായിക അഭ്യാസം തടഞ്ഞ് അധികൃതര്‍ ഇറക്കിയ ഉത്തരവ് കൃത്യമായി പാലിക്കുന്നില്ല എന്നു കാണിച്ചു കൊണ്ടാണ് ഭക്തര്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ഉത്തരവ് പാലിക്കുന്നു എന്ന് ദേവസ്വം കമ്മീഷണര്‍ ഉറപ്പാക്കണം എന്നും കോടതി നിര്‍ദേശിച്ചു.
ഇതിനു വേണ്ടതായ സഹായം നല്‍കാന്‍ ചിറയിന്‍കീഴ് പോലീസിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ക്ഷേത്ര പരിസരത്ത് കായിക അഭ്യാസം നടക്കുന്നുണ്ട് എന്നും ഇത് നിര്‍ത്തണം എന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട് എന്നും പോലീസ് ഹൈക്കോടതിയില്‍ പറഞ്ഞു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലാണ് ഈ ക്ഷേത്രം. ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കേണ്ടത് ദേവസ്വം ബോര്‍ഡ് ആണെന്ന് കോടതി പറഞ്ഞു. Twitter